
നേരത്തേ കളിച്ച പരമ്പരകളിലേതു പോലെ പരീക്ഷണങ്ങള്‍ നടത്താന്‍ ഇനി ഇന്ത്യക്കു മുന്നില്‍ സമയമില്ല. വരാനിരിക്കുന്ന ഓരോ മല്‍സരങ്ങളും ഇന്ത്യക്കു ഒരുപോലെ നിര്‍ണായകമാണ്. ഇവയിലെല്ലാം തങ്ങള്‍ക്കു ലഭ്യമായതില്‍ വച്ച് ഏറ്റവും മികച്ച ടീമിനെ ഇന്ത്യ ഇറക്കുകയും വേണം. ലോകകപ്പിനുള്ള തയ്യാറെടുപ്പുകള്‍ എത്രത്തോളമെത്തിയെന്നും ടീം കോമ്പിനേഷന്‍ ശരിയാണോയെന്നും ഈ മല്‍സരങ്ങളിലൂടെ ഇന്ത്യക്കു ഉത്തരം ലഭിക്കും. അതിനാല്‍ തന്നെ ഓസീസ്, സൗത്താഫ്രിക്ക എന്നിവരുമായുള്ള ടി20 പരമ്പരകളില്‍ ഇന്ത്യ ഒരേ ടീമിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഓസീസുമായുള്ള ടി20 പരമ്പരയില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പ്ലെയിങ് ഇലവനില്‍ ആരൊക്കെയുണ്ടാവുമെന്നു പരിശോധിക്കാം.

രോഹിത്, രാഹുല്‍, കോലി
ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലും ചേര്‍ന്നായിരിക്കും ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യുക. കഴിഞ്ഞ ഏഷ്യാ കപ്പില്‍ ഈ ജോടി പ്രതീക്ഷിച്ചതു പോലെ ക്ലിക്കായിരുന്നില്ല. ടൂര്‍ണമെന്റില്‍ ഒരേയൊരു ഫിഫ്റ്റി മാത്രമാണ് രണ്ടു പേരും നേടിയത്. ശക്തമായ ബൗളിങ് ആക്രമണമുളള ഓസിസിനെതിരേ രോഹിത്തും രാഹുലും മികച്ച തുടക്കം നല്‍കിയില്ലെങ്കില്‍ അതു പിന്നീട് ക്രീസിലെത്തുന്നവരെ പ്രതിരോധത്തിലാക്കും.
രണ്ടു പേരില്‍ നിന്നും വലിയ ഇന്നിങ്‌സുകള്‍ ടീം പരമ്പരയില്‍ പ്രതീക്ഷിക്കുന്നുണ്ട്.

മൂന്നാം നമ്പറില്‍ മുന്‍ നായകന്‍ വിരാട് കോലിയായിരിക്കും ബാറ്റ് ചെയ്യുക. കഴിഞ്ഞ ഏഷ്യാ കപ്പിലൂടെ അദ്ദേഹം ബാറ്റിങിലെ പഴയ മാജിക്കല്‍ ടച്ച് വീണ്ടെുത്തു കഴിഞ്ഞു. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളുമടക്കം 275 റണ്‍സ് കോലി അടിച്ചെടുത്തിരുന്നു. ഇനി ഓസീസിനെതിരേയും തന്റെ റണ്‍വേട്ട തുടരാനായിരിക്കും അദ്ദേഹത്തിന്റെ ശ്രമം.
Road Safety Series: രോഹിത്തിനേക്കാള്‍ ചെറുപ്പം, കളിക്കുന്നത് വെറ്ററന്‍സ് ലീഗില്‍!

സൂര്യ, റിഷഭ്/ ഡിക്കെ, ഹാര്‍ദിക്, അക്ഷര്‍
നാലാം നമ്പറില്‍ ഇന്ത്യയുടെ സ്വന്തം മിസ്റ്റര്‍ 360യായ സൂര്യകുമാര്‍ യാദവിന്റെ ഊഴമായിരിക്കും. കഴിഞ്ഞ ഏഷ്യാ കപ്പില്‍ സൂര്യയില്‍ നിന്നും പ്രതീക്ഷിച്ചതു പോലെയൊരു പ്രകടനം കണ്ടില്ല. ദുര്‍ബരായ ഹോങ്കോങുമായുള്ള ഗ്രൂപ്പ് മല്‍സരത്തിലെ തീപ്പൊരി ഫിഫ്റ്റി മാറ്റിനിര്‍ത്തിയാല്‍ ശരാശരിയിലും താഴെയായിരുന്നു സ്‌കൈയുടെ പ്രകടനം. ഓസീസിനെതിരേ ഇതിന്റ ക്ഷീണം തീര്‍ക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം.

അഞ്ചാം നമ്പറില്‍ ആരെന്ന കാര്യത്തിലാണ് ഇന്ത്യക്കു പ്രധാന കണ്‍ഫ്യൂഷന്‍. റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക് എന്നിവരിലൊരാളെ മാത്രമേ ഇന്ത്യക്കു കളിപ്പിക്കാനാവുകയുള്ളൂ. ഏഷ്യാ കപ്പിലെയും സമീപകാലത്തെയും പ്രകടനങ്ങള്‍ റിഷഭിനു തിരിച്ചടിയാണ്. ഇടംകൈയന്‍ ബാറ്ററാണെന്നതു മാത്രമാണ് ഏക പ്ലസ് പോയിന്റ്. എന്നാല്‍ ഡിക്കെയാവട്ടെ വിക്കറ്റ് കീപ്പിങിനെപ്പം ഫിനിഷറുടെ റോളും ഭംഗിയായി നിറവേറ്റും. അതിനാല്‍ കാര്‍ത്തിക്കിനു പ്രഥമ പരിഗണന ലഭിച്ചേക്കും.

ഡിക്കെയാണ് ടീമിലെത്തുന്നതെങ്കില്‍ ഹാര്‍ദിക്കിനു അഞ്ചാം നമ്പറിലേക്കു പ്രൊമോഷന്‍ ലഭിക്കും. കാര്‍ത്തിക് ആറാമനായുമെത്തും. അതിനു ശേഷം ഇടംകൈയന്‍ സ്പിന്നറും ബാറ്ററുമായ അക്ഷര്‍ പട്ടേലിന്റെ ഊഴമായിരിക്കും. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ പകരക്കാരനായ അക്ഷറിനു ഇന്ത്യ പരമാവധി അവരങ്ങള്‍ നല്‍കുമെന്നുറപ്പാണ്.

ഹര്‍ഷല്‍, ഭുവി, ബുംറ, ചഹല്‍
ബൗളിങ് ലൈനപ്പിലേക്കു വന്നാല്‍ മൂന്ന് ഫാസ്റ്റ് ബൗളര്‍മാരും ഒരു സ്പിന്നറുമായിരിക്കും ഇന്ത്യയുടെ പ്ലെയിങ് ഇലവനിലുണ്ടാവുക. ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവര്‍ പേസ് ബൗളിങ് കൈകാര്യം ചെയ്യുമ്പോള്‍ യുസ്വേന്ദ്ര ചഹല്‍ സ്പിന്നിനു നേതൃത്വം നല്‍കും. പരിക്കു കാരണം ബുംറയ്്ക്കും ഹര്‍ഷലിനും കഴിഞ്ഞ ഏഷ്യാ കപ്പ് നഷ്ടമായിരുന്നു.

ഫിറ്റ്‌നസ് വീണ്ടെടുത്ത് മടങ്ങിയെത്തിയ ഇരുവരും ഓസീസിനെതിരേ എങ്ങനെയാവും പെര്‍ഫോം ചെയ്യുകയെന്നു എല്ലാവരും ഉറ്റുനോക്കുകയാണ്. ഭുവിയും ബുംറയും ന്യൂബോള്‍ കൈകാര്യം ചെയ്യുമ്പോള്‍ മധ്യ ഓവറുകളിലും ഡെത്തിലുമായിരിക്കും ഹര്‍ഷല്‍ പന്തെറിയുക. ഹാര്‍ദിക് പാണ്ഡ്യയായിരിക്കും ഇന്ത്യയുടെ ആറാമത്തെ ബൗളിങ് ഓപ്ഷന്‍.


Click it and Unblock the Notifications