IND vs AUS: ദുരന്തമായി വീണ്ടും ബൗളിങ്, കംഗാരുക്കളുടെ അടിയേറ്റ് ഇന്ത്യ വീണു!
മൊഹാലി: ഏഷ്യാ കപ്പിനു പിന്നാലെ ബൗളിങ് വീണ്ടും ദുരന്തമായി മാറിയപ്പോള്‍ ഓസ്‌ട്രേലിക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്കു തോല്‍വി. 208 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ നേടിയിട്ടും അതു പ്രതിരോധിക്കാന്‍ സാധിക്കാതെയാണ് ഇന്ത്യ പരാജയത്തിലേക്കു കൂപ്പുകുത്തിയത്. ആറു വിക്കറ്റിന്റെ ഉജ്ജ്വല വിജയമാണ് കംഗാരുപ്പട സ്വന്തമാക്കിയത്. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 1-0നു മുന്നിലെത്തുകയും ചെയ്തു. പരമ്പരയിലെ അടുത്ത മല്‍സരം വെള്ളിയാഴ്ച നടക്കും.

209 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റ് ചെയ്ത ഓസീസ് നാലു ബോളും വിക്കറ്റും ബാക്കിനില്‍ക്കെ ഇന്ത്യയുടെ കഥ കഴിക്കുകയായിരുന്നു. 61 റണ്‍സെടുത്ത യുവ ഓപ്പണര്‍ കാമറോണ്‍ ഗ്രീനാണ് ഓസീസിന്റെ ഹീറോയായത്. 30 ബോളില്‍ എട്ടു ബൗണ്ടറികളും നാലു സിക്‌സറുമുള്‍പ്പെട്ടതാണ് താരത്തിന്റെ ഇന്നിങ്‌സ്. ഗ്രീന്‍ മടങ്ങിയ ശേഷം മാത്യു വേഡിന്റെ (45*) കിടിലന്‍ ഫിനിഷിങ് ഓസീസിനു മിന്നുന്ന ജയം സമ്മാനിച്ചു.

21 ബോളില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. 35 റണ്‍സെടുത്ത സ്റ്റീവ് സ്മിത്താണ് മറ്റൊരു പ്രധാന സ്‌കോറര്‍. ഇന്ത്യന്‍ ബൗളിങില്‍ മൂന്നു വിക്കറ്റെടുത്ത അക്ഷര്‍ പട്ടേലൊഴികെ ബാക്കിയെല്ലാവരും റണ്‍സ് വാരിക്കോരി നല്‍കി. ഉമേഷ് യാദവിനു രണ്ടു വിക്കറ്റ് ലഭിച്ചു.
ടീം ഇന്ത്യയിലേക്ക് ഉമേഷിന്റെ സര്‍പ്രൈസ് തിരിച്ചുവരവ്, എന്തുകൊണ്ട് ഇവര്‍ക്കും സാധിക്കില്ല?

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യ ആറു വിക്കറ്റിനു 208 റണ്‍സ് വാരിക്കൂട്ടുകയായിരുന്നു. ഹാര്‍ദിക് പാണ്ഡ്യയുടെ (71*) തീപ്പൊരി ബാറ്റിങാണ് ഇന്ത്യയെ 200ന് മുകളില്‍ നേടാന്‍ സഹായിച്ചത്. വെറും 30 ബോളിലാണ് ഏഴു ബൗണ്ടറികളും അഞ്ചു സിക്‌സറുമടക്കം ഹാര്‍ദിക് ഓസീസിനെ തല്ലിച്ചതച്ചത്. ഇന്ത്യന്‍ ഇന്നിങ്‌സിലെ അവസാനത്തെ മൂന്നു ബോളും അദ്ദേഹം സിക്‌സറിലേക്കു പറത്തി. കാമറോണ്‍ ഗ്രീന്‍ എറിഞ്ഞ 20ാം ഓവറില്‍ 21 റണ്‍സാണ് ഇന്ത്യക്കു ലഭിച്ചത്. അവസാന അഞ്ചോവറില്‍ 67 റണ്‍സും ഇന്ത്യ സ്‌കോര്‍ ചെയ്തു.

ഹാര്‍ദിക്കിനെക്കൂടാതെ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ കെഎല്‍ രാഹുല്‍ (55) സൂര്യകുമാര്‍ യാദവുമാണ് (46) ഇന്ത്യയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. 35 ബോളില്‍ നാലു ബൗണ്ടറികളും മുന്നു സിക്‌സറുമുള്‍പ്പെട്ടതാണ് രാഹുലിന്റെ ഇന്നിങ്‌സ്. വെറും 25 ബോളിലാണ് നാലു സിക്‌സറും രണ്ടു ബൗണ്ടറികളുമടക്കം സൂര്യ 46 റണ്‍സെടുത്തത്.

നായകന്‍ രോഹിത് ശര്‍മ (11), വിരാട് കോലി (2), അക്ഷര്‍ പട്ടേല്‍ (6), ദിനേശ് കാര്‍ത്തിക് (6) എന്നിവരൊന്നും കാര്യമായ സംഭാവന നല്‍കാതെ ക്രീസ് വിട്ടു. ഓസീസിനായി നതാന്‍ എല്ലിസ് മൂന്നു വിക്കറ്റുകളെടുത്തപ്പോള്‍ ജോഷ് ഹേസല്‍വുഡ് രണ്ടു വിക്കറ്റും നേടി.
ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. പവര്‍പ്ലേയില്‍ തന്നെ രോഹിത്, കോലി എന്നിവരെ നഷ്ടമായിരുന്നു. തുടര്‍ന്നാണ് രാഹുല്‍- സൂര്യ ജോടി 68 റണ്‍സുമായി ഇന്ത്യയെ കളിയിലേക്കു തിരിച്ചുകൊണ്ടു വന്നത്.

ടോസ് ലഭിച്ച ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരിക്കില്‍ നിന്നു മോചിതനായി മടങ്ങിയെത്തിയ സ്റ്റാര്‍ പേസര്‍ ജസ്രപ്രീത് ബുംറ ഈ മല്‍സരത്തില്‍ കളിക്കുന്നില്ല. പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കാത്തതാണ് കാരണമെന്നും അടുത്ത രണ്ടു കളിലും ഇറങ്ങിയേക്കുമെന്നും രോഹിത് ശര്‍മ വ്യക്തമാക്കി. റിഷഭ് പന്ത് ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ നിന്നും പുറത്തായി. പകരം ദിനേശ് കാര്‍ത്തിക്കാണ് കളിക്കുന്നത്. ഓസീസിനായി വെടിക്കെട്ട് താരവും ഓള്‍റൗണ്ടറുമായ ടിം ഡേവിഡ് ഈ മല്‍സരത്തിലൂടെ അരങ്ങേറി. നേരത്തേ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സിംഗപ്പൂരിന്റെ താരമായിരുന്നു അദ്ദേഹം.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, യുസ്വേന്ദ്ര ചഹല്‍, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്.
ഓസ്ട്രേലിയ- ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), കാമറോണ്‍ ഗ്രീന്‍, സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്സ്വെല്‍, ജോഷ് ഇംഗ്ലിസ്, ടിം ഡേവിഡ്, മാത്യു വേഡ് (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ്, നതാന്‍ എല്ലിസ്, ആദം സാംപ, ജോഷ് ഹേസല്‍വുഡ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications