IND vs AUS: ഓസീസിന് പിഴച്ചത് എവിടെ? ആ തന്ത്രം പാളി- തുറന്ന് പറഞ്ഞ് പാറ്റ് കമ്മിന്‍സ്

നാഗ്പൂര്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഒന്നാം സ്ഥാനക്കാരും ലോകക്രിക്കറ്റിലെ വമ്പന്‍ ശക്തികളുമായ ഓസ്‌ട്രേലിയക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് നാഗ്പൂരില്‍ നേരിട്ടത്. 2004ന് ശേഷം ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടാന്‍ കെല്‍പ്പുള്ളവരെന്ന് വിലയിരുത്തപ്പെട്ട ടീമുമായാണ് ഇത്തവണ ഓസ്‌ട്രേലിയയെത്തിയത്.
കരുത്തരായ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ഇന്ത്യയിലേക്കെത്തിയ ഓസീസ് ടീമിന് നാഗ്പൂരില്‍ ഇന്നിങ്‌സ് തോല്‍വിയാണ് നേരിട്ടത്. ഇന്നിങ്‌സിനും 132 റണ്‍സിനും തോറ്റ് നാണംകെടേണ്ടി വന്ന ഓസീസിന് പിഴച്ചത് എവിടെയാണെന്നതാണ് പ്രധാന ചോദ്യങ്ങളിലൊന്ന്.
ഇന്ത്യയില്‍ കളിച്ച് അനുഭവസമ്പത്തുള്ളവരാണ് മിക്ക ഓസീസ് താരങ്ങളും. ഇന്ത്യയുടെ സ്പിന്‍ കെണി ഉറപ്പായതിനാല്‍ത്തന്നെ മികച്ച മുന്നൊരുക്കവുമായാണ് ഓസീസ് ഇറങ്ങിയതും. എന്നിട്ടും സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ ഓസീസ് കളിമറന്നു.
ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ ഓസീസിനായില്ല. ഒരവസരത്തിലും ഇന്ത്യക്ക് സമ്മര്‍ദ്ദം നല്‍കാന്‍ ഓസീസിനായില്ലെന്ന് പറയാം. വലിയ നാണക്കേടും പരിഹാസവും നേരിടേണ്ടി വന്നതോടെ എവിടെയാണ് തങ്ങള്‍ക്ക് പിഴച്ചതെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ്.

ഇന്ത്യയുടെ ബൗളര്‍മാരുടെ മികവ്
ഓസ്‌ട്രേലിയയുടെ തോല്‍വിയില്‍ നായകന്‍ പാറ്റ് കമ്മിന്‍സ് കാരണം പറയുന്നത് തങ്ങളുടെ പിഴവിനെക്കാള്‍ കൂടുതല്‍ ഇന്ത്യയുടെ സ്പിന്നര്‍മാരുടെ മികവിനെയാണ്. 'ഞങ്ങളുടെ തോല്‍വിയുടെ പ്രധാന കാരണം ഇന്ത്യയുടെ മികച്ച ബൗളിങ്ങാണ്. രണ്ട് മാസ്റ്റര്‍ സ്പിന്നര്‍മാര്‍ അവര്‍ക്കുണ്ട്.
അവര്‍ നന്നായി പന്തെറിയുന്നു. അടുത്ത മത്സരങ്ങളിലും കാര്യങ്ങള്‍ക്ക് വലിയ മാറ്റമുണ്ടാവുമെന്ന് കരുതുന്നില്ല. അതുകൊണ്ട് തന്നെ പുതിയ തന്ത്രങ്ങളാണ് കണ്ടെത്തേണ്ടത്. ഇതേ സാഹചര്യത്തില്‍ ഇതേ ടീമിനെവെച്ച് എന്താണ് വ്യത്യസ്തമായി ചെയ്യാനാവുകയെന്നാണ് ചിന്തിക്കേണ്ടത്. പ്രകടനം മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്നാണ് കരുതുന്നത്'-കമ്മിന്‍സ് പറഞ്ഞു.
Also Read: IND vs AUS: സൂര്യ ഫ്‌ളോപ്പ്, സര്‍ഫറാസിന്റെ ശാപം! ഗില്ലിനെ വിളിക്കൂ- ആരാധക പ്രതികരണം

പ്രധാന ബാറ്റ്‌സ്മാന്‍മാര്‍ ഫ്‌ളോപ്പായി
ഓസ്‌ട്രേലിയയെ തളര്‍ത്തിയത് സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാര്‍ ഫ്‌ളോപ്പായതാണെന്ന് പറയാം. ഉസ്മാന്‍ ഖ്വാജ, ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, മര്‍നസ് ലബ്യുഷെയ്ന്‍ എന്നിവരാണ് ഓസീസ് ബാറ്റിങ്ങിന്റെ നട്ടെല്ല്. ഇവരെല്ലാം സീനിയര്‍ താരങ്ങളും ഇന്ത്യന്‍ സാഹചര്യങ്ങള്‍ നന്നായി അറിയാവുന്നവരുമാണ്.
ഇവരില്‍ നിന്ന് വലിയ പ്രകടനം ഓസീസ് പ്രതീക്ഷിച്ചെങ്കിലും ഇവര്‍ക്ക് അതിനൊത്ത് ഉയരാനായില്ല. ഇതാണ് ഓസീസിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചത്. മത്സരശേഷം ഓസീസ് ബാറ്റിങ് മികവിനൊത്ത് ഉയരാത്തതാണ് തോല്‍വിക്ക് കാരണമെന്ന് സ്മിത്തും അഭിപ്രായപ്പെട്ടിരുന്നു.

ഞങ്ങള്‍ തിരിച്ചുവരും
ചില സമയങ്ങളില്‍ ഇത്തരം തോല്‍വികള്‍ വളരെയധികം ടീമിനെ പിന്നോട്ടടിക്കും. മത്സരത്തിന്റെ സാഹചര്യം മനസിലാക്കി ശക്തമായ പ്രകടനം നടത്തി തിരിച്ചുവരികയാണ് വേണ്ടത്. അതിന് ഓരോ താരങ്ങളും ബെസ്റ്റ് പ്രകടനം ഉറപ്പാക്കണം.
കഴിഞ്ഞ 12 മാസത്തോളമായി മികച്ച ക്രിക്കറ്റാണ് ഞങ്ങള്‍ കളിക്കുന്നത്. അധികം തോല്‍വികള്‍ വഴങ്ങിയിട്ടില്ല. അതുകൊണ്ട് തന്നെ വലിയ മാറ്റങ്ങള്‍ വേണ്ടിവരുമെന്ന് കരുതുന്നില്ല. നിലവിലെ പദ്ധതികളില്‍ വ്യത്യസ്തമായ സമീപനമാണ് വേണ്ടത്'- കമ്മിന്‍സ് കൂട്ടിച്ചേര്‍ത്തു.
Also Read: IND vs AUS: ടെസ്റ്റില്‍ കോലി കിതക്കുന്നു! വീണ്ടും ഫ്‌ളോപ്പ്- 2022മുതലുള്ള കണക്കുകളിതാ

സ്പിന്‍ നിര വെല്ലുവിളി
ഇന്ത്യയുടെ സ്പിന്നര്‍മാര്‍ തന്നെയാണ് അടുത്ത മത്സരത്തിലും ഓസീസിന് വെല്ലുവിളി. അശ്വിന്റെ അതേ ബൗളിങ് ആക്ഷനുള്ള താരത്തെ ഉപയോഗിച്ച് പരിശീലനം നടത്തിയിട്ടും ജഡേജയുടെയും അക്ഷറിന്റെയും ബൗളിങ് വീഡിയോ കണ്ട് പഠിച്ചിട്ടും ഓസീസിന് മികവ് കാട്ടാനായില്ല. ഈ സാഹചര്യത്തില്‍ ഇനിയെന്തെന്നതാണ് ഓസീസിന്റെ മുന്നിലെ പ്രധാന ചോദ്യം.
പരിക്കും ഓസീസിനെ തളര്‍ത്തുന്നു. മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവരുടെ പരിക്ക് ഓസീസിനെ പ്രയാസപ്പെടുത്തുന്നു. ക്രിസ് ഗ്രീനും പരിക്കിന്റെ പിടിയിലായി. ഇവര്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത് തിരിച്ചെത്തിയാല്‍ ഇന്ത്യക്ക് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്താന്‍ ഓസീസിന് സാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications