
ഐസിസിയുടെ പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാരത്തിനു വേണ്ടി പരിഗണനയിലുള്ള മൂന്നു താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടു. ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയും ഇംഗ്ലണ്ട് നായകനും ലോക ഒന്നാംനമ്പര്‍ ബാറ്റ്‌സ്മാനുമായ ജോ റൂട്ടും ഈ ലിസ്റ്റിലുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് ഇരുവരെയും പരിഗണിക്കാന്‍ കാരണം. ഇവരെക്കൂടാതെ പാകിസ്താന്റെ യുവ പേസര്‍ അഫ്രീഡിയാണ് ലിസ്റ്റിലെ മൂന്നാമന്‍. കഴിഞ്ഞ മാസം ദേശീയ ടീമുകള്‍ക്കു വേണ്ടി ടെസ്റ്റ് ഫോര്‍മാറ്റില്‍ മൂന്നു പേരും മികച്ച പ്രകടനം നടത്തിയിരുന്നു.
ഇന്ത്യക്കെതിരേ മൂന്നു ടെസ്റ്റുകളില്‍ കഴിഞ്ഞ മാസം കളിച്ച റൂട്ട് റണ്‍മഴ പെയ്യിച്ചിരുന്നു. ഇവയലിലെല്ലാം ഓരോ സെഞ്ച്വറികളും അദ്ദേഹം നേടിയിരുന്നു. ബുംറയുടെ കാര്യമെടുത്താല്‍ ഇന്ത്യന്‍ ബൗളിങിന്റെ കുന്തമുനയായത് അദ്ദേഹമായിന്നു. ആദ്യത്തെ മൂന്നു ടെസ്റ്റുകളില്‍ നിന്നും 15 വിക്കറ്റുകളായിരുന്നു അദ്ദേഹം കൊയ്തത്. കൂടാതെ 63 റണ്‍സുമായി ബാറ്റിങിലും ബുംറ മോശമല്ലാത്ത സംഭാവന നല്‍കിയിരുന്നു.
ഷഹീന്‍ അഫ്രീഡിയുടെ കാര്യമെടുത്താല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ അവരുടെ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ അദ്ദേഹം കസറിയിരുന്നു. രണ്ടു ടെസ്റ്റുകളുടെ പരമ്പര 1-1നു സമനിലയില്‍ കലാശിച്ചപ്പോള്‍ പാക് പേസാക്രമണത്തിനു ചുക്കാന്‍ പിടിച്ചത് അദ്ദേഹമായിരുന്നു. രണ്ടാംടെസ്റ്റിലെ 10 വിക്കറ്റ് നേട്ടമുള്‍പ്പെടെ 18 വിക്കറ്റുകള്‍ അഫ്രീഡി പിഴുതിരുന്നു. ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ടെങ്കിലും രണ്ടാം ടെസ്റ്റില്‍ ജയിച്ചാണ് പാകിസ്താന്‍ പരമ്പര 1-1നു അവസാനിപ്പിച്ചത്.

ക്രിക്കറ്റ് പ്രേമികള്‍ക്കും ഐസിസിയുടെ പ്ലെയര്‍ ഓഫ് ദി മന്തിനെ തിരഞ്ഞെടുക്കാന്‍ അവകാശമുണ്ട്. ഐസിസിയുടെ വെബ്‌സൈറ്റില്‍ കയറി ഈ ശനിയാഴ്ച വരെ വോട്ടിങ് രേഖപ്പെടുത്താം. അടുത്ത തിങ്കളാഴ്ചയാണ് വിജയിയെ ഐസിസി പ്രഖ്യാപിക്കുന്നത്.
വനിതാ വിഭാഗം നോമിനികള്‍
വനിതകളുടെ പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാരത്തിനായി നാമനിര്‍ദേശം ചെയ്യപ്പെട്ടവരില്‍ മുന്‍നിര ടീമുകളില്‍ നിന്നുള്ള ആരും തന്നെയില്ല. അയര്‍ലാന്‍ഡിന്റെ രണ്ടു പേരും ഒരു തായ്‌ലാന്‍ഡ് താരവുമാണ് ചുരുക്കപ്പട്ടികയിലുള്ളത്. ഗാബി ലൂയിസ്, ഐമിയര്‍ റിച്ചാര്‍ഡ്‌സന്‍ എന്നിവരാണ് ലിസ്റ്റിലെ ഐറിഷ് താരങ്ങളെങ്കില്‍ തായ്‌ലാന്‍ഡില്‍ നിന്നും നറുക്കുവീണത് നട്ടായ ബൂച്ചാത്താമിനാണ്.

കഴിഞ്ഞ മാസം ജര്‍മനിക്കെതിരേ നടന്ന ടി20 മല്‍സരത്തില്‍ ഐറിഷ് ടീമിനു വേണ്ടി നേടിയ സെഞ്ച്വറിയാണ് ഗാബിയെ പുരസ്‌കാര പട്ടികയിലെത്തിച്ചത്. വനിതകളുടെ ടി20യില്‍ സെഞ്ച്വറിയടിച്ച ആദ്യ ഐറിഷ് താരമായും അവര്‍ മാറിയിരുന്നു. ഐസിസിയുടെ വനിതകളുടെ ടി20 ലോകകപ്പ് യൂറോപ്യന്‍ ക്വാളിഫയറില്‍ 76 റണ്‍സും ഏഴു വിക്കറ്റുകളുമെടുത്തതോടെയാണ് ഐമിയര്‍ ലിസ്റ്റിലെത്തിയത്. സിംബാബ്‌വെയ്ക്കതിരായ പരമ്പരയിലെ മികച്ച പ്രകടനം നട്ടായയെയും അന്തിമ ലിസ്റ്റിലേക്കു കൊണ്ടു വന്നു.