വേഗത എനിക്കൊരു പ്രശ്‌നമല്ല, ഉമ്രാനേക്കാള്‍ വേഗത്തില്‍ ബൗള്‍ ചെയ്യും! പാക് പേസര്‍ പറയുന്നു

ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി ഷുഐബ് അക്തറായി മാറുമെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്ന താരമാണ് കശ്മീരില്‍ നിന്നുള്ള യുവ ഫാസ്റ്റ് ബൗളര്‍ ഉമ്രാന്‍ മാലിക്ക്. ഇതിനകം പല തവണ 150 കിമിക്ക് മുകളില്‍ പല തവണ ബൗള്‍ ചെയ്ത് അദ്ദേഹം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു കഴിഞ്ഞു. അക്തറിന്റെ ലോക റെക്കോര്‍ഡ് തകര്‍ക്കുകയാണ് തന്റെ ലക്ഷ്യമെന്നു ഉമ്രാന്‍ അടുത്തിടെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
നിലവില്‍ ഇന്ത്യക്കു വേണ്ടി ഏറ്റവും വേഗമേറിയ പന്തെറിഞ്ഞ ബൗളറെന്ന റെക്കോര്‍ഡ് അദ്ദേഹത്തിനു അവകാശപ്പെട്ടതാണ്. കഴിഞ്ഞ മാസം ശ്രീലങ്കയ്‌ക്കെതിരേ സമാപിച്ച മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലാണ് 156 കിമി വേഗതയില്‍ ബൗള്‍ ചെയ്ത് ഉമ്രാന്‍ ചരിത്രം കുറിച്ചത്.
ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി നടത്തിയിട്ടുള്ള മിന്നുന്ന പ്രകടനങ്ങളിലൂടെയാണ് ഉമ്രാന്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇതു കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ടീമിലേക്കു പേസര്‍ക്കു വഴി തുറക്കുകയും ചെയ്തു. തുടക്കത്തിലെ മല്‍സരങ്ങളില്‍ റണ്ണൊഴുക്ക് പിടിച്ചുനിര്‍ത്താന്‍ ഉമ്രാന്‍ വിഷമിച്ചെങ്കിലും പിന്നീട് ഓരോ കളി കഴിയുന്തോറും പ്രകടനം കൂടുതല്‍ മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്. അതിനിടെ ഉമ്രാന്‍ സ്ഥാപിച്ച 156 കിമിയന്നെ റെക്കോര്‍ഡ് തകര്‍ക്കാന്‍ തനിക്കാവുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് പാകിസ്താനില്‍ നിന്നുള്ള അണ്‍ക്യാപ്ഡ് യുവ പേസര്‍ സമാന്‍ ഖാന്‍.

പിഎസ്എല്ലില്‍ തകര്‍ക്കും
പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ (പിഎസ്എല്‍) ഉമ്രാന്‍ മാലിക്കിന്റെ ഇന്ത്യന്‍ റെക്കോര്‍ഡ് താന്‍ തകര്‍ക്കുമെന്നാണ് സമാന്‍ ഖാന്‍ വ്യക്തമാക്കിയിരിക്കുന്നത്.ദൈവം സഹായിച്ചാല്‍ ഈ സീസണിലെ പിഎസ്എല്ലില്‍ ഉമ്രാന്‍ സ്ഥാപിച്ച റെക്കോര്‍ഡ് തിരുത്തിക്കുറിക്കാന്‍ എന്നെക്കൊണ്ടു കഴിയും എന്നാണ് ഒരു പ്രാദേശിക പാക് മാധ്യമത്തോടു സംസാരിക്കവെ സമാന്‍ പറഞ്ഞത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ പാകിസ്താനു വേണ്ടി താരം ഇനിയും അരങ്ങേറിയിട്ടില്ല. എന്നാല്‍ കരിയറില്‍ ഏഴു ലിസ്റ്റ് എ മല്‍സരങ്ങളിലും 30 ടി20കളിലും സമാന്‍ കളിച്ചുകളിഞ്ഞു.

വേഗത പ്രശ്‌നമില്ല
നിങ്ങള്‍ ബൗളിങിലെ വേഗതയെക്കുറിച്ച് പറയുകയാണെങ്കില്‍ എനിക്ക് അതൊരു വലിയ കാര്യമല്ല. ഞാന്‍ വേഗതയേക്കാള്‍ പ്രകടനങ്ങളാണ് കൂടുതല്‍ ശ്രദ്ധിക്കുന്നത്.
പ്രകടനങ്ങളാണ് ഏറ്റവും പ്രധാനം. വേഗതയെന്നത് നിങ്ങള്‍ക്കു സ്വാഭാവികമായി തന്നെ ലഭിക്കുന്നതാണെന്നും പാക് ടിവി.ടിവിയുടെ യൂട്യൂബ് വീഡിയോയില്‍ സമാന്‍ ഖാന്‍ പറഞ്ഞു. 21 കാരനായ പേസര്‍ പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ ലാഹോര്‍ ക്വലന്ദേഴ്‌സിനു വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. ഊ മാസം 13 മുതല്‍ മാര്‍ച്ച് 19 വരെയാണ് പിഎസ്എല്ലിന്റെ പുതിയ സീസണ്‍ നടക്കാനിരിക്കുന്നത്.
കരിയറില്‍ ഇതുവരെ കളിച്ച 30 ടി20കളില്‍ നിന്നും 8.26 ഇക്കോണമി റേറ്റില്‍ 40 വിക്കറ്റുകളാണ് സമാന്‍ നേടിയത്. ഒരു നാലു വിക്കറ്റ് നേട്ടവും ഇതിലുള്‍പ്പെടുന്നു. കഴിഞ്ഞ സീസണിലെ പിഎസ്എല്ലില്‍ 18 വിക്കറ്റുകളുമായി എമേര്‍ജിങ് പ്ലെയര്‍ പുരസ്‌കാരവും സമാനെ തേടിയെത്തിയിരുന്നു.
Also Read: ചാരുവിനെ ആദ്യം കണ്ടത് കാന്റീനില്‍ വച്ച്, പ്രണയത്തിന്റെ തുടക്കം എങ്ങനെ? സഞ്ജു പറയുന്നു

ഉമ്രാന്റെ കരിയര്‍
ഇന്ത്യയുടെ വൈറ്റ് ബോള്‍ ടീമുകളില്‍ തന്റെ സ്ഥാനമുറപ്പിച്ചുകൊണ്ടിരിക്കുകയാണ് ഉമ്രാന്‍ മാലിക്ക്. ടി20യേക്കാള്‍ ഏകദിനത്തിലാണ് താരം കൂടുതല്‍ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്നത്. ടി20യില്‍ റണ്‍സ് ഒരുപാട് വിട്ടുകൊടുക്കുന്നുവെന്നത് ഉമ്രാന്റെ പോരായ്മയാണ്.
ഇതുവരെ എട്ടു വീതം ടി20കളിലും ഏകദിനങ്ങളിലുമാണ് ഉമ്രാന്‍ കളിച്ചിട്ടുള്ളത്. ഏകദിനത്തില്‍ 13ഉം ടി20യില്‍ 11ഉം വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. 2021ലെ ഐപിഎല്ലിലൂടെയായിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി ഉമ്രാന്റെ അരങ്ങേറ്റം.
ടി നടരാജന്‍ പരിക്കേറ്റ് പിന്‍മാറിയതിനെ തുടര്‍ന്ന് പകരക്കാരനായ ഉമ്രാനെ ടീമിലെടുക്കുകയായിരുന്നു. കളിച്ച ചുരുക്കം മല്‍സരങ്ങളില്‍ മിന്നുന്ന പ്രകടനവുമായി താരം എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications