ഞാന്‍ ചെയ്യുന്നത് ഒന്നുമാത്രം- ഫോമിന്റെ രഹസ്യം ഒടുവില്‍ ജഡേജ വെളിപ്പെടുത്തി
ഇന്ത്യന്‍ ടീമില്‍ മൂന്നു ഫോര്‍മാറ്റുകളിലും അവിഭാജ്യഘടകമായി മാറിയ താരമാണ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് തുടങ്ങി മൂന്നിലും ഒരുപോലെ മികവ് പുലര്‍ത്തുന്ന അദ്ദേഹം ഏതു ടീമും ആഗ്രഹിക്കുന്ന താരം കൂടിയാണ്. ഇംഗ്ലണ്ടിനെതിരേ ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മല്‍സരത്തിലും ജഡ്ഡു തിളങ്ങിയിരുന്നു. സമനിലയില്‍ കലാശിച്ച ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യക്കു 95 റണ്‍സിന്റെ ലീഡ് നേടിത്തരുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. 56 റണ്‍സ് ജഡേജ നേടിയിരുന്നു. 86 ബോളില്‍ എട്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമായിരുന്നു ഇത്.
ആര്‍ അശ്വിനു പകരം ടീമിലെ ഏക സ്പിന്നറായി ആദ്യ ടെസ്റ്റില്‍ ജഡേജയെ ഇന്ത്യ കളിപ്പിക്കുകയായിരുന്നു. ബൗളിങില്‍ വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും ആദ്യ ഇന്നിങ്‌സിലെ ഫിഫ്റ്റിയോടെ അദ്ദേഹം ഇതിന്റെ ക്ഷീണം തീര്‍ത്തു. വ്യാഴാഴ്ച ലോര്‍ഡ്‌സില്‍ ആരംഭിക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റിലും ജഡേജ ടീമിലുണ്ടാവാനാണ് സാധ്യത. തന്റെ ഫോമിന്റെ രഹസ്യത്തെക്കുറിച്ച് മനസ്സ്തുറക്കുകയാണ് ജഡ്ഡു.

സന്തുലിതമായ ടീം
കഴിഞ്ഞ രണ്ടു മാസത്തോളമായി ഞങ്ങള്‍ യുകെയിലുണ്ട്. ഞങ്ങള്‍ക്കു നന്നായി തയ്യാറെടുക്കാനും കഴിഞ്ഞു. പ്രത്യേകിച്ചും ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ തയ്യാറെടുപ്പ് ആവശ്യമാണ്. 2018ലെ ഇംഗ്ലീഷ് പര്യടനത്തില്‍ ഞങ്ങള്‍ അല്‍പ്പം നിര്‍ഭാഗ്യവാന്‍മാരായിരുന്നു.
വളരെ സന്തുലിതമായ ടീമായിരുന്നു നമ്മുടേത്. മികച്ച ഫാസ്റ്റ് ബൗളര്‍മാരും സ്പിന്നര്‍മാരും മികച്ച ബാറ്റ്‌സ്മാന്‍മാരുമെല്ലാം നമുക്കുണ്ടായിരുന്നു. മാത്രമല്ല യുവനിര കൂടിയായിരുന്നു നമ്മുടേത്. അതുകൊണ്ടു തന്നെ ഇത്തവണ ഇംഗ്ലണ്ടില്‍ പരമ്പര വിജയിക്കാന്‍ നമുക്കു നല്ല അവസരമാണ് ലഭിച്ചിരിക്കുന്നതെന്നും ജഡേജ വിശദമാക്കി.

ഫോമിന്റെ രഹസ്യം
ഫോമിന്റെ കാര്യമെടുത്താല്‍ എന്റെ ഭൂരിഭാഗം കഴിവിലും മാറ്റമൊന്നും വരുത്തിയിട്ടില്ല. സ്വന്തം കഴിവില്‍ വിശ്വസിക്കുകയാണ് സാധാരണയായി ചെയ്യുന്നത്. ഒപ്പം കഴിവിന്റെ പരമാവധി നല്‍കാനും ശ്രമിക്കാറുണ്ട്. ഇതാണ് മുമ്പത്തെയും ഇപ്പോഴത്തെയും എന്റെ സമീപനത്തില്‍ വന്ന വ്യത്യാസം.
ഒരു മല്‍സരത്തിനു മുമ്പ് സ്വന്തം കഴിവിലാണ് ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കാറുള്ളത്. കൂടുതല്‍ നന്നാക്കാന്‍ എന്തു ചെയ്യാം, മെച്ചപ്പെടുത്താന്‍ എന്തു ചെയ്യണം. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് ഇവയില്‍ ഏതിലാണ് മെച്ചപ്പെടാനുള്ളത്. ഇവയെക്കുറിച്ചൊക്കെ ചിന്തിക്കും. ഓരോ മല്‍സരം തോറും കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടുത്താനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. മല്‍സരത്തിനു മുമ്പ് ഒരുപാട് മാറ്റങ്ങള്‍ക്കൊന്നും മുതിരാറില്ല. സ്വയം പിന്തുണയ്ക്കുകയും വിശ്വസിക്കുകയുമാണ് ചെയ്യുന്നതെന്നും ജഡേജ കൂട്ടിച്ചേര്‍ത്തു.

കോലിയെന്ന ക്യാപ്റ്റന്‍
വിരാട് കോലിക്കു കീഴില്‍ അണ്ടര്‍ 19 തലം മുതല്‍ കളിച്ചുകൊണ്ടിരിക്കുന്ന താരമാണ് ജഡേജ. കോലി നയിച്ച ടീം അണ്ടര്‍ 19 ലോകകപ്പില്‍ ചാംപ്യന്‍മാരായപ്പോള്‍ ടീമില്‍ അദ്ദേഹവുമുണ്ടായിരുന്നു.
ക്യാപ്റ്റനെന്ന നിലയില്‍ കോലി ഇപ്പോള്‍ വളരെയേറെ പക്വത കൈവരിച്ചതായി ജഡ്ഡു പറയുന്നു. കോലി എല്ലായ്‌പ്പോഴും വളരെ പോസിറ്റീവായി ചിന്തിക്കുന്ന താരമാണ്. എതിരാളി ആരായാലും എല്ലായ്‌പ്പോഴും വിജയത്തിനു വേണ്ടിയാണ് അദ്ദേഹം ശ്രമിക്കാറുള്ളത്. അത് ഒരു വലിയ മല്‍സരമായാലും സാധാരണ പരമ്പരയായാലും കോലിയുടെ വിജയതൃഷ്ണയില്‍ മാറ്റമുണ്ടാവാറില്ല. വളരെയധികം ആധിപത്യം പുലര്‍ത്തുന്ന അദ്ദേഹം ടീമിനുള്ളില്‍ മികച്ച അന്തരീക്ഷവും സൃഷ്ടിച്ചെടുക്കുന്നു. കോലിയുടെ ക്യാപ്റ്റന്‍സിയിലെ ഏറ്റവും വലിയ പ്ലസ് പോയിന്റാണ് ഇതാണ്. മാത്രമല്ല ഗ്രൗണ്ടില്‍ എല്ലായ്‌പ്പോഴും വളരെ അഗ്രസീവായി അദ്ദേഹം നില്‍ക്കുന്നതായും ജഡേജ വ്യക്തമാക്കി.

ടി20 ലോകകപ്പ്
യുഎയില്‍ നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ രണ്ടാംഘട്ട മല്‍സരങ്ങളില്‍ ഐസിസിയുടെ ടി20 ലോകകപ്പിനുള്ള മികച്ച തയ്യാറെടുപ്പാണെന്നു ജഡേജ ചൂണ്ടിക്കാട്ടി. ഇംഗ്ലണ്ട് പര്യടനത്തിനു തൊട്ടു പിന്നാലെയാണ് ഐപിഎല്‍ വരുന്നത്. അതു തീര്‍ച്ചയായും ടി20 ലോകകപ്പിനായി നല്ല തയ്യാറെടുപ്പ് നടത്താന്‍ സഹായിക്കും. മാത്രമല്ല ഐപിഎല്ലും ലോകകപ്പും യുഎഇയില്‍ തന്നെയാണെന്നത് മറ്റൊരു പ്ലസ് പോയിന്റാണ്. ഇതു ഞങ്ങളെ ഒരുപാട് സഹായിക്കുമെന്നും ജഡേജ അഭിപ്രായപ്പെട്ടു.
സപ്തംബറിലാണ് ഐപിഎല്ലിന്റെ രണ്ടാംഘട്ട മല്‍സരങ്ങള്‍ യുഎഇയില്‍ നടക്കുന്നത്. ഒക്ടോബറില്‍ ടി20 ലോകകപ്പിനു തുടക്കമാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications