IND vs ENG: ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ ആരൊക്കെ? മായങ്ക്, ഹാര്‍ദിക് പുറത്താവും- സാധ്യതാ ടീം നോക്കാം
ചെന്നൈ: ഓസ്‌ട്രേലിയന്‍ പര്യടനം വിജയകരമായി പൂര്‍ത്തിയാക്കിയ ടീം ഇന്ത്യയുടെ അടുത്ത എതിരാളികള്‍ മറ്റൊരു വമ്പന്‍മാരായ ഇംഗ്ലണ്ടാണ്. ദൈര്‍ഘ്യമേറിയ ഇന്ത്യന്‍ പര്യടനത്തില്‍ ഇംഗ്ലീഷ് ടീം മൂന്നു ഫോര്‍മാറ്റുകളിലും പരമ്പര കളിക്കുന്നുണ്ട്. നാലു ടെസ്റ്റുകളുടെ പരമ്പരയോടെയാണ് ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ ദൗത്യത്തിനു തുടക്കമാവുന്നത്.
ഫെബ്രുവരി അഞ്ചു മുതല്‍ ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റും ഇതേ വേദിയില്‍ തന്നെയാണ്. ആദ്യ രണ്ടു ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ നേരത്തേ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ സാധ്യതാ പ്ലെയിങ് ഇലവന്‍ ഈ രണ്ടു ടെസ്റ്റുകളില്‍ എങ്ങനെയായിരിക്കുമെന്നു നമുക്ക് പരിശോധിക്കാം.

മായങ്കിന് ഇടം ലഭിക്കില്ല
ഓസ്‌ട്രേലിയക്കെതിരേയുള്ള കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ പുതിയ ഓപ്പണിങ് സഖ്യമായ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ക്ലിക്കായതോടെ ഇംഗ്ലണ്ടിനെതിരേയും ഇന്ത്യ ഈ ജോടിയെ തന്നെ നിലനിര്‍ത്താന്‍ സാധ്യതയാണ്. ഇതോടെ നേരത്തേ രോഹിത്തിന്റെ ഓപ്പണിങ് പങ്കാളിയായിരുന്ന മായങ്ക് അഗര്‍വാളിനു സ്ഥാനം നഷ്ടമാവും. കഴിഞ്ഞ ഓസീസ് പര്യടനത്തിലെ മോശം പ്രകടനമാണ് താരത്തിനു വിനയായിരിക്കുന്നത്.
രോഹിത്- ഗില്‍ ജോടി ഓപ്പണ്‍ ചെയ്യുമ്പോള്‍ മൂന്നാമന്‍ പതിവുപോലെ ചേതേശ്വര്‍ പുജാര തന്നെയായിരിക്കും. ക്യാപ്റ്റന്‍ വിരാട് കോലി നാലാം നമ്പറിലും വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ തൊട്ടു താഴെയും കളിക്കും.

പന്ത് തുടരും
വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് തന്നെ ഇന്ത്യക്കു വേണ്ടി ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും തുടരും. ഇതോടെ വൃധിമാന്‍ സാഹ പുറത്തിരിക്കും. ഓസ്‌ട്രേലിയക്കെതിരേയുള്ള കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ രണ്ടു ഫിഫ്റ്റികളുമായി പന്ത് തിളങ്ങിയിരുന്നു.
ബ്രിസ്ബണിലെ ഗാബയില്‍ നടന്ന നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ റണ്‍ടേസ് നടത്തി ഇന്ത്യ ചരിത്ര വിജയം കൊയ്തപ്പോള്‍ ഹീറോയായത് പന്തായിരുന്നു. പുറത്താവാതെ 89 റണ്‍സെടുത്ത അദ്ദേഹം മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. രഹാനെയ്ക്കു പിന്നില്‍ ആറാമനായി പന്ത് തന്നെ ബാറ്റിങ് തുടരും.

ഓള്‍റൗണ്ടര്‍മാര്‍
ചെന്നൈയിലെ പിച്ച് സ്പിന്‍ ബൗളിങിനെ തുണയ്ക്കുന്നതിനാല്‍ രണ്ടു സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരെ ഇന്ത്യ കളിപ്പിക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ഹാര്‍ദിക് പാണ്ഡ്യക്കു അവസരം ലഭിച്ചേക്കില്ല. ഓസ്‌ട്രേലിയക്കെതിരേ ഗാബയില്‍ നടന്ന ടെസ്റ്റിലൂടെ അരങ്ങേറി മികച്ച പ്രകടനം നടത്തിയ വാഷിങ്ടണ്‍ സുന്ദറിനൊപ്പം പരിചയസമ്പന്നനായ ആര്‍ അശ്വിനും ടീമിലെത്തും. പരിക്കു കാരണം ഗാബ ടെസ്റ്റില്‍ അശ്വിനു പുറത്തിരിക്കേണ്ടി വന്നിരുന്നു.
ജസ്പ്രീത് ബുംറയോടൊപ്പം പരിക്കു ഭേദമായി തിരിച്ചെത്തിയ ഇഷാന്ത് ശര്‍മയുമായിരിക്കും പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുക. മൂന്നാമത്തെ പേസര്‍ മുഹമ്മദ് സിറാജാവാനാണ് സാധ്യത. ഓസീസിനെതിരായ പരമ്പരയില്‍ ഇന്ത്യക്കായി കൂടുതല്‍ വിക്കറ്റുകളെടുത്തത് സിറാജായിരുന്നു. 13 വിക്കറ്റുകളാണ് അദ്ദേഹത്തിനു ലഭിച്ചത്. ബൗളിങിനൊപ്പം ബാറ്റിങുമറിയാവുന്ന ശര്‍ദ്ദുല്‍ താക്കൂറും ചെന്നൈ ടെസ്റ്റില്‍ അവസരത്തിനായി കാത്തിരിക്കുന്നുണ്ട്.

ആദ്യ രണ്ടു ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീം
വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത്, അക്ഷര്‍ പട്ടേല്‍, ചേതേശ്വര്‍ പുജാര, കെഎല്‍ രാഹുല്‍, വൃധിമാന്‍ സാഹ, ഇഷാന്ത് ശര്‍മ, രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ശര്‍ദ്ദുല്‍ താക്കൂര്‍, വാഷിങ്ടണ്‍ സുന്ദര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications