ആറു ബോളില്‍ സഞ്ജു ആറു സിക്‌സടിച്ചു! ശ്രീയുടെ 'തള്ള്', അതില്‍ ദ്രാവിഡ് വീണു

ഐപിഎല്ലില്‍ ഒരു മലയാളി താരത്തിനു ഏതെങ്കിലുമൊരു ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനാവാന്‍ അവസരം ലഭിക്കുമെന്നു 2021 വരെ ആരും സ്വപ്‌നം പോലും കണ്ടിരുന്നില്ല. എന്നാല്‍ എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ടായിരുന്നു പ്രഥമ സീസണിലെ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായി കേരളത്തിന്റെ അഭിമാന താരം സഞ്ജു സാംസണിനെ നിയമിക്കുന്നത്. റോയല്‍സ് ഫ്രാഞ്ചൈസി ഇങ്ങനെയൊരു സര്‍പ്രൈസ് നീക്കം നടത്തുമെന്നു ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല.
2013 മുതല്‍ റോയല്‍സിനൊപ്പമുള്ള സഞ്ജുവിനു ഈ ടീം ഒരു കുടുംബം പോലെയാണ്. അതുകൊണ്ടു തന്നെയാവാം താരത്തിനു ഉചിതമായ സമയമെത്തിയപ്പോള്‍ ക്യാപ്റ്റന്‍സിയും അവര്‍ നല്‍കിയതെന്നാണ് സൂചനകള്‍. 2022ലെ ഐപിഎല്ലില്‍ റോയല്‍സിനെ ഫൈനല്‍ വരെയെത്തിച്ച് അദ്ദേഹം തന്റെ നേതൃമികവ് തെളിയിക്കുകയും ചെയ്തിരുന്നു.
റോയല്‍സ് ടീമിന്റെ നായകസ്ഥാനത്തു വരെ ഇപ്പോള്‍ താന്‍ എത്തി നില്‍ക്കുന്നതിനു സഞ്ജു ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് ഇന്ത്യയുടെ മുന്‍ ഫാസ്റ്റ് ബൗളറുമായ ശ്രീശാന്തിനോടാണ്. കാരണം മുന്‍ റോയല്‍സ് താരം കൂടിയായ ശ്രീ മുന്‍കൈയെടുത്തതു കൊണ്ടു മാത്രമാണ് സഞ്ജുവിനു റോയല്‍സില്‍ ട്രയല്‍സില്‍ പങ്കെടുക്കാനും തുടര്‍ന്നു ടീമിന്റെ ഭാഗമാവാനും സാധിച്ചത്. ഒരു അഭിമുഖത്തില്‍ വന്നപ്പോള്‍ ഇതേക്കുറിച്ചു സഞ്ജു വെളിപ്പെടുത്തുകയും ചെയ്തിരുന്നു. വിശദമായി അറിയാം.

ട്രയല്‍സിനു കൊണ്ടുപോയി
രാജസ്ഥാന്‍ റോയല്‍സില്‍ തന്നെ ട്രയല്‍സിനു കൊണ്ടുപോയത് ശ്രീശാന്ത് ആണെന്നു സഞ്ജു സാംസണ്‍ പറയുന്നു. കേരള ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട ഞാന്‍ അന്നു അണ്ടര്‍ 19 തലത്തില്‍ കളിച്ചുകൊണ്ടിരിക്കുകയാണ്. ശ്രീ ഭായ് (ശ്രീശാന്ത്) ആയിരുന്നു അപ്പോള്‍ കേരള ടീമിന്റെ ക്യാപ്റ്റന്‍.
അണ്ടര്‍ 19 തലത്തില്‍ ഞാന്‍ സെഞ്ച്വറി നേടിയത് ശ്രീ ഭായ് അറിഞ്ഞിരുന്നു.
ഇതേ തുടര്‍ന്നു എന്തുകൊണ്ടാണ് സഞ്ജു കേരള ടീമില്‍ ഇല്ലാത്തതെന്നും തിരിച്ചുവിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെസിഎ സെക്രട്ടറിയെ യും മറ്റു അധികൃതരെയും വിളിച്ച് ശ്രീ ഭായ് ഇക്കാര്യം ആവശ്യപ്പെടുകയും തന്നെ കേരള ടീമിലേക്കു തിരിച്ചുകൊണ്ടു വരികയും ചെയ്തതായി സഞ്ജു വിശദമാക്കി.

കേരളത്തിനായി മികച്ച ഇന്നിങ്‌സ്
കേരള ടീമിലെത്തിയതിനു പിന്നാലെ ഒരു നിര്‍ണായക മല്‍സരത്തിലാണ് ഞാന്‍ കളിച്ചത്. അതു ജയിച്ചിരുന്നെങ്കില്‍ ടീമിനു നോക്കൗട്ടിലേക്കു യോഗ്യത നേടാമായിരുന്നു. കേരളത്തിനായി രണ്ടിന്നിങ്‌സുകളിലും മികച്ച ബാറ്റിങ് കാഴ്ചവയ്ക്കാന്‍ എനിക്കു സാധിച്ചു. ആദ്യ ഇ്ന്നിങ്‌സില്‍ 140യും രണ്ടാമിന്നിങ്‌സില്‍ 70ഉം സ്‌കോര്‍ ചെയ്തിരുന്നു.
ശ്രീ ഭായ് അന്നാണ് എന്റെ ബാറ്റിങ് ആദ്യമായി കാണുന്നത്. ഞാന്‍ ഓരോ ഫോറും സിക്‌സറുമടിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ആവേശവും ശബ്ദവും എനിക്കു ഗ്രൗണ്ടില്‍ കേള്‍ക്കാമായിരുന്നു. ശ്രീ ഭായിയുടെ പ്രോല്‍സാഹനം എന്നെ കൂടുതല്‍ ഉത്തേജിപ്പിക്കുകയും ചെയ്തു.
രണ്ടു മാസം കഴിഞ്ഞാല്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ട്രയല്‍സുണ്ടെന്നും നിന്നെ ഞാന്‍ കൊണ്ടു പോവാമെന്നും മല്‍സരശേഷം ശ്രീ ഭായ് തന്നോടു പറയുകയും ചെയ്തതായും സഞ്ജു വെളിപ്പെടുത്തി.
Also Read: IPL 2023: ഇവര്‍ക്ക് മുടക്കിയ കോടികള്‍ വെള്ളത്തിലാവും! ഏറ്റവും ക്ഷീണം മുംബൈയ്ക്ക്?

ദ്രാവിഡിനെ പരിചയപ്പെടുത്തി
രാജസ്ഥാന്‍ റോയല്‍സിലെത്തും മുമ്പ് ഞാന്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സ് ടീമിനൊപ്പമുണ്ടായിരുന്നു. ഈ സമയത്താണ് റോയല്‍സ് ക്യാപ്റ്റനായിരുന്ന രാഹുല്‍ സാറിനു (രാഹുല്‍ ദ്രാവിഡ്) എന്നെ ശ്രീ ഭായ് പരിചയപ്പെടുത്തി കൊടുക്കുന്നതെന്നു സഞ്ജു സാംസണ്‍ വ്യക്തമാക്കി.
കൊല്‍ക്കത്തയില്‍ റോയല്‍സ് ടീം വന്നപ്പോള്‍ അതേ ഹോട്ടലില്‍ ഞാനുമുണ്ടായിരുന്നു. ശ്രീ ഭായിയും ഞാനും സംസാരിക്കവെയാണ് രാഹുല്‍ ഭായ് അതിലൂടെ കടന്നുവന്നത്. ഉടന്‍ ശ്രീ ഭായ് അദ്ദേഹത്തിനു അടുത്തേക്കു പോയി തന്നെ പരിചയപ്പെടുത്തുകയായിരുന്നുവെന്നും സഞ്ജു മനസ്സുതുറന്നു.
Also Read: IPL 2023: മുംബൈ കപ്പടിക്കുമെന്ന് ആരും കരുതേണ്ട! രണ്ടു വമ്പന്‍ വീക്ക്‌നെസുകള്‍

ഒരോവറില്‍ ആറു സിക്‌സര്‍
ഒരോവറില്‍ ആറു സിക്‌സറടിച്ച ബാറ്ററെന്നു പറഞ്ഞായിരുന്നു രാഹുല്‍ ദ്രാവിഡിനു തന്നെ ശ്രീശാന്ത് പരിചയപ്പെടുത്തിയതെന്നു സഞ്ജു സാംസണ്‍ ചിരിയോടെ പറയുന്നു.
സഞ്ജു വളരെ മികച്ച ബാറ്ററാണ്. കേരളത്തിലെ ഒരു ടൂര്‍ണമെന്റില്‍ ആറു ബോളില്‍ ആറു സിക്‌സറുകള്‍ നേടിയിട്ടുണ്ട്, ഭയങ്കര ബാറ്ററാണ് എന്നാക്കെ തള്ളിവിട്ടു. പക്ഷെ ഞാന്‍ ആറു ബോളില്‍ ആറു സിക്‌സൊന്നും അടിച്ചിട്ടില്ല. സഞ്ജു തീര്‍ച്ചയായും റോയല്‍സില്‍ കളിക്കേണ്ടയാളാണെന്നും അവനെ ട്രയല്‍സിനു വിളിക്കണമെന്നുമെല്ലാം അഭ്യര്‍ഥിച്ചു. അതുകേട്ട രാഹുല്‍ സാര്‍ വളരെയധികം താല്‍പ്പര്യം കാണിച്ചു.
അടുത്ത വര്‍ഷം ഇവനെ ട്രയല്‍സിനായി കൊണ്ടു വരണമെന്നു നിര്‍ദേശിക്കുകയും ചെയ്തു. അങ്ങനെയാണ് റോയല്‍സില്‍ ട്രയസില്‍ പങ്കെടുത്തതെന്നും തുടര്‍ന്നു ടീമില്‍ സെലക്ഷന്‍ ലഭിച്ചതെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications