രണ്ടു ലോകകപ്പ് നേട്ടം, സഞ്ജുവിനേക്കാള്‍ മുമ്പ് കേരളത്തിന്റെ അഭിമാനമായ ശ്രീ- ആസ്തിയറിയാം

ഐപിഎല്ലിലെ ഒത്തുകളി വിവാദത്തില്‍ അകപ്പെട്ടില്ലായിരുന്നുവെങ്കില്‍ ഇന്ത്യയുടെ എറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായി തീര്‍ച്ചയായും വാഴ്ത്തപ്പെടുമായിരുന്ന താരമാണ് ശ്രീശാന്ത്. അഗ്രസീവ് ബൗളിങിന്റെ വക്താവായിരുന്ന അദ്ദേഹം ഒരു സമയത്തു പേസ് ബൗളിങില്‍ ടീമിന്റെ തുറുപ്പുചീട്ടുമായിരുന്നു. രണ്ടു തവണ ഇന്ത്യക്കൊപ്പം ലോകകപ്പ് കിരീടനേട്ടത്തില്‍ പങ്കാളിയാവാന്‍ ഭാഗ്യം ലഭിച്ച ആദ്യത്തെ മലയാളി കൂടിയാണ് ശ്രീശാന്ത്.
2007ലെ പ്രഥമ ടി20 ലോകകപ്പിന്റെ ഫൈനലില്‍ ചിരവൈരികളായ പാകിസ്താനെതിരേ അവസാന താരത്തിന്റെ ക്യാച്ചെടുത്ത് ഇന്ത്യയുടെ ഹീറോയായത് ശ്രീശാന്തായിരുന്നു. അന്നു പാക് നായകന്‍ മിസ്ബാഹുല്‍ ഹഖിനെയായിരുന്നു അദ്ദേഹം പിടികൂടിയത്. അതിനു ശേഷം 2011ല്‍ എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ഏകദിന ലോകകപ്പില്‍ ചാംപ്യന്‍മാരായപ്പോഴും അദ്ദേഹം ടീമിന്റെ ഭാഗമായിരുന്നു.
ഇന്ത്യക്കു വേണ്ടി മൂന്നു ഫോര്‍മാറ്റുകളിലും കളിക്കാന്‍ ഭാഗ്യം ലഭിച്ച ആദ്യ മലയാളിയും ശ്രീയാണ്. കരിയര്‍ വളരെ നന്നായി മുന്നോട്ടുപോകവെയായിരുന്നു 2013ലെ ഐപിഎല്ലിനിടെ അദ്ദേഹം വാതുവയ്പ് കേസില്‍ കുടുങ്ങിയത്. പിന്നാലെ ബിസിസിഐ ശ്രീയെ വിലക്കുകയും ചെയ്തു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ അദ്ദേഹത്തെ നിരപരാധിയെന്നു കണ്ടെത്തി കുറ്റവിമുക്തനാക്കി. പക്ഷെ ബിസിസിഐ വിലക്ക് പിന്‍വലിക്കാതെ ഉറച്ചുനിന്നു.
പിന്നീട് വര്‍ഷങ്ങളോളം നീണ്ട നിയമപോരാട്ടത്തില്‍ ശ്രീ വിലക്ക് മാറ്റിയെടുത്തെങ്കിലും ഒരുപാട് വൈകിപ്പോയിരുന്നു. അപ്പോഴേക്കും അദ്ദേഹത്തിന്റെ കരിയറിലെ നല്ല സമയവും അവസാനിച്ചിരുന്നു. ഒടുവില്‍ ദേശീയ ടീമിലേക്കു മടങ്ങിയെത്തുകയെന്ന സ്വപ്‌നം പൊലിഞ്ഞതോടെ വിരമിക്കുകയും ചെയ്തു. ശ്രീശാന്തിന്റെ ആസ്തിയെക്കുറിച്ചും വീടിനെയും കാറുകളെക്കുറിച്ചുമെല്ലാം അറിയാം.

ശ്രീയുടെ ആസ്തി
2022 വരെയുള്ള കണക്കുകള്‍ പ്രകാരം ശ്രീശാന്തിന്റെ ആകെയുള്ള ആസ്തി 7.5 കോടിയോളം രൂപയാണെന്നാണ് ലഭ്യമായ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലായിരുന്നു അദ്ദേഹം ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചത്.
ഐപിഎല്ലില്‍ ഒരിക്കല്‍ക്കൂടി കളിക്കണമെന്നു ആഗ്രഹിച്ച ശ്രീ മെഗാ ലേലത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിരുന്നു. 50 ലക്ഷം രൂപയായിരുന്നു അടിസ്ഥാന വില. പക്ഷെ അദ്ദേഹത്തിന്റെ പേര് പോലും ലേലത്തില്‍ വിളിക്കപ്പെട്ടില്ല. ഇതോടെ ശ്രീയുടെ അവസാന പ്രതീക്ഷയും പൊലിയുകയായിരുന്നു. ഇതോടെയാണ് കളി മതിയാക്കാന്‍ അദ്ദേഹം തീരുമാനിച്ചത്.
2016ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്കു വേണ്ടി ശ്രീശാന്ത് മല്‍സരിച്ചിരുന്നു. അന്നു അദ്ദേഹം സമര്‍പ്പിച്ച രേഖകള്‍ പ്രകാരം ആകെ ആസ്തിയായി കാണിച്ചത് 7.37 കോടി രൂപയായിരുന്നു.

ഐപിഎല്ലിലെ വരുമാനം
ഐപിഎല്ലിന്റെ പ്രഥമ സീസണില്‍ പഞ്ചാബ് കിങ്‌സിന്റെ താരമായിരുന്നു ശ്രീശാന്ത്. അന്നു ലേലത്തില്‍ 2.5 കോടി രൂപയ്ക്കായിരുന്നു ഇന്ത്യന്‍ ഫാസ്റ്റ് ബൗളറെ പഞ്ചാബ് സ്വന്തമാക്കിയത്. മൂന്നു ര്‍ഷം അദ്ദേഹം പഞ്ചാബിനായി പന്തെറിഞ്ഞു.
തുടര്‍ന്നു ശ്രീ തന്റെ ഹോം ഫ്രാഞ്ചൈസി കൂടിയായ കൊച്ചി ടസ്‌കേഴ്‌സ് കേരളയിലേക്കു കൂടുമാറുകയായിരുന്നു. 4.1 കോടിയെന്ന വലിയ തുകയ്ക്കായിരുന്നു ഇത്.
2012ല്‍ 1.8 കോടി രൂപയ്ക്കു ശ്രീ രാജസ്ഥാന്‍ റോയല്‍സിലെത്തി. തൊട്ടടുത്ത സീസണിലായിരുന്നു അദ്ദേഹത്തിന്റെ കരിയര്‍ തകര്‍ത്ത ഒത്തുകളി വിവാദം. പിന്നീടൊരിക്കലും ഐപിഎല്ലില്‍ കളിക്കാന്‍ ശ്രീക്ക് ഭാഗ്യവുമുണ്ടായില്ല.
Also Read: സച്ചിന്‍ കളിച്ചത് റെക്കോര്‍ഡുകള്‍ക്കു വേണ്ടിയോ? സ്വാര്‍ഥനെന്ന് വിമര്‍ശകര്‍! നോക്കാം

പരസ്യ കരാര്‍
ഇന്ത്യന്‍ ടീമിലെ മിന്നും താരമായി വിലസവെ ശ്രീശാന്തിനു ചില പ്രമുഖ ബ്രാന്‍ഡുകളുമായി കരാറിലെത്താനും സാധിച്ചിരുന്നു. പെപ്‌സി, നൈക്കി തുടങ്ങിയ വമ്പന്‍ കമ്പനികളുമായി അദ്ദേഹം കരാര്‍ ഒപ്പിടുകയും ചെയ്തിരുന്നു. ഈ കരാറുകളെ തുടര്‍ന്നു പ്രതിവര്‍ഷം 35-45 ലക്ഷത്തോളം രൂപയും ശ്രീക്കു വരുമാനമായി ആ സമയത്തു ലഭിച്ചിരുന്നു.
പക്ഷെ ഒത്തുകളി വിവാദത്തില്‍ അകപ്പെട്ടതോടെ അദ്ദേഹവുമായുള്ള കരാറുകള്‍ വിവിധ ബ്രാന്‍ഡുകള്‍ റദ്ദാക്കുകയും ചെയ്തു. അതിനു ശേഷം ഇവയില്‍ നിന്നുള്ള വരുമാനം പൂര്‍ണമായി നിലയ്ക്കുകയും ചെയ്യുകയായിരുന്നു.
ശ്രീയുടെ മറ്റു വരുമാന സ്രോതസുകളിലേക്കു വരികയാണെങ്കില്‍ വിലക്ക് നേരിട്ട കാലം മുതല്‍ അദ്ദേഹം റിയാലിറ്റി ഷോ, അഭിനയം, നൃത്തം എന്നിവയിലെല്ലാം സജീവമായിരുന്നു. ഖത്‌രോംകെ ഖിലാഡി, ജലക്ക് ദിഖ്‌ലാ ജാ, ബിഗ് ബോസ് (ഹിന്ദി) എന്നീ റിയാലിറ്റി ഷോകളില്‍ ശ്രീ പങ്കെടുത്തിരുന്നു.
കൂടാതെ ബോളിവുഡിലും മലയാളത്തിലുമെല്ലാം ചില സിനിമകളിലും അഭിനയിച്ചിരുന്നു. ബിഗ് ബോസില്‍ പങ്കെടുത്തപ്പോള്‍ ഒരാഴ്ച 50 ലക്ഷത്തിലേറെ രൂപയായിരുന്നു അദ്ദേഹത്തിന്റെ ശമ്പളമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്.
Also Read: സഞ്ജു ഏതുവരെ പഠിച്ചു? കളിക്കൊപ്പം പഠനത്തിലും കേമനോ? അറിയാം

ശ്രീയുടെ വീട്, കാര്‍
കൊച്ചിയിലെ ഇടപ്പള്ളിയിലാണ് കുടുംബത്തോടൊപ്പം ശ്രീശാന്ത് താമസിക്കുന്നത്. 5.5 കോടിയോളം രൂപ വില മതിക്കുന്ന വിടാണിത്. 5.2 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന വീട് 9,000 സ്‌ക്വയര്‍ ഫീറ്റിനു മുകളില്‍ വരുമെന്നാണ് വിവരം.
അതേസമയം, ശ്രീയുടെ കാറിലേക്കു വരികയാണെങ്കില്‍ നിലവില്‍ 1.18 കോടി രൂപയുടെ ജാഗ്വര്‍ XJL എന്ന കാറാണ് കൈവശമുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications