സൗരവ് ഗാംഗുലിയില്‍ നിന്ന് ധോണി എങ്ങനെ വ്യത്യസ്തനാവുന്നു?, ഉത്തരം കൈഫ് പറയുന്നു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്റെ നായകന്മാരെന്ന് പറയുമ്പോള്‍ ആദ്യം മനസിലേക്ക് വരുന്ന രണ്ട് പേരുകള്‍ സൗരവ് ഗാംഗുലിയുടെയും എംഎസ് ധോണിയുടെയുമാണ്. ഗാംഗുലിയെ ദാദയെന്ന് വിളിച്ച് ക്രിക്കറ്റ് ലോകം വാഴ്ത്തുമ്പോള്‍ ധോണി ക്യാപ്റ്റന്‍ കൂളായി ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തി. രണ്ട് പേരും ഇന്ത്യന്‍ ക്രിക്കറ്റിനെ ഉന്നതങ്ങളിലേക്കെത്തിച്ചവരാണ്. ഇവരില്‍ ആരാണ് ബെസ്റ്റ് ക്യാപ്റ്റനെന്ന് പറയുക പ്രയാസമാണ്.
കിരീടത്തിന്റെ എണ്ണം പരിശോധിക്കുമ്പോള്‍ ധോണിയെക്കാള്‍ മുകളില്‍ ആരുമില്ല. എന്നാല്‍ തകര്‍ന്നടിഞ്ഞ ഇന്ത്യക്ക് പുനര്‍ജന്മം നല്‍കിയ നായകനെന്ന നിലയില്‍ ഗാംഗുലിയുടെ സ്ഥാനം വാക്കുകള്‍ക്കതീതമാണ്. രണ്ട് പേരും തങ്ങളുടേതായ നിലയില്‍ രാജ്യത്തെ ക്രിക്കറ്റിനെ വളര്‍ത്തിയവരാണ്. ഇന്ന് ധോണിയുടെ ജന്മദിനം ആരാധകര്‍ ആഘോഷമാക്കുമ്പോള്‍ ഗാംഗുലിയും ധോണിയും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്.

'എങ്ങനെ ജയിക്കണമെന്ന് യുവതാരങ്ങളെ ദാദ പഠിപ്പിച്ചപ്പോള്‍ ധോണി അതൊരു ശീലമാക്കി മാറ്റി. ഒരു ദിവസത്തെ വ്യത്യാസത്തില്‍ ജനിച്ച വ്യത്യസ്ത കാലഘട്ടങ്ങളിലെ രണ്ട് മഹാനായ നായകന്മാര്‍. ഇന്ത്യന്‍ ക്രിക്കറ്റിനെ രൂപപ്പെടുത്തിയ വ്യക്തിക്ക് ജന്മദിനാശംസകള്‍' എന്നാണ് കൈഫിന്റെ ട്വീറ്റ്. ധോണിയുടെ ജന്മദിനാശംസകള്‍ നേര്‍ന്നാണ് കൈഫ് ഇത്തരത്തില്‍ ട്വീറ്റ് ചെയ്തത്.
ഒത്തുകളി ആരോപണത്തില്‍ ഉള്‍പ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് വലിയ പ്രതിസന്ധിയെ നേരിട്ട സമയത്താണ് ഗാംഗുലി ഇന്ത്യയുടെ നായകനാവുന്നത്. 2003ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലേക്കെത്തിച്ചാണ് ഗാംഗുലി ആരാധക ഹൃദയത്തിലേക്ക് നടന്നുകയറിയത്. അതുവരെ ആക്രമണോത്സക ക്രിക്കറ്റ് ശീലമാക്കാത്ത ഇന്ത്യ ഗാംഗുലിയുടെ കീഴിലാണ് അത് കണ്ട് പഠിച്ചത്.
ക്യാപ്റ്റന്മാരായ പേസര്‍മാരെ അറിയാമോ?, ബ്രോഡ് മുതല്‍ ബുംറ വരെ, എട്ട് പേര്‍ ഇതാ

അടിക്കടി, തല്ലിന് തല്ല്, പല്ലിന് പല്ല് എന്ന രീതിയില്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ വളര്‍ത്തിയ ഗാംഗുലി ഓപ്പണര്‍ എന്ന നിലയിലും സച്ചിനോടൊപ്പം നിരവധി റെക്കോഡുകളും വെട്ടിപ്പിടിച്ചു. വിദേശ പര്യടനങ്ങളില്‍ ഇന്ത്യയെ ഭയമില്ലാതെ കളിക്കാന്‍ പഠിപ്പിച്ചത് ഗാംഗുലിയാണ്. വിരമിച്ച ശേഷവും ഇന്ത്യന്‍ ക്രിക്കറ്റിനോട് ചേര്‍ന്നുനിന്ന ഗാംഗുലി നിലവില്‍ ബിസിസി ഐ പ്രസിഡന്റായി ഇന്ത്യന്‍ ക്രിക്കറ്റിനെ വളര്‍ത്തുന്നു.

ധോണി ലോക ക്രിക്കറ്റിലെ കൗശലക്കാരനായ നായകനാണ്. ആരും കാണാത്ത വഴികളിലൂടെ സഞ്ചരിക്കുകയും എതിരാളികളുടെ ചിന്തകള്‍ക്കപ്പുറം തന്ത്രം മെനയുകയും ചെയ്യുന്ന ചാണക്യന്‍. 2007ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിച്ച് വരവറിയിച്ച ധോണി 2011ലെ ഏകദിന ലോകകപ്പിലും 2013ലെ ചാമ്പ്യന്‍സ് ട്രോഫിയിലും ടീമിനെ കിരീടത്തില്‍ മുത്തമിടീപ്പിച്ചു.
മൂന്ന് ഐസിസി കിരീടങ്ങള്‍ ഇന്ത്യയുടെ അലമാരയിലെത്തിക്കാന്‍ ധോണിക്കായി. വിക്കറ്റ് കീപ്പറായും ഫിനിഷറായും പകരം വെക്കാനില്ലാത്ത പ്രതിഭയായി ധോണി വളര്‍ന്നു. വിക്കറ്റിന് പിന്നില്‍ ധോണിക്ക് പകരം വെക്കാന്‍ മറ്റാരുമില്ല. സമ്മര്‍ദ്ദം എന്തെന്നറിയാത്ത ധോണി ഫിനിഷറെന്ന നിലയില്‍ ഇന്ത്യക്ക് നേടിക്കൊടുത്ത ജയങ്ങള്‍ നിരവധിയാണ്.
പരിക്കില്‍ കുടുങ്ങി രാഹുല്‍, വിന്‍ഡീസ് പരമ്പരയും ഏഷ്യാ കപ്പും നഷ്ടമായേക്കും, വന്‍ തിരിച്ചടി

2019ലെ ഏകദിന ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് ഇന്ത്യ പുറത്തായതിന് പിന്നാലെ ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്ത ധോണി പിന്നീടൊരു തിരിച്ചുവരവ് നടത്തിയില്ല. 2020 ആഗസ്റ്റ് 15ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് അദ്ദേഹം വിടപറഞ്ഞു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന് വിരമിക്കല്‍ മത്സരം ലഭിച്ചില്ലെന്നത് കാലത്തിന്റെ വിധി.

ഐപിഎല്ലില്‍ സിഎസ്‌കെയുടെ നായകനായി ധോണി ഇനിയുമുണ്ടാവും. വിമര്‍ശനങ്ങളെയെല്ലാം നിശബ്ദതയോടെ നേരിട്ട് പ്രകടനം കൊണ്ട് മറുപടി പറഞ്ഞ ധോണി വരുന്ന ഐപിഎല്‍ സീസണോടെ ക്രിക്കറ്റില്‍ നിന്ന് പൂര്‍ണ്ണമായും വിടപറഞ്ഞേക്കും. ലോക ക്രിക്കറ്റ് ആരാധകരെയും താരങ്ങളെയും ഒരുപോലെ സ്വാധീനിച്ച ഗാംഗുലിയും ധോണിയും കാലമെത്ര കഴിഞ്ഞാലും ഇതിഹാസങ്ങളുടെ പട്ടികയിലെ മുന്‍നിരക്കാരായി ഉണ്ടാവുമെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications