ഗംഭീറും അഫ്രീദിയും നേര്‍ക്കുനേര്‍, ലെജന്റ്‌സ് ലീഗിന് കളമൊരുങ്ങി- എല്ലാം അറിയാം

മുംബൈ: ലെജന്റ്‌സ് ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് കളമൊരുങ്ങുകയാണ്. മുന്‍ താരങ്ങളെ ഉള്‍പ്പെടുത്തി നടത്തുന്ന ലെജന്റ്‌സ് ലീഗില്‍ മൂന്ന് ടീമുകളാണുള്ളത്. മാര്‍ച്ച് 10ന് ആരംഭിക്കുന്ന ടൂര്‍ണമെന്റ് 20നാണ് അവസാനിക്കുന്നത്. ഇന്ത്യ മഹാരാജാസ്, വേള്‍ഡ് ജയ്ന്റ്‌സ്, ഏഷ്യ ലയണ്‍സ് എന്നീ ടീമുകളാണുള്ളത്.
ഇത്തവണ ഖത്തറിലാണ് ടൂര്‍ണമെന്റ് നടത്തുന്നത്. പ്രഥമ ലെജന്റ്‌സ് ലീഗ് ടൂര്‍ണമെന്റ് ഒമാനിലും രണ്ടാമത്തെ സീസണ്‍ ഇന്ത്യയിലുമാണ് നടന്നത്. അവസാന സീസണില്‍ ആറ് ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. എന്നാല്‍ ഇത്തവണയത് മൂന്നായി കുറഞ്ഞു.
ഇത്തവണത്തെ ലെജന്റ്‌സ് ലീഗിലെ പ്രധാന സവിശേഷത നായകന്മാരായി ഷാഹിദ് അഫ്രീദിയും ഗൗതം ഗംഭീറും നേര്‍ക്കുനേര്‍ എത്തുന്നുവെന്നതാണ്. കളിച്ചുകൊണ്ടിരിക്കെ നിരവധി തവണ ഉടക്കിയവരാണ് ഇരുവരും. കൂടാതെ സാമൂഹ്യ മാധ്യമങ്ങളിലും പോരടിക്കാറുണ്ട്.
ഈ സാഹചര്യത്തില്‍ മുന്‍ പാകിസ്താന്‍ നായകന്‍ അഫ്രീദിയും ഇന്ത്യന്‍ ഓപ്പണര്‍ ഗംഭീറും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ വാശിയേറിയ പോരാട്ടം തന്നെ ആരാധകര്‍ പ്രതീക്ഷിക്കുന്നു. ടൂര്‍ണമെന്റില്‍ ഇത്തവണ പങ്കെടുക്കുന്ന ടീമുകളെയും ഉള്‍പ്പെട്ടിരിക്കുന്ന താരങ്ങളെയും അടുത്തറിയാം.

ഇന്ത്യ മഹാരാജാസിനെ ഗംഭീര്‍ നയിക്കും
ഇന്ത്യന്‍ ടീമിന്റെ നായകനെന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ വളരെയധികം ആഗ്രഹിച്ചിരുന്നെങ്കിലും അതിനുള്ള അവസരം ഗംഭീറിന് ലഭിച്ചില്ല. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നയിച്ച് രണ്ട് തവണ കിരീടത്തിലേക്കെത്തിക്കാന്‍ ഗംഭീറിന് സാധിച്ചിട്ടുണ്ട്. ശക്തമായ താരനിരയാണ് ഇത്തവണ മഹാരാജാസിനൊപ്പമുള്ളത്.
സുരേഷ് റെയ്‌ന, റോബിന്‍ ഉത്തപ്പ, മുരളി വിജയ്, മുഹമ്മദ് കൈഫ് എന്നിവരാണ് ബാറ്റിങ് നിരയിലുള്ള മുന്‍ ഇന്ത്യന്‍ താരങ്ങള്‍. ഓള്‍റൗണ്ടര്‍മാരായി ഇര്‍ഫാന്‍ പഠാന്‍, സ്റ്റുവര്‍ട്ട് ബിന്നി, ഹര്‍ഭജന്‍ സിങ് എന്നിവരാണുള്ളത്. ഇവരെല്ലാം ഇന്ത്യക്കായി മികവ് കാട്ടി വിരമിച്ചവരാണ്.
വീരേന്ദര്‍ സെവാഗ് ഇത്തവണ കളിക്കാനില്ല. യുവരാജ് സിങ് പങ്കെടുക്കുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും പിന്മാറി. ഇത്തവണ കപ്പിലേക്കെത്താന്‍ കരുത്തുള്ള ടീമാണ് ഇന്ത്യ മാഹാരാജാസിന്റേത്.
ടീം-ഗൗതം ഗംഭീര്‍ (ക്യാപ്റ്റന്‍), സുരേഷ് റെയ്‌ന, എസ് ശ്രീശാന്ത്, റോബിന്‍ ഉത്തപ്പ, അശോക് ഡിന്‍ഡ, മന്‍വീന്ദര്‍ ബിസ്ല, മുഹമ്മദ് കൈഫ്, പ്രവീണ്‍ താംബെ, പര്‍വീന്ദര്‍ അവാന, ഹര്‍ഭജന്‍ സിങ്, മുരളി വിജയ്, സ്റ്റുവര്‍ട്ട് ബിന്നി, പ്രവീണ്‍ കുമാര്‍, ഇര്‍ഫാന്‍ പഠാന്‍.
Also Read: IND vs AUS: അക്ഷറിന് ബൗളിങ്ങില്‍ മികവില്ല, കുല്‍ദീപിനെ ഇറക്കണോ? ഈ കാരണങ്ങള്‍ നോക്കൂ

ഏഷ്യ ലയണ്‍സിനെ അഫ്രീദി നയിക്കും
ഏഷ്യ ലയണ്‍സിന്റെ നായകസ്ഥാനത്താണ് അഫ്രീദിയുള്ളത്. തകര്‍പ്പന്‍ താരനിരയുമായാണ് ഏഷ്യ ലയണ്‍സിന്റെ വരവ്. മിസ്ബാഹ് ഉല്‍ ഹഖ്, ഉപുല്‍ തരംഗ, മുഹമ്മദ് ഹഫീസ്, തിലകരത്‌ന ദില്‍ഷന്‍ എന്നിവരാണ് ബാറ്റിങ് നിരയിലെ പ്രധാനികള്‍.
ബൗളിങ് നിരയില്‍ ഷുഹൈബ് അക്തറിനൊപ്പം സൊഹൈല്‍ തന്‍വീര്‍, മുഹമ്മദ് അമീര്‍, തിസാര പെരേര എന്നിവരുമുണ്ട്. സ്പിന്‍ നിരയില്‍ മുത്തയ്യ മുരളീധരനും ഉണ്ടാവും. ഇവരെല്ലാം തന്നെ ഇപ്പോഴും ക്രിക്കറ്റില്‍ സജീവമായി തുടരുന്നവരാണ്.
കൂടാതെ ബൗളിങ്ങിലും ബാറ്റിങ്ങിലും സംതുലിതാവസ്ഥ ഇവര്‍ക്കുണ്ട്. കപ്പടിക്കാന്‍ കെല്‍പ്പുള്ളവരാണ് ഏഷ്യ ലയണ്‍സെന്ന് പറയാം.
ടീം- ഷാഹിദ് അഫ്രീദി (ക്യാപ്റ്റന്‍), മിസ്ബാഹ് ഉല്‍ ഹഖ്, മുത്തയ്യ മുരളീധരന്‍, തിസാര പെരേര, ദില്‍ഹാര ഫെര്‍ണാണ്ടോ, അസ്ഹര്‍ അഫ്ഗാന്‍, ഉപുല്‍ തരംഗ, മുഹമ്മദ് ഹഫീസ്, ഷുഹൈബ് അക്തര്‍, പരാസ് ഖാഡ്ക, രജിന്‍ സലേഹ്, അബ്ദുല്‍ റസാഖ്, തിലകരത്‌ന ദില്‍ഷന്‍, സൊഹൈല്‍ തന്‍വീര്‍, മുഹമ്മദ് അമീര്‍.

വേള്‍ഡ് ജയ്ന്റ്‌സും സൂപ്പര്‍ ടീം
വേള്‍ഡ് ജയ്ന്റ്‌സിനെ ഇത്തവണ നയിക്കുന്നത് ആരോണ്‍ ഫിഞ്ചാണ്. മുന്‍ ഓസീസ് ക്യാപ്റ്റനൊപ്പവും തകര്‍പ്പന്‍ താരനിരയുണ്ട്. ലിന്‍ഡല്‍ സിമ്മണ്‍സ്, കെവിന്‍ ഒബ്രിയാന്‍, പോള്‍ കോളിങ് വുഡ്, ഷെയ്ന്‍ വാട്‌സണ്‍, റോസ് ടെയ്‌ലര്‍, ക്രിസ് ഗെയ്ല്‍, ഹാഷിം അംല, ജാക്‌സ് കാലിസ് എന്നിവരെല്ലാം ബാറ്റിങ് നിരയിലുണ്ട്.
ബൗളിങ് നിരയില്‍ ബ്രെറ്റ് ലീ, മോണി മോര്‍ക്കല്‍ എന്നിവരാണ് പ്രധാനികള്‍. ഓള്‍റൗണ്ടര്‍മാരുടെ വലിയ നിരയാണ് ലോക ജയ്ന്റ്‌സിന്റേതെന്ന് പറയാം. അതുകൊണ്ട് തന്നെ മറ്റ് രണ്ട് ടീമുകള്‍ക്കും വേള്‍ഡ് ജയ്ന്റ്‌സ് വലിയ ഭീഷണിയായേക്കും.
ടീം- ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), ലിന്‍ഡല്‍ സിമ്മണ്‍സ്, മോണ്ടി പനേസര്‍, കെവിന്‍ ഒബ്രിയാന്‍, പോള്‍ കോളിങ് വുഡ്, ഷെയ്ന്‍ വാട്‌സന്‍, ആല്‍ബി മോര്‍ക്കല്‍, മോണി മോര്‍ക്കല്‍, മോണി വാന്‍ വെയ്ക്ക്, ബ്രെറ്റ് ലീ, ജാക്‌സ് കാലിസ്, റോസ് ടെയ്‌ലര്‍, ക്രിസ് ഗെയ്ല്‍, ഹാഷിം അംല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications