ധോണി, ടീം ഇന്ത്യയുടെ അഞ്ഞൂറാന്‍... ചരിത്രനേട്ടം, സച്ചിനും ദ്രാവിഡിനുമൊപ്പം
ലണ്ടന്‍: വിക്കറ്റ് കീപ്പറായി ടീമിലെത്തി പിന്നീട് രാജ്യം കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനെന്നു പേരെടുത്ത എംഎസ് ധോണിയുടെ കരിയറിലേക്കു മറ്റൊരു പൊന്‍തൂവല്‍ കൂടി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 500 മല്‍സരങ്ങളെന്ന അപൂര്‍വ്വനേട്ടത്തിനാണ് എംഎസ്ഡി അര്‍ഹനായത്.
ഇംഗ്ലണ്ടിനെതിരേ കാര്‍ഡിഫില്‍ നടന്ന രണ്ടാമത്തെ ട്വന്റി20 മല്‍സരത്തില്‍ കളിച്ചതോടെയാണ് അദ്ദേഹം 500 ക്ലബ്ബില്‍ അംഗമായത്. തന്റെ 37ാം പിറന്നാള്‍ ദിനത്തിലാണ് ധോണി ഈ നേട്ടം കൈവരിച്ചത് എന്നതാണ് മറ്റൊരു പ്രത്യേകത.
നേരത്തേ തന്നെ പല റെക്കോര്‍ഡുകളും തന്റെ പേരില്‍ കുറിച്ചിട്ടുള്ള താരമാണ് ധോണി. ഐസിസിയുടെ മൂന്നു ട്രോഫികളും സ്വന്തമാക്കിയ ഏക ക്യാപ്റ്റനെന്ന റെക്കോര്‍ഡ് ധോണിയുടെ പേരിലാണ്.

മൂന്നാമത്തെ ഇന്ത്യന്‍ താരം
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതിനു മുമ്പ് രണ്ടു താരങ്ങള്‍ മാത്രമേ 500 മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ളൂ. ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറും രാഹുല്‍ ദ്രാവിഡുമാണ് ഈ എലൈറ്റ് ക്ലബ്ബിലെ അംഗങ്ങള്‍. ലോക ക്രിക്കറ്റില്‍ തന്നെ എട്ടു താരങ്ങള്‍ മാത്രമാണ് ധോണിക്കു മുമ്പ് 500 മാച്ച് ക്ലബ്ബില്‍ ഇടംനേടിയിട്ടുള്ളത്.
മാസ്റ്റര്‍ ബ്ലാസ്റ്ററുടെയും വന്‍മതിലിന്റെയും നേട്ടത്തിനൊപ്പം ഇനി ക്യാപ്റ്റന്‍ കൂള്‍ ധോണിയുമുണ്ടാവും. 318 ഏകദിനങ്ങളും 90 ടെസ്റ്റുകളും 92 ട്വന്റി20കളുമടക്കമാണ് ധോണി 500 എന്ന മാന്ത്രികസംഖ്യ പിന്നിട്ടത്. 2014 ഡിസംബറില്‍ അദ്ദേഹം ടെസ്റ്റില്‍ നിന്നും വിരമിച്ചിരുന്നു.

സച്ചിന്‍ തലപ്പത്ത്
അന്താരാഷ്ട്ര മല്‍സരങ്ങളുടെ എണ്ണത്തില്‍ ഇന്ത്യക്കായി ഏറ്റവും തവണ കളിച്ച താരമെന്ന റെക്കോര്‍ഡ് സച്ചിന്റെ പേരില്‍ ഭദ്രമാണ്. മാസ്റ്റര്‍ ബാസ്റ്ററുടെ റെക്കോര്‍ഡ് ധോണി മറികടക്കാനുള്ള സാധ്യതയും വിരളമാണ്. 664 മല്‍സരങ്ങളിലാണ് സച്ചിന്‍ ജഴ്‌സിയണിഞ്ഞത്. 463 ഏകദിനങ്ങളും 200 ടെസ്റ്റുകളും ഒരു ടി20യും ഇതിലുള്‍പ്പെടുന്നു.
509 മല്‍സരങ്ങളുമായാണ് ദ്രാവിഡ് രണ്ടാംസ്ഥാനത്തുള്ളത്. 344 ഏകദിനങ്ങളിലും 163 ടെസ്റ്റുകളിലും ഒരു ടി20യിലുമാണ് അദ്ദേഹം ഇറങ്ങിയത്.

അഞ്ഞൂറാന്‍ ക്ലബ്ബിലെ രാജാവ് സച്ചിന്‍ തന്നെ
500 മല്‍സരങ്ങളില്‍ കളിച്ച താരങ്ങളുടെ പട്ടികയില്‍ ഒന്നാംസ്ഥാനമലങ്കരിക്കുന്നത് റെക്കോര്‍ഡുകളുടെ തമ്പുരാനായ സച്ചിന്‍ തന്നെയാണ്. ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്റ്‌സ്മാനുമായ മഹേല ജയവര്‍ധനെയാണ് രണ്ടാംസ്ഥാനത്ത്. 652 മല്‍സരങ്ങളാണ് ജയവര്‍ധനെ ലങ്കയ്ക്കായി കളിച്ചത്.
ലങ്കയുടെ കുമാര്‍ സങ്കക്കാര (594), സനത് ജയസൂര്യ (586), ഓസീസ് ഇതിഹാസം റിക്കി പോണ്ടിങ് (560), പാകിസ്താന്‍ സൂപ്പര്‍ താരം ഷാഹിദ് അഫ്രീഡി (524), ദക്ഷിണാഫ്രിക്കന്‍ സ്റ്റാര്‍ ജാക്വിസ് കാലിസ് (519) എന്നിവരാണ് 500 ക്ലബ്ബില്‍ ഇടംനേടിയ മറ്റുള്ളളവര്‍

ഉജ്ജ്വല കരിയര്‍
500 മല്‍സരങ്ങള്‍ പിന്നിടുന്ന ധോണിയുടെ കരിയര്‍ മികച്ചതായിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ ആറു സെഞ്ച്വറികളടക്കം 4876 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 33 അര്‍ധസെഞ്ച്വറികളും ധോണിയുടെ പേരിലുണ്ട്.
ഏകദിനത്തില്‍ 10 സെഞ്ച്വറികളും 67 അര്‍ധസെഞ്ച്വറികളുമുള്‍പ്പെടെ 9967 റണ്‍സാണ് താരം അടിച്ചെടുത്തത്. ട്വന്റി20യില്‍ രണ്ടു ഫിഫ്റ്റികളടക്കം 1455 റണ്‍സും ധോണി കണ്ടെത്തി.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.
കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications