സിക്‌സറടിക്കരുതെന്ന് സച്ചിന്‍, 294ല്‍ നില്‍ക്കെ വീരുവിന്റെ കണ്‍ട്രോള്‍ പോയി!

ഇന്ത്യന്‍ ക്രിക്കറ്റിലെ ഐതിഹാസിക ഓപ്പണിങ് ജോടികളായിരുന്നു സച്ചിന്‍ ടെണ്ടുല്‍ക്കറും വീരേന്ദര്‍ സെവാഗും. നാട്ടിലും വിദേശത്തും നിരവധി മാച്ച് വിന്നിങ് കൂട്ടുകെട്ടുകളുണ്ടാക്കാന്‍ ഈ സഖ്യത്തിനായിട്ടുണ്ട്. മികച്ച ഒത്തിണക്കമാണ് ഈ സഖ്യം ഇത്രയും വലിയ വിജയമായി മാറാനുള്ള കാരണം. ബാറ്റിങിനിടെ ക്രീസിന് ഇരുവശത്തു നിന്നും പരസ്പരം നോക്കിയാല്‍പ്പോലും ഒരാള്‍ എന്താണ് ചിന്തിക്കുന്നതെന്നു മറ്റെയാള്‍ക്കു മനസ്സിലാക്കാന്‍ സാധിക്കുമായിരുന്നു.
സച്ചിന്റെ കടുത്ത ആരാധകന്‍ കൂടിയായിരുന്ന സെവാഗ് അദ്ദേഹത്തിന്റെ ബാറ്റിങ് ശൈലി തന്നെയായിരുന്നു അനുകരിക്കുകയും ചെയ്തിരുന്നത്. താന്‍ ദൈവത്തെപ്പോലെയാണ് സച്ചിനെ ആരാധിക്കുന്നതെന്നു വിരമിച്ച ശേഷവും വീരു പല തവണ തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. ഒരിക്കല്‍ ചിരവൈരികളായ പാകിസ്താനുമായുള്ള ടെസ്റ്റ് മാച്ചില്‍ വീരുവിനോടു സിക്‌സറടിക്കരുതെന്നു സച്ചിന്‍ ആവശ്യപ്പെട്ടിരുന്നു.
ആപ് കി അദാലത്തെന്ന ഇന്ത്യ ടിവിയുടെ ഷോയില്‍ വന്നപ്പോഴായിരുന്നു സെവാഗ് ഈ രസകരമായ സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. സച്ചിന്‍ എന്തുകൊണ്ടായിരുന്നു തനിക്കു ഇങ്ങനെയൊരു ഉപദേശം നല്‍കിയതെന്നും വീരു തുറന്നുപറഞ്ഞിരുന്നു.

ഡബിള്‍ സെഞ്ച്വറി മിസ്സായി
2003ല്‍ നടന്ന ഓസ്‌ട്രേലിയയുമായുള്ള ഒരു ടെസ്റ്റ് മല്‍സരത്തില്‍ സിക്‌സറിനു ശ്രമിച്ച് വീരേന്ദര്‍ സെവാഗിനു ഡബിള്‍ സെഞ്ച്വറി നഷ്ടമായിരുന്നു. വ്യക്തിഗത സ്‌കോര്‍ 195ല്‍ നില്‍ക്കെ സിക്‌സറിലൂടെ അദ്ദേഹം 200 തികയ്ക്കാന്‍ തുനിയുകയായിരുന്നു. പക്ഷെ ഈ ശ്രമം പുറത്താവലില്‍ കലാശിക്കുകയും ചെയ്തു.സൈമണ്‍ കാറ്റിച്ചിനായിരുന്നു വിക്കറ്റ്.
അദ്ദേഹമെറിഞ്ഞ ഫുള്‍ ടോസില്‍ വീരു സിക്‌സറിനു തുനിയുകയായിരുന്നു. പക്ഷെ നേരെ നതാന്‍ ബ്രാക്കണിന്റെ കൈകളില്‍ അവസാനിക്കുകയായിരുന്നു. 25 ഫോറും അഞ്ചു സിക്‌സറുമുള്‍പ്പെട്ട ഗംഭീര ഇന്നിങ്‌സായിരുന്നു വീരുവിന്റേത്.

സിക്‌സറടിക്കരുതെന്ന് സച്ചിന്‍
ഓസ്‌ട്രേലിയയുമായുള്ള പരമ്പരയ്ക്കു ശേഷം ചിരവൈരികളായ പാകിസ്താനുമായിട്ടാണ് ഇന്ത്യ ടെസ്റ്റ് പരമ്പര കളിച്ചത്. ഈ പരമ്പരയ്ക്കിടെയായിരുന്നു ഒരുമിച്ച് ബാറ്റ് ചെയ്യുന്നതിനിടെ സിക്‌സറിനു ശ്രമിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തരുതെന്നു സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്നോടു പറഞ്ഞതെന്നു വീരേന്ദര്‍ സെവാഗ് വെളിപ്പെടുത്തി.
നീ തൊട്ടുമുമ്പത്തെ പരമ്പരയില്‍ 195ല്‍ നില്‍ക്കെ സിക്‌സറിനു ശ്രമിച്ച് പുറത്തായതാണ്. ആ ടെസ്റ്റില്‍ നമ്മള്‍ തോല്‍ക്കുകയും ചെയ്തിരുന്നു. അതുകൊണ്ടു തന്നെ ഇനി 190കളിലെത്തിയാല്‍ ഈ തരത്തില്‍ വലിയ ഷോട്ടുകള്‍ക്കു ശ്രമിച്ച് പുറത്താവില്ലെന്നു ഉറപ്പ് വരുത്തണമെന്ന് സച്ചിന്‍ ഉപദേശിച്ചു.
കൂടുതല്‍ കരുതലോടെ കളിച്ച് വലിയ സ്‌കോര്‍ നീ നേടിയാല്‍ അതു ടീമിനെ ജയിക്കാന്‍ സഹായിക്കുമെന്നും സച്ചിന്‍ പറഞ്ഞിരുന്നതായി സെവാഗ് വെളിപ്പെടുത്തി.
Also Read: IND vs AUS: ഭരതിന് പകരം ഇഷാന്‍ വേണം, ഓസീസിന്റെ ആ തന്ത്രം പൊളിക്കണം! അറിയാം

സിക്‌സറിലൂടെ ട്രിപ്പിള്‍
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഉപദേശിച്ചതു പോലെ ഞാന്‍ സിംഗിളോ, മൂന്നു റണ്‍സോ മറ്റോ നേടിയാണ് പാകിസ്താനുമായുള്ള ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. പക്ഷെ വ്യക്തിഗത സ്‌കോര്‍ 294ല്‍ എത്തിയപ്പോള്‍ നമ്മുടെ ടീം നല്ല നിലയിലെത്തിയെന്നും ഞാന്‍ സിക്‌സറിനു ശ്രമിക്കട്ടെയെന്നും സച്ചിനോടു പറയുകയായിരുന്നു. തുടര്‍ന്നാണ് അന്നു സിക്‌സറിലൂടെ താന്‍ ട്രിപ്പിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയതെന്നും വീരേന്ദര്‍ സെവാഗ് ചിരിയോടെ പറഞ്ഞിരുന്നു.
ചില സമയങ്ങളില്‍ മറ്റുള്ളവര്‍ നല്‍കുന്ന ഉപദേശം നമുക്ക് കേള്‍ക്കേണ്ടതായി വരും. കാരണം അവര്‍ നമ്മുടെ നല്ലതിനു വേണ്ടിയായിരിക്കും ഈ തരത്തില്‍ നിര്‍ണായക ഉപദേശങ്ങള്‍ നല്‍കുന്നതെന്നും വീരു കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications