ഡിക്കെയ്ക്കു 37 ഒരു പ്രായമേയല്ല, ധോണി പോലും പിന്നില്‍! വമ്പന്‍ റെക്കോര്‍ഡ്

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും നിര്‍ഭാഗ്യവാനായ താരങ്ങളിലൊരാളാണ് വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്. ഡിക്കെയുടെ കരിയറിനു വില്ലനായതാവട്ടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയാണ്. അദ്ദേഹത്തിന്റെ അതേ സമയത്തു തന്നെ ക്രിക്കറ്റിലേക്കു വന്നതിനാലാണ് കാര്‍ത്തിക്കിനു കരിയറില്‍ പ്രതീക്ഷിച്ച ഉയരങ്ങളില്‍ എത്താന്‍ സാധിക്കാതെ പോയത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ധോണിയേക്കാള്‍ മുമ്പ് ഇന്ത്യക്കു വേണ്ടി അരങ്ങേറിയ താരമാണ് ഡിക്കെ. ലഭിച്ച അസരങ്ങള്‍ അന്നു ഏറ്റവും നന്നായി പ്രയോജനപ്പെടുത്തിയിരുന്നെങ്കില്‍ ധോണിയെ പിന്നിലാക്കി ഫസ്റ്റ് ചോയ്്‌സ് വിക്കറ്റ് കീപ്പറായി മാറാന്‍ അദ്ദേഹത്തിനു സാധിക്കുമായിരുന്നു. പക്ഷെ ഡിക്കെയ്ക്കു അതിനായില്ല. ധോണിയാവട്ടെ അവസരങ്ങള്‍ ശരിക്കും മുതലാക്കി ടീമില്‍ തന്റെ സ്ഥാനമുറപ്പിക്കുകയായിരുന്നു.
വൈകാതെ ക്യാപ്റ്റന്‍സി കൂടി ലഭിച്ചതോടെ ധോണി ടീമിലെ അവിഭാജ്യ ഘടകമായി മാറുകയും ചെയ്തു. വിക്കറ്റ് കീപ്പിങും ക്യാപ്റ്റന്‍സിയും അദ്ദേഹം ഒരുമിച്ച് ചെയ്യാന്‍ ആരംഭിച്ചതോടെ കാര്‍ത്തിക്കിന്റെ വഴിയടയുകയായിരുന്നു. പിന്നീട് പലപ്പോഴും സ്‌പെഷ്യലിസ്റ്റ് ബാറ്ററായി മാത്രം ടീമില്‍ ഇടയ്ക്കു വന്നു പോവാനായിരുന്നു അദ്ദേഹത്തിന്റെ വിധി. ദേശീയ ടീമിന്റെ ഭാഗമല്ലെങ്കിലും ഐപിഎല്ലില്‍ ഇപ്പോഴും ഡിക്കെയെ കാണാം. ടി20യില്‍ വമ്പനൊരു റെക്കോര്‍ഡിന്റെ അവകാശി കൂടിയാണ് അദ്ദേഹം. ഇത് എന്താണെന്നു നോക്കാം.

37ാം വയസ്സിനു ശേഷം കൂടുതല്‍ റണ്‍സ്
പ്രായമെന്നതു തനിക്കു ബാറ്റിങിലെ സ്‌കോര്‍ പോലെ വെറുമൊരു നമ്പര്‍ മാത്രമാണെന്നു തെളിയിച്ചു കൊണ്ടിരിക്കുകയാണ് ദിനേശ് കാര്‍ത്തിക്. പ്രായം 37 കഴിഞ്ഞെങ്കിലും ഏതൊരു യുവതാരത്തെയും വെല്ലാനുള്ള ഫിറ്റ്‌നസ് അദ്ദേഹത്തിനുണ്ട്.
37 വയസ്സിനു ശേഷം ടി20 ക്രിക്കറ്റില്‍ ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം റണ്‍സെടുത്ത താരമെന്ന റെക്കോര്‍ഡ് കാര്‍ത്തിക്കിനു അവകാശപ്പെട്ടതാണ്. 167 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.
എംഎസ് ധോണി പോലും ഇക്കാര്യത്തില്‍ പിന്നിലാണ്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ഇതിനകം വിരമിച്ചു കഴിഞ്ഞ ധോണി 37ാം വയസ്സിനു ശേഷം ഇന്ത്യക്കു വേണ്ടി നേടിയത് 130 റണ്‍സാണ്. 31 റണ്‍സെടുത്ത മുന്‍ ബാറ്റിങ് ഇതിഹാസവും നിലവിലെ കോച്ചുമായ രാഹുല്‍ ദ്രാവിഡ് മൂന്നാംസ്ഥാനത്തു നില്‍ക്കുന്നു.
Also Read: IND vs AUS: 5 ഇന്നിങ്‌സില്‍ 57 റണ്‍സ്, ഫ്‌ളോപ്പായി ഭരത്! എന്നിട്ടും സഞ്ജുവിനെ വേണ്ട

ഡിക്കെയുടെ മാസ് തിരിച്ചുവരവ്
അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു ഇനിയൊരു മടങ്ങിവരവ് ദിനേശ് കാര്‍ത്തിക്കിന് ഉണ്ടാവില്ലെന്നു എല്ലാവരും വിധിയെഴുതിയിരുന്നു. കാരണം 2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനോടു പരാജയപ്പെട്ട ടീമിലാണ് അദ്ദേഹത്തെ അവസാനമായി കണ്ടത്. അതിനു ശേഷം ഡിക്കെ ഒഴിവാക്കപ്പെടുകയും ചെയ്തു.
റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ തുടങ്ങിയ യുവ വിക്കറ്റ് കീപ്പര്‍മാര്‍ ടീമിലെ സ്ഥാനത്തിനു വേണ്ടി പോരടിക്കവെയാണ് കഴിഞ്ഞ വര്‍ഷം കാര്‍ത്തിക് ദേശീയ ടീമിലേക്കു തിരിച്ചുവിളിക്കപ്പെടുന്നത്. 2022ലെ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഫിനിഷറുടെ റോളില്‍ നടത്തിയ മിന്നുന്ന പ്രകടനമായിരുന്നു ഇതിനു കാരണം.
ഇന്ത്യന്‍ ടീമില്‍ മികച്ചൊരു ഫിനിഷറുടെ അഭാവമുള്ളതിനാല്‍ ഡിക്കെയ്ക്കു നറുക്കുവീഴുകയും ചെയ്തു. രണ്ടാം വരവില്‍ കരിയറിലെ കന്നി ടി20 ഫിഫ്റ്റിയടക്കം നേടിയ അദ്ദേഹം ഓസ്‌ട്രേലിയയില്‍ നടന്ന ഐസിസി ടി20 ലോകകപ്പിലും കളിച്ചിരുന്നു.
Also Read: IND vs AUS: ഭരതിന് പകരം ഇഷാന്‍ വേണം, ഓസീസിന്റെ ആ തന്ത്രം പൊളിക്കണം! അറിയാം

കാര്‍ത്തിക്കിന്റെ കരിയര്‍
ദിനേശ് കാര്‍ത്തിക്കിന്റെ അന്താരാഷ്ട്ര കരിയറെടുത്താല്‍ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യക്കു വേണ്ടി കളിക്കാന്‍ അവസരം ലഭിച്ച താരങ്ങളിലൊരാള്‍ കൂടിയാണ്. ഏകദിനം കഴിഞ്ഞാല്‍ ഡിക്കെ ഏറ്റവുമധികം മല്‍സരങ്ങള്‍ കളിച്ചത് ടി20യിലാണ്.
ടി20യില്‍ 56 മല്‍സരങ്ങളില്‍ നിന്നും 29.21 ശരാശരിയില്‍ 672 റണ്‍സാണ് കാര്‍ത്തിക്കിന്റെ സമ്പാദ്യം. ഒരു ഫിഫ്റ്റി ഇതിലുള്‍പ്പെടും. കഴിഞ്ഞ വര്‍ഷം സൗത്താഫ്രിക്കയ്‌ക്കെതിരേ നാട്ടില്‍ നടന്ന ടി20 പരമ്പരയിലായിരുന്നു കരിയര്‍ ബെസ്റ്റ് സ്‌കോറായ 55 റണ്‍സ് കാര്‍ത്തിക് നേടിയത്.
ഏകദിനത്തില്‍ 94 മല്‍സരങ്ങളില്‍ നിന്നും ഒമ്പതു ഫിഫ്റ്റികളുള്‍പ്പെടെ 1,752 റണ്‍സും ടെസ്റ്റില്‍ 26 മല്‍സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയും ഏഴു ഫിഫ്റ്റികളുമടക്കം 1025 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications