
ദസുന്‍ ഷണക
ഇക്കഴിഞ്ഞ ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലാണ് ഇന്ത്യയെ വിറപ്പിക്കുന്ന പ്രകടനം ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷണക കാഴ്ചവെച്ചത്. 88 പന്ത് നേരിട്ട് പുറത്താവാതെ 108* റണ്‍സാണ് അദ്ദേഹം നേടിയത്. എന്നാല്‍ ടീമിനെ വിജയത്തിലേക്കെത്തിക്കാനായില്ല. ഇന്ത്യ മുന്നോട്ട് വെച്ച 374 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്കക്ക് 206 റണ്‍സിനിടെ എട്ട് വിക്കറ്റ് നഷ്ടമായി.
എന്നാല്‍ ഒരുവശത്ത് ഷണക ഗംഭീര ബാറ്റിങ് കാഴ്ചവെക്കുകയായിരുന്നു. 88 പന്തില്‍ 12 ഫോറും 3 സിക്‌സുമാണ് ഷണക നേടിയത്. ഒമ്പതാം വിക്കറ്റില്‍ 100 റണ്‍സിലധികം കൂട്ടുകെട്ട് സൃഷ്ടിച്ചെങ്കിലും എട്ട് വിക്കറ്റിന് 306 റണ്‍സാണ് ടീമിന് നേടാനായത്.
Also Read: IND vs NZ: ഇഷാന്റെ പ്രശ്‌നമിതാണ്! ലോകകപ്പ് കളിക്കാമെന്ന് കരുതേണ്ട-വിമര്‍ശിച്ച് ഫാന്‍സ്

സിക്കന്തര്‍ റാസ
2022ലെ ഇന്ത്യയുടെ സിംബാബ് വെ പര്യടനത്തിലാണ് സിക്കന്തര്‍ റാസയുടെ തകര്‍പ്പന്‍ ബാറ്റിങ് കണ്ടത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശുബ്മാന്‍ ഗില്ലിന്റെ സെഞ്ച്വറിക്കരുത്തില്‍ എട്ട് വിക്കറ്റിന് 289 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ സിംബാബ് വെക്കായി 95 പന്തില്‍ 115 റണ്‍സാണ് റാസ നേടിയത്.
ഇതില്‍ 9 ഫോറും 3 സിക്‌സും ഉള്‍പ്പെടും. ഒമ്പതാമനായാണ് റാസ പുറത്തായത്. സിംബാബ് വെയെ 276 എന്ന നിലയിലേക്കെത്തിച്ചെങ്കിലും വിജയത്തിലേക്കെത്തിക്കാന്‍ റാസക്കായില്ല. ഇന്ത്യയെ വിറപ്പിക്കുന്ന പ്രകടനം കാഴ്ചവെക്കാന്‍ റാസക്ക് സാധിച്ചുവെന്നതാണ് എടുത്തുപറയേണ്ടത്.

ഓയിന്‍ മോര്‍ഗന്‍
ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ ഓയിന്‍ മോര്‍ഗനും ഇത്തരത്തിലൊരു തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം ഇന്ത്യക്കെതിരേ കാഴ്ചവെച്ചിട്ടുണ്ട്. ഇന്ത്യയുടെ 382 റണ്‍സ് പിന്തുടരവെയാണ് മോര്‍ഗന്റെ തകര്‍പ്പന്‍ പ്രകടനം. 81 പന്തില്‍ 102 റണ്‍സാണ് മോര്‍ഗന്‍ നേടിയത്.
6 ഫോറും 5 സിക്‌സും ഉള്‍പ്പെടെയാണ് മോര്‍ഗന്‍ കസറിയത്. ഒരുവശത്ത് വിക്കറ്റ് വീഴുമ്പോള്‍ മോര്‍ഗന്‍ കത്തിക്കയറുകയായിരുന്നു. ഇന്ത്യയുടെ വിജയലക്ഷ്യത്തിനും 15 റണ്‍സകലെയാണ് ഇംഗ്ലണ്ട് വീണത്. ഇന്ത്യയെ വിറപ്പിക്കാനായെങ്കിലും വിജയത്തിലേക്കെത്തിക്കാന്‍ മോര്‍ഗനായില്ല.
യുവരാജ് സിങ്ങിന്റെയും (150) എംഎസ് ധോണിയുടെയും (134) ബാറ്റിങ് പ്രകടനത്തിന്റെ കരുത്തിലാണ് ഇന്ത്യ 381 എന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയത്.

ജെയിംസ് ഫോക്‌നര്‍
ഓസീസ് പേസ് ഓള്‍റൗണ്ടര്‍ ജെയിംസ് ഫോക്‌നറും ഇന്ത്യയെ വിറപ്പിച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ചവരിലൊരാളാണ്. 2013ല്‍ ബംഗളൂരുവില്‍ നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയ 384 റണ്‍സ് വിജയലക്ഷ്യം പിന്തുടരുകയായിരുന്നു.
6 വിക്കറ്റിന് 138 എന്ന നിലയിലേക്ക് തകര്‍ന്ന ഓസ്‌ട്രേലിയക്കായി 73 പന്തില്‍ 116 റണ്‍സാണ് ഫോക്‌നര്‍ അടിച്ചെടുത്തത്. 11 ഫോറും 6 സിക്‌സും ഉള്‍പ്പെടെയായിരുന്നു ഫോക്‌നറുടെ വെടിക്കെട്ട്. ഓസ്‌ട്രേലിയ 326 എന്ന സ്‌കോറിലേക്കെത്തിയെങ്കിലും വിജയത്തിന് അത് മതിയാവുമായിരുന്നില്ല. എങ്കിലും ഇന്ത്യയെ വിറപ്പിക്കാന്‍ ഫോക്‌നര്‍ക്ക് സാധിച്ചു.
Also Read: ഈ റെക്കോഡുകളില്‍ ഇന്ത്യക്ക് എതിരില്ല, തകര്‍ക്കുക പ്രയാസം-അഞ്ച് വമ്പന്‍ നേട്ടങ്ങളിതാ

തിലകരത്‌ന ദില്‍ഷന്‍
ശ്രീലങ്കയുടെ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ തിലകരത്‌ന ദില്‍ഷനും ഇന്ത്യക്കെതിരേ വെടിക്കെട്ട് പ്രകടനം നടത്തി പൊരുതിത്തോറ്റിട്ടുണ്ട്. 2009ല്‍ രാജ്‌കോട്ടില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 414 റണ്‍സാണ് നേടിയത്.
മറുപടിക്കിറങ്ങിയ ശ്രീലങ്കയ്ക്കായി 124 പന്തില്‍ 160 റണ്‍സാണ് ദില്‍ഷന്‍ നേടിയത്. ശ്രീലങ്ക അവസാന നിമിഷംവരെ പൊരുതി നോക്കിയെങ്കിലും 8 വിക്കറ്റ് നഷ്ടത്തില്‍ 411 റണ്‍സാണ് നേടാനായത്. ഇന്ത്യയെ അവസാന നിമിഷംവരെ വിറപ്പിച്ചാണ് ശ്രീലങ്ക കീഴടങ്ങിയത്.


Click it and Unblock the Notifications












