ചെന്നൈ: പ്രഥമ സീസണിലെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിന്റെ ഭാഗമായപ്പോള്‍ ക്യാപ്റ്റനായിരുന്ന എംഎസ് ധോണിക്കു തന്നെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നുവെന്ന് ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്റെ വെളിപ്പെടുത്തല്‍. ഇതേ തുടര്‍ന്നു അദ്ദേഹത്തിന്റെ ശ്രദ്ധയാകര്‍ഷിക്കാനുള്ള കാര്യങ്ങളാണ് പിന്നീട് താന്‍ ചെയ്തതെന്നും അശ്വിന്‍ പറയുന്നു. ധോണിക്കു കീഴില്‍ പിന്നീട് സിഎസ്‌കെ ടീമിലെ അവിഭാജ്യഘടകമായി സ്പിന്നര്‍ പിന്നീട് മാറുകയും ചെയ്തു. ഹര്‍ഷ ഭോഗലെലുമായി ക്രിക്ക്ബസിന്റെ ലൈവില്‍ വന്നപ്പോഴായിരുന്നു അശ്വിന്‍ മനസ്സ് തുറന്നത്.
ആരാണ് അശ്വിനെന്നു അന്നു ധോണിക്ക് അറിയില്ലായിരുന്നു. അതിനാല്‍ തന്നെ എങ്ങനെയെങ്കിലും അദ്ദേഹത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റാനായിരുന്നു ശ്രമിച്ചത്. ഇതിനു സാധിച്ചാല്‍ മാത്രമേ സിഎസ്‌കെ ടീമില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കൂയെന്ന് തനിക്കറിയാമായിരുന്നുവെന്നും അശ്വിന്‍ വ്യക്തമാക്കി.

ഒരു കാലത്ത് സിഎസ്‌കെയില്‍ ധോണിയുടെ തുറുപ്പുചീട്ടായിരുന്നു അശ്വിന്‍. ഇന്നിങ്‌സിലെ ആദ്യ ഓവര്‍ തന്നെ ചില മല്‍സരങ്ങളില്‍ അദ്ദേഹം അശ്വിനോട് ബൗള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസ് ഓപ്പണര്‍ ക്രിസ് ഗെയ്‌ലിനെ പുറത്താക്കാനുള്ള ദൗത്യം പലപ്പോഴും അശ്വിനെയാണ് ധോണി ഏല്‍പ്പിച്ചിരുന്നത്. 2011ല്‍ സിഎസ്‌കെ തങ്ങളുടെ രണ്ടാം ഐപിഎല്‍ കിരീടം സ്വന്തമാക്കിയ സീസണിലാണ് അശ്വിന്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയത്. സീസണില്‍ 16 മല്‍ സരങ്ങളില്‍ നിന്നും 20 വിക്കറ്റുകള്‍ അദ്ദേഹം കൊയ്തിരുന്നു.
സിഎസ്‌കെയ്‌ക്കൊപ്പമുള്ള മികച്ച പ്രകടനങ്ങളെ തുടര്‍ന്ന് അന്നു ഇന്ത്യന്‍ ടീമിന്റെയും ക്യാപ്റ്റനായിരുന്ന ധോണി ദേശീയ ടീമിലും അശ്വിന് അവസരം നല്‍കി. വൈകാതെ ദേശീയ ടീമിലെയും നിര്‍ണായ താരമായി സ്പിന്നര്‍ മാറി. 2010ലായിരുന്നു അദ്ദേഹം ഇന്ത്യക്കു വേണ്ടി അരങ്ങേറിയത്. ധോണിക്കു പകരം വിരാട് കോലി നായകസ്ഥാനത്തേക്കു വന്നതോടെ നിശ്ചിത ഓവര്‍ ടീമില്‍ സ്ഥാനം നഷ്ടമായെങ്കിലും ടെസ്റ്റില്‍ അശ്വിന്‍ ഇപ്പോഴും ടീം ഇന്ത്യയുടെ ഭാഗമാണ്.

ഐപിഎല്ലിന്റെ പുതിയ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടിയാണ് അശ്വിന്‍ പന്തെറിയുക. കഴിഞ്ഞ രണ്ടു സീസണുകളിലും കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റനായിരുന്നു അദ്ദേഹം. എന്നാല്‍ രണ്ടു സീസണുകളിലും ടീമിനെ പ്ലേഓഫിലെത്തിക്കാന്‍ അശ്വിനു സാധിച്ചില്ല. ഇതേ തുടര്‍ന്നാണ് താരത്തെ ഡല്‍ഹിക്കു കൈമാറാന്‍ പഞ്ചാബ് തീരുമാനിച്ചത്.