ASIA CUP: 'കിങ് ഈസ് ബാക്ക്', സച്ചിന്റെയും പോണ്ടിങ്ങിന്റെയും റെക്കോഡ് തകര്‍ത്തു, അറിയാം

ദുബായ്: ഏഷ്യാ കപ്പില്‍ ഫൈനല്‍ സീറ്റില്ലാതെ നാണംകെട്ട് പുറത്തായ ഇന്ത്യക്ക് അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലൂടെ ലഭിച്ചത് കിരീടത്തെക്കാളും വലിയ സന്തോഷം നല്‍കുന്ന നേട്ടമാണ്. ഇന്ത്യയുടെ മുന്‍ നായകനും ബാറ്റിങ് ഇതിഹാസവുമായ വിരാട് കോലി മോശം ഫോമിലായിട്ട് മൂന്ന് വര്‍ഷത്തിലേറെയായിരുന്നു. സെഞ്ച്വറി കണ്ടെത്താന്‍ പ്രയാസപ്പെട്ട് വിമര്‍ശന ശരങ്ങള്‍ ഏറ്റുവാങ്ങിയ കോലി അഫ്ഗാനിസ്ഥാനെതിരേ രാജകീയമായി തിരിച്ചെത്തിയിരിക്കുകയാണ്. 1020 ദിവസത്തെ കാത്തിരിപ്പിന് വിരാമമിട്ട് വെടിക്കെട്ട് സെഞ്ച്വറിയാണ് കോലി നേടിയെടുത്തത്.
അതും ഇതുവരെ സെഞ്ച്വറി നേടാത്ത ടി20യില്‍. 61 പന്തുകള്‍ നേരിട്ട് 12 ഫോറും 6 സിക്‌സും ഉള്‍പ്പെടെ 200 സ്‌ട്രൈക്കറേറ്റില്‍ 122* റണ്‍സാണ് കോലി നേടിയത്. മനോഹരമായ ഷോട്ടുകളുടെ കളി വിരുന്ന് തന്നെയാണ് കോലി ആരാധകര്‍ക്ക് നല്‍കിയതെന്ന് പറയാം. രാജകീയമായ തിരിച്ചുവരവോടെ കോലി പല വമ്പന്‍ റെക്കോഡുകളും സ്വന്തം പേരിലാക്കിയിരിക്കുകയാണ്.

അതില്‍ പ്രധാനപ്പെട്ടത് സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും റിക്കി പോണ്ടിങ്ങിന്റെയും റെക്കോഡ് തകര്‍ത്തതാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 71 അന്താരാഷ്ട്ര സെഞ്ച്വറി നേടുന്ന താരമെന്ന ബഹുമതിയാണ് കോലി ഇപ്പോള്‍ സ്വന്തം പേരിലാക്കിയിരിക്കുന്നത്. 522 ഇന്നിങ്‌സില്‍ നിന്നാണ് കോലി ഈ നേട്ടത്തിലേക്കെത്തിയത്. ഈ നേട്ടത്തിലെത്താന്‍ റിക്കി പോണ്ടിങ് 668 ഇന്നിങ്‌സാണെടുത്തത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 സെഞ്ച്വറിയുള്ള സച്ചിന്‍ ഈ നേട്ടത്തിലെത്തിയത് 782 ഇന്നിങ്‌സില്‍ നിന്നാണ്.
IND vs PAK: 'ഇപ്പോഴും അത് മനസിലാവുന്നില്ല', ഇന്ത്യയുടെ പ്ലേയിങ് 11 വിമര്‍ശിച്ച് ഗവാസ്‌കര്‍

കോലിയെ ടി20 ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കണമെന്ന് പോലും പലരും അഭിപ്രായപ്പെട്ടിരുന്നു. കോലിയുടെ മോശം സ്‌ട്രൈക്കറേറ്റ് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാല്‍ 96 ഇന്നിങ്‌സുകള്‍ക്കൊടുവില്‍ കോലി തന്റെ ആദ്യ അന്താരാഷ്ട്ര ടി20 സെഞ്ച്വറി നേടി വിമര്‍ശകരുടെയെല്ലാം വായടപ്പിച്ചിരിക്കുന്നു. 71 സെഞ്ച്വറിയോടെ റിക്കി പോണ്ടിങ്ങിന്റെ 71 അന്താരാഷ്ട്ര സെഞ്ച്വറിക്കൊപ്പമെത്താനും കോലിക്ക് സാധിച്ചിരിക്കുകയാണ്. 2019 നവംബര്‍ 23ന് ബംഗ്ലാദേശിനെതിരേ ടെസ്റ്റില്‍ സെഞ്ച്വറി നേടിയ ശേഷം കോലിക്ക് ഹെല്‍മറ്റൂരി കാണികളെ അഭിവാദ്യം ചെയ്യാന്‍ സാധിക്കുന്നത് ഇതാദ്യമായാണ്.

കൂടാതെ അന്താരാഷ്ട്ര ടി20യില്‍ 3500 റണ്‍സെന്ന നാഴികക്കല്ല് പിന്നിടുന്ന രണ്ടാമത്തെ ബാറ്റ്‌സ്മാനായും കോലി മാറി. രോഹിത് ശര്‍മയാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലേക്കെത്തിയത്. കൂടാതെ ഇന്ത്യക്കായി 100ലധികം സിക്‌സുകള്‍ നേടുന്ന രണ്ടാമത്തെ താരമാവാനും കോലിക്കായി. 104 സിക്‌സുകളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. മാര്‍ട്ടിന്‍ ഗുപ്റ്റില്‍ 172, രോഹിത് ശര്‍മ 171 എന്നിവരാണ് കോലിക്ക് മുന്നിലുള്ളത്.
ഇന്ത്യക്കാരന്റെ ടി20യിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡും കോലി സ്വന്തം പേരിലാക്കിയിരിക്കുന്നു. രോഹിത് ശര്‍മയുടെ 118 റണ്‍സിന്റെ റെക്കോഡാണ് കോലി തകര്‍ത്തത്. കോലിയുടെയും ടി20യിലെ ഉയര്‍ന്ന സ്‌കോറാണിത്. ആര്‍സിബിക്കായി 113 റണ്‍സ് നേടിയതായിരുന്നു ടി20യിലെ കോലിയുടെ ഇതിന് മുമ്പത്തെ ഉയര്‍ന്ന സ്‌കോര്‍.
ASIA CUP: 'മൂക്കാതെ പഴുത്തു', റിഷഭിന് ഇപ്പോഴും അത് മനസിലായിട്ടില്ല, പുറത്താക്കണം-സഞ്ജയ്

കൂടാതെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 24000 റണ്‍സ് പൂര്‍ത്തിയാക്കാനും കോലിക്കായി. രാഹുല്‍ ദ്രാവിഡിന്റെ റെക്കോഡിനെ മറികടക്കാന്‍ കോലിക്ക് ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. എന്തായാലും ടി20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് ഇപ്പോള്‍ കോലി കാഴ്ചവെച്ചിരിക്കുന്നത്. കോലി ഫോമിലേക്കെത്തിയത് ടീമിലെ സഹതാരങ്ങള്‍ക്ക് വലിയ ഊര്‍ജ്ജമാവും.

അഫ്ഗാനിസ്ഥാനെതിരേ ഇന്ത്യ 101 റണ്‍സിന്റെ ജയമാണ് നേടിയെടുത്തത്. ഇന്ത്യ മുന്നോട്ട് വെച്ച 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അഫ്ഗാനിസ്ഥാന് 8 വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സാണ് നേടാനായത്. കോലിയെക്കൂടാതെ കെ എല്‍ രാഹുല്‍ (62) അര്‍ധ സെഞ്ച്വറിയോടെ ബാറ്റിങ്ങില്‍ തിളങ്ങി. ഭുവനേശ്വര്‍ കുമാര്‍ റെക്കോഡ് ബൗളിങ് പ്രകടനമാണ് കാഴ്ചവെച്ചത്. നാല് ഓവറില്‍ വെറും 4 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. ടി20യില്‍ ഇന്ത്യക്കായി 2 തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്ന ആദ്യത്തെ ബൗളറാവാനും ഭുവിക്കായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications