ASIA CUP: ഇന്ത്യയുടെ കളി ഗംഭീരം, പക്ഷെ വളരെ വൈകിപ്പോയി, വിലയിരുത്തി ഇന്‍സമാം

ദുബായ്: ഏഷ്യാ കപ്പില്‍ ഫൈനല്‍ കാണാതെ ഇന്ത്യ പുറത്തായത് ആരാധകരെ ശരിക്കും ഞെട്ടിക്കുന്നതായിരുന്നു. രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് തുടങ്ങി വന്മരങ്ങളെല്ലാം ഇന്ത്യക്കൊപ്പമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ കിരീട പ്രതീക്ഷകളും സജീവമായിരുന്നു. എന്നാല്‍ ഇന്ത്യ എല്ലാ പ്രതീക്ഷകളും തെറ്റിച്ചാണ് സൂപ്പര്‍ ഫോറില്‍ രണ്ട് മത്സരങ്ങള്‍ തോറ്റത്.
ചിരവൈരികളായ പാകിസ്താനോട് അഞ്ച് വിക്കറ്റിന് തോറ്റ ഇന്ത്യ ശ്രീലങ്കയോട് ആറ് വിക്കറ്റിനും മുട്ടുകുത്തി. നാണംകെട്ട പ്രകടനമായിരുന്നു ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളെല്ലാം പുറത്തെടുത്തത്. അവസാന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ 101 റണ്‍സിന് ഇന്ത്യ തകര്‍ത്തുവിട്ടു. വിരാട് കോലിയുടെ സെഞ്ച്വറി പ്രകടനവും ഭുവനേശ്വര്‍ കുമാറിന്റെ അഞ്ച് വിക്കറ്റ് പ്രകടനവുമെല്ലാം ഇന്ത്യക്ക് സന്തോഷം നല്‍കുന്ന കാര്യങ്ങളായിരുന്നു.

എന്നാല്‍ ഈ ജയം കൊണ്ട് യാതൊരു കാര്യവുമില്ലാതെ പോയി. ഇപ്പോഴിതാ അഫ്ഗാനിസ്ഥാനെതിരേ ഇന്ത്യയുടെ ജയം ഗംഭീരമായിരുന്നെങ്കിലും വളരെ വൈകിപ്പോയെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ ഇതിഹാസ നായകന്‍ ഇന്‍സമാം ഉല്‍ ഹഖ്. 'ഇന്ത്യയുടെ ജയം വളരെ വൈകിപ്പോയി. അഫ്ഗാനിസ്ഥാനെതിരേ ഇന്ത്യന്‍ താരങ്ങള്‍ നടത്തിയ പ്രകടനമാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. കെ എല്‍ രാഹുലും വിരാട് കോലിയും മികച്ച പ്രകടനമാണ് നടത്തിയത്. ഈ ആക്രമണോത്സകതയാണ് വേണ്ടത്. എന്നാല്‍ ഈ ജയം ടൂര്‍ണമെന്റില്‍ ടീമിന് യാതൊരു ഗുണവും ചെയ്യാതെ പോയി'-ഇന്‍സമാം പറഞ്ഞു.
വിരാട് കോലി മൂന്ന് വര്‍ഷത്തിലേറെയായുള്ള കാത്തിരിപ്പിന് വിരാമമിട്ടാണ് സെഞ്ച്വറി നേട്ടത്തിലേക്കെത്തിയത്. ടി20യില്‍ ഇതുവരെ ഇന്ത്യന്‍ ജഴ്‌സിയില്‍ കോലിക്ക് സെഞ്ച്വറിയില്ലായിരുന്നു. ഈ ക്ഷീണം മാറ്റിയുള്ള പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. 61 പന്തുകള്‍ നേരിട്ട് 12 ഫോറും 6 സിക്‌സും ഉള്‍പ്പെടെ പുറത്താവാതെ 122 റണ്‍സാണ് കോലി നേടിയത്. 200 സ്‌ട്രൈക്കറേറ്റിലായിരുന്നു അദ്ദേഹത്തിന്റെ വെടിക്കെട്ട്.
IND vs PAK: 'ഇപ്പോഴും അത് മനസിലാവുന്നില്ല', ഇന്ത്യയുടെ പ്ലേയിങ് 11 വിമര്‍ശിച്ച് ഗവാസ്‌കര്‍

മോശം ഫോമിലായിരുന്ന കെ എല്‍ രാഹുലും താളം കണ്ടെത്തി. 41 പന്തില്‍ 6 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 150 പ്ലസ് സ്‌ട്രൈക്കറേറ്റിലാണ് രാഹുലിന്റെ മിന്നും പ്രകടനം. മോശം ഫോമിന്റെ പേരില്‍ വിമര്‍ശനം നേരിട്ട രാഹുലും തിരിച്ചുവരവ് പ്രതീക്ഷ നല്‍കുന്ന പ്രകടനം കാഴ്ചവെച്ചു. ടി20 ലോകകപ്പ് വരാനിരിക്കെ രാഹുലിന്റെയും കോലിയുടെയും പ്രകടനം ഇന്ത്യക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നു.

വിരാട് കോലി ഫോമിലേക്കെത്തേണ്ടത് ഇന്ത്യയുടെ ജയത്തില്‍ പ്രധാനപ്പെട്ടതാണെന്നും ഇന്‍സമാം വിലയിരുത്തി. '1000 ദിവസങ്ങള്‍ ശേഷം വിരാട് കോലി സെഞ്ച്വറിയിലേക്കെത്തിയത് ഇന്ത്യക്ക് സന്തോഷം നല്‍കുന്നു. മുന്നോട്ട് പോകുമ്പോള്‍ ഇന്ത്യക്ക് ജയം സ്വന്തമാക്കാന്‍ കോലി ഫോമിലേക്കെത്തേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കോലിക്ക് വലിയ സമ്മര്‍ദ്ദമാണ് ഇപ്പോള്‍ ഒഴിവായത്. ഇപ്പോള്‍ കൂടുതല്‍ ശാന്തതയോടെ കളിക്കാന്‍ അവന് സാധിക്കുന്നു.

ഈ ടൂര്‍ണമെന്റില്‍ ഇന്ത്യ നേരിട്ട പ്രധാന പ്രശ്‌നം സമ്മര്‍ദ്ദമാണ്. വലിയ ടീമാണ് ഇന്ത്യ. അതുകൊണ്ട് തന്നെ വലിയ മത്സരങ്ങളിലും പ്രതിസന്ധി നിറഞ്ഞ സാഹചര്യത്തിലും ഇന്ത്യ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നടത്തേണ്ടതായുണ്ട്. വലിയ സാഹചര്യത്തില്‍ ഇന്ത്യ നിരാശപ്പെടുത്തുന്നത് ടീമിന് ഗുണം ചെയ്യുന്ന കാര്യമല്ല'-ഇന്‍സമാം കൂട്ടിച്ചേര്‍ത്തു.
ASIA CUP: 'മൂക്കാതെ പഴുത്തു', റിഷഭിന് ഇപ്പോഴും അത് മനസിലായിട്ടില്ല, പുറത്താക്കണം-സഞ്ജയ്

ഇന്ത്യക്ക് മുന്നിലുള്ള അടുത്ത വെല്ലുവിളി ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക പരമ്പരയാണ്. ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് കരുത്തുകാട്ടാനുള്ള പരമ്പരയാണിത്. രണ്ട് പരമ്പരകളിലും കസറിയാന്‍ ഇന്ത്യക്ക് ടി20 ലോകകപ്പില്‍ ഇന്ത്യക്ക് കൂടുതല്‍ ആത്മവിശ്വാസം ലഭിക്കും. രോഹിത് ശര്‍മയെന്ന നായകനെ സംബന്ധിച്ചും അഭിമാന പോരാട്ടമാണ് വരാനിരിക്കുന്നത്. ഈ മാസം 20നാണ് ഇന്ത്യയുടെ ഓസീസ് പരമ്പര ആരംഭിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications