
രഞ്ജി അരങ്ങേറ്റത്തില്‍ സെഞ്ച്വറി
രഞ്ജി ട്രോഫിയിലെ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ തകര്‍പ്പന്‍ സെഞ്ച്വറി നേടിയാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ കഴിവ് തെളിയിച്ചിരിക്കുന്നത്. അച്ഛന്റെ മേല്‍വിലാസം തനിക്കാവശ്യമില്ലെന്നും അതില്ലാതെ തന്നെ ക്രിക്കറ്ററെന്ന നിലയില്‍ തനിക്കു ഉയരങ്ങളിലെത്താന്‍ കഴിയുമെന്നും അദ്ദേഹം തെളിയിച്ചിരിക്കുകയാണ്.

സച്ചിന്റെ റെക്കോര്‍ഡിനൊപ്പം
അച്ഛന്റെ വമ്പന്‍ റെക്കോര്‍ഡിനൊപ്പവും സെഞ്ച്വറി നേട്ടത്തോടൊപ്പം അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ എത്തിയിരിക്കുകയാണ്. നേരത്തേ സച്ചിനും രഞ്ജിയിലെ അരങ്ങേറ്റ മല്‍സരത്തില്‍ സെഞ്ച്വറിയുമായി വരവറിയിച്ചിരുന്നു. ഇപ്പോള്‍ അച്ഛന്റെ പാത പിന്തുടര്‍ന്ന് അര്‍ജുനും ഇതാവര്‍ത്തിച്ചിരിക്കുകയാണ്.
ആഭ്യന്തര ക്രിക്കറ്റില്‍ ഗോവയ്ക്കു വേണ്ടി കളിക്കവെയാണ് അര്‍ജുന്‍ ആഭ്യന്തര ക്രിക്കറ്റിലെ ആദ്യത്തെ സെഞ്ച്വറി കണ്ടെത്തിയിരിക്കുന്നത്.
Also Read: ഇന്ത്യക്കായി കളിക്കാനല്ല, യുവതാരങ്ങള്‍ ആഗ്രഹിക്കുന്നത് ഐപിഎല്‍ കളിക്കാന്‍-ഹോഗ്

സച്ചിന്റെ നേട്ടം 1988ല്‍
1988ല്‍ മുംബൈയ്ക്കു വേണ്ടി കളിക്കവെയായിരുന്നു തന്റെ 15ാം വയസ്സില്‍ തന്നെ അരങ്ങേറ്റ മല്‍സത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സെഞ്ച്വറിയടിച്ചത്. 34 വര്‍ഷങ്ങള്‍ക്കു ശേഷമാണ് 23ാം വയസ്സില്‍ അര്‍ജുനും ഇതാവര്‍ത്തിച്ചിരിക്കുന്നത്.
രാജസ്ഥാനെതിരായ മല്‍സരത്തിലായിരുന്നു കളിയുടെ രണ്ടാംദിനം അദ്ദേഹം മൂന്നക്കത്തിലെത്തിയത്. ഏഴാമനായി ക്രീസിലെത്തിയാണ് അര്‍ജുന്റെ നേട്ടം. രണ്ടാം ദിനം കളി നിര്‍ത്തിയപ്പോള്‍ പുറത്താവാതെ 112 റണ്‍സോടെ താരം ക്രീസിലുണ്ട്. 195 ബോളുകള്‍ നേരിട്ട അര്‍ജുന്‍ 15 ബൗണ്ടറികളും രണ്ടു സിക്‌സറുമടിച്ചു.

എന്തുകൊണ്ട് മുംബൈ വിട്ടു?
അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ കഴിഞ്ഞ സീസണ്‍ വരെ മുംബൈയുടെ ഭാഗമായിരുന്നു. പക്ഷെ താരനിബിഡമായ മുംബൈ ടീമില്‍ പലപ്പോഴും അദ്ദേഹത്തിനു മതിയായ അവസരങ്ങള്‍ ലഭിച്ചില്ല. ഇതോടെയാണ് ഈ സീസണിനു മുമ്പ് അര്‍ജുന്‍ മുംബൈ വിട്ട് ഗോവയിലേക്കു മാറിയത്.
ഗോവയിലേക്കുള്ള താരത്തിന്റെ കൂടുമാറ്റം ഫലവും ചെയ്തിരിക്കുകയാണ്. തന്നെക്കുറിച്ച് പലര്‍ക്കമുള്ള മുന്‍ ധാരണകളെയെല്ലാം ഈ സെഞ്ച്വറിയോടെ അര്‍ജുന്‍ മായ്ച്ച് കളഞ്ഞിരിക്കുകയാണ്.
Also Read: IND vs BAN: വിറച്ച് ഇന്ത്യന്‍ ടോപ് ഓഡര്‍, രാഹുലും ഗില്ലും കോലിയും ഫ്‌ളോപ്പ്, തുടക്കം മോശം

രണ്ടു മല്‍സരം മാത്രം
2020-21ലെ സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20യില്‍ മുംബൈ ടീമിന്റെ ഭാഗമായിരുന്നു അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. മണിപ്പൂരുമായുള്ള മാച്ചില്‍ താരം രണ്ടു വിക്കറ്റുകളെടുക്കുകയും ചെയ്തു.
ഈ വര്‍ഷം ആഗസ്റ്റിലായിരുന്നു മുംബൈ വിടാന്‍ താന്‍ ആഗ്രഹിക്കുന്നതായി അര്‍ജുന്‍ വെളിപ്പെടുത്തിയത്. ഒക്ടോബറില്‍ ഗോവയിലേക്കു താരം കൂടുമാറുകയും ചെയ്തു. നിലവില്‍ മുന്‍ ഇതിഹാസ താരം യുവരാജ് സിങിന്റെ അച്ഛന്‍ യോഗ്‌രാജ് സിങിനു കീഴിലാണ് അര്‍ജുന്‍ പരിശീലനം നടത്തിക്കൊണ്ടിരിക്കുന്നത്.

ഗോവയ്ക്കായി ബൗളിങില്‍ മിന്നിച്ചു
ഗോവയ്ക്കു വേണ്ടി രഞ്ജി ട്രോഫിയിലെ അരങ്ങേറ്റടത്തില്‍ സെഞ്ച്വറിയടിക്കുന്നതിനു മുമ്പ് തന്നെ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ തന്റെ സാന്നിധ്യമറിയിച്ചിരുന്നു. അതുപക്ഷെ ബാറ്റിങിലായിരുന്നില്ല, ബൗളിങിലായിരുന്നുവെന്നു മാത്രം.
സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ ഗോവയ്ക്കു വേണ്ടി 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അര്‍ജുന്‍ നാലു പേരെ പുറത്താക്കിയിരുന്നു. താരത്തിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം കൂടിയായിരുന്നു ഇത്.


Click it and Unblock the Notifications











