World Cup 2023: പടയൊരുക്കം പ്രധാനം, ചാംപ്യന്‍മാരാവാന്‍ ഇന്ത്യ എന്തു ചെയ്യണം? അറിയാം

വീണ്ടുമൊരു ഐസിസി ലോകകപ്പ് ഈ വര്‍ഷം നടക്കാനിരിക്കുകയാണ്. ഏകദിന ലോകകപ്പിനു ഇത്തവണ ആതിഥേയത്വം വഹിക്കുന്നത് ഇന്ത്യയാണ്. ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലായിട്ടാണ് ക്രിക്കറ്റിലെ മഹാമാമാങ്കത്തിനു രാജ്യം ആതിഥേയത്വം വഹിക്കുക. 2011ല്‍ അവസാനാമായി ലോകകപ്പ് വിരുന്നെത്തിയപ്പോള്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു കീഴില്‍ ഇന്ത്യ കപ്പുയര്‍ത്തിയിരുന്നു. അതിനു ശേഷം ചാംപ്യന്‍മാരാവാനുള്ള ഭാഗ്യം ഇന്ത്യക്ക് ഉണ്ടായതുമില്ല.
ഇത്തവണ വീണ്ടുമൊരു ലോകകപ്പ് സ്വന്തം നാട്ടിലേക്കു വരുമ്പോള്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ വാനോളമാണ്. രോഹിത് ശര്‍മയും വിരാട് കോലിയുമുള്‍പ്പെടുന്ന ഇന്ത്യന്‍ സുവര്‍ണ തലമുറയ്ക്കു ലോക ചാംപ്യന്മാരാവാനുള്ള അവസാന അവസരമായിരിക്കും ഇത്. അതുകൊണ്ടു തന്നെ കിരീടത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ ലക്ഷ്യമിടുന്നില്ല. ഈ വര്‍ഷം ഇന്ത്യയുടെ പ്രധാന ശ്രദ്ധയും ഏകദിന ഫോര്‍മാറ്റില്‍ തന്നെയാണ്.
ലോകിരീടമെന്ന മോഹം യാഥാര്‍ഥ്യമാവണമെങ്കില്‍ ഇന്ത്യക്കു മികച്ച തയ്യാറെടുപ്പ് തന്നെ ആവശ്യമാണ്. ഇനിയുള്ള മാസങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്. വീക്ക്‌നെസുകള്‍ തിരിച്ചറിഞ്ഞ് അതു പരിഹരിക്കാനുള്ള നീക്കങ്ങള്‍ നടത്തിയെങ്കില്‍ മാത്രമേ ലോക കിരീടം ഇന്ത്യ പ്രതീക്ഷിക്കേണ്ടതുള്ളൂ. 2015, 2019 വര്‍ഷങ്ങളിലെ ലോകകപ്പുകളുടെ സെമിയില്‍ ഇന്ത്യക്കു കാലിടറിയിരുന്നു. ഇത്തവണ വീണ്ടുമൊരു സെമി കൊണ്ട് തൃപ്തിപ്പെടാന്‍ ഇന്ത്യ തയ്യാറാവില്ല. ചില കാര്യങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ ഇന്ത്യക്കു ഇത്തവണ ചാംപ്യന്മാരാവാം. എന്തൊക്കെയാണെന്നു പരിശോധിക്കാം.

ദ്വിരാഷ്ട്ര പരമ്പരകള്‍ തയ്യാറെടുപ്പ്
കളിക്കുന്ന എല്ലാ ദ്വിരാഷ്ട്ര ഏകദിന പരമ്പരകളും അടുത്ത ലോകകപ്പിനുള്ള തയ്യാറെടുപ്പായിട്ടാവണം ഇന്ത്യ പരിഗണിക്കേണ്ടത്. ദ്വിരാഷ്ട്ര പരമ്പരകളില്‍ വിജയിക്കുന്നതില്‍ അസാധാരണ മിടക്ക് തന്നെ പുലര്‍ത്തുന്ന ടീമാണ് ഇന്ത്യ. പക്ഷെ ഈ പ്രകടനം ലോകകപ്പ് പോലെയുള്ള വലിയ ടൂര്‍ണമെന്റുകളിലേക്കു വരുമ്പോള്‍ ഇന്ത്യക്കു ആവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല.
അതുകൊണ്ടു തന്നെ ലോകകപ്പ് മല്‍സരങ്ങളുടെ അതേ ഗൗരവത്തോടെ തന്നെ ദ്വിരാഷ്ട്ര പരമ്പരകളെയും ഇന്ത്യ സമീപിക്കണം. പുതിയ തന്ത്രങ്ങളും കോമ്പിനേഷനുകളും ഇന്ത്യക്കു പരീക്ഷിക്കുകയും ചെയ്യാം.
ദ്വിരാഷ്ട്ര പരമ്പരകളില്‍ ഇന്ത്യയുടെ മികച്ച റെക്കോര്‍ഡിനെ ചിലപ്പോള്‍ ഇതു ബാധിച്ചേക്കാമെങ്കിലും ഐസിസി ടൂര്‍ണമെന്റുകളിലെ നിര്‍ണായക മല്‍സരങ്ങളില്‍ ഇതിന്റെ ഗുണം ലഭിക്കും.

അനുയോജ്യരായ പകരക്കാര്‍
ടീമിലെ ഏറ്റവും പ്രധാനപ്പെട്ട, നിര്‍ണായ കളിക്കാരുടെ പകരക്കാരെ അടുത്ത ലോകകപ്പിനു മുമ്പ് ഇന്ത്യ കണ്ടു വയ്‌ക്കേണ്ടതുണ്ട്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും സൂപ്പര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും ഇപ്പോള്‍ പരിക്കേറ്റു വിശ്രമത്തിലാണ്. ലോകത്തിലെ ഏറ്റവും മികച്ച രണ്ടു ക്രിക്കറ്റര്‍മാരാണ് ഇരുവരും. ഇടയ്ക്കിടെ ഇവര്‍ക്കു പരിക്കേല്‍ക്കുന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ ആശങ്ക തന്നെയാണ്.
2020 മുതലുള്ള കണക്കുകളെടുത്താല്‍ കളിച്ചതിനേക്കാള്‍ കൂടുതല്‍ മല്‍സരങ്ങള്‍ ബുംറയ്ക്കു നഷ്ടമായിട്ടുണ്ട്. ജഡേജയാവട്ടെ ശസ്ത്രക്രിയക്കു വിധേയനായി മാസങ്ങളായി വിശ്രമത്തിലാണ്. ലോകകപ്പിനു ഇനി മാസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ.
അതുകൊണ്ടു തന്നെ ഇരുവരുടെയും അഭാവം നികത്താന്‍ ശേഷിയുള്ള മികച്ച താരങ്ങളെ ഇന്ത്യ കണ്ടെത്തിയേ തീരൂ. ബുംറ, ജഡേജ എന്നിവരുടെ മാത്രമല്ല ടീമിലെ മറ്റു ചില നിര്‍ണായക താരങ്ങളുടെയും മികച്ച ബാക്കപ്പുകളെ ലോകകപ്പിനു മുമ്പ് ഇന്ത്യ കണ്ടു വയ്‌ക്കേണ്ടതുണ്ട്.

ഐപിഎല്‍ മാനദണ്ഡമാക്കരുത്
ഏകദിന ടീം സെലക്ഷനിലേക്കു ഐപിഎല്ലില്‍ താരങ്ങളുടെ പ്രകടനം മാത്രം മാനദണ്ഡമാക്കരുത് എന്നതാണ് ഇന്ത്യ ശ്രദ്ധിക്കേണ്ട മൂന്നാമത്തെ കാര്യം. കാരണം ടി20യില്‍ മികച്ച പ്രകടനം നടത്തിയതുകൊണ്ടു മാത്രം ഒരു താരത്തിനു ഏകദിനത്തിലും തിളങ്ങാന്‍ സാധിക്കുമെന്ന് ഉറപ്പിക്കാന്‍ കഴിയില്ല. ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് നിലവില്‍ ടി20യിലെ നമ്പര്‍ വണ്‍ താരമായ സൂര്യകുമാര്‍ യാദവ്.
മറ്റൊരു കാര്യം ഐപിഎല്ലിന്റെ ഒരു സീസണില്‍ 14-16 മല്‍സരങ്ങള്‍ മാത്രമേയുണ്ടാവുകയുള്ളൂ. ഈ മല്‍സരങ്ങളിലെ പ്രകടനം കൊണ്ടു മാത്രം ഒരു താരത്തെയും അളക്കാന്‍ സാധിക്കില്ല. അതിനാല്‍ ഒരു സീസണില്‍ തിളങ്ങിയെന്നതു കണക്കിലെടുത്ത് ആ താരത്തെ ഉടന്‍ ഇന്ത്യന്‍ ഏകദിന ടീമിലുമെടുത്താല്‍ പ്രതീക്ഷിച്ച ഫലം ലഭിക്കണമെന്നില്ല.
ടി20യില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് ഏകദിനമെന്നതില്‍ സംശയമില്ല. ടി20യില്‍ 2-3 മണിക്കൂറുകള്‍ മാത്രമേ ഒരു താരത്തിനു സമ്മര്‍ദ്ദത്തെ അതിജീവിക്കേണ്ടതുള്ളൂ. പക്ഷെ ഏകദിനത്തില്‍ ഇതു 10 മണിക്കൂറിനു മുകളിലായിരിക്കും.
അതുകൊണ്ടു തന്നെ ടി20യെ അപേക്ഷിച്ച് സമ്മര്‍ദ്ദങ്ങളെ നേരിടാനുള്ള കഴിവ് ഏകദിനത്തില്‍ കൂടുതലായി വേണം. ഇത്തരത്തിലുള്ള കളിക്കാരെയായിരിക്കണം ഏകദിന ടീമിലേക്കു ഇന്ത്യ പരിഗണിക്കേണ്ടത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications