ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം കസാക്കിസ്താനിലേക്കു വിമാനം കയറി. ആവേശകരമായ കലാശപ്പോരില്‍ 17ാം സീഡായ കസാക്കിസ്താന്റെ എലേന റൈബാക്കിന കിരീടത്തില്‍ മുത്തമിട്ടു. ടുണീഷ്യയുടെ ഒന്‍സ് ജാബ്യുറിനെ ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കു വീഴ്ത്തിയാണ് എലേന തന്റെ കന്നി ഗ്രാന്റ്സ്ലാം ട്രോഫി സ്വന്തമാക്കിയത്. സ്കോര്‍ 3-6, 6-2, 6-2.
ഗ്രാന്റ്സ്ലാം കിരീടം സ്വന്തമാക്കിയ ആദ്യത്തെ കസാക്കിസ്താന്‍ താരമെന്ന റെക്കോര്‍ഡും അവര്‍ സ്വന്തം പേരിലാക്കിക്കിയിരിക്കുകയാണ്. 2011ല്‍ പെട്ര ക്വിറ്റോവയ്ക്കു ശേഷം വിംബിള്‍ഡണ്‍ ചൂടിയ ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ് 23 കാരിയായ എലേന. ഒരു ഒരു ഗ്രാന്റ്സ്ലാം ഫൈനലില്‍ എലേന മല്‍സരിച്ചതും ഇതാദ്യമായിട്ടാണ്.
ഫൈനലില്‍ 29 വിന്നറുകളാണ് എലേന ഉതിര്‍ത്തത്. മറ്റൊരു ശ്രദ്ധേയമായ കാര്യം റഷ്യന്‍ താരങ്ങള്‍ക്കു വിംബിഡണില്‍ വിലക്ക് നിലനില്‍ക്കവെയാണ് മോസ്കോയില്‍ ജനിച്ച് കസാക്കിസ്താനു വേണ്ടി മല്‍സരിക്കാനിറങ്ങി എലേന ചരിത്രം കുറിച്ചിരിക്കുന്നത്.
നേരത്തേ സെമി ഫൈനലില്‍ മുന്‍ ലോക ഒന്നാംനമ്പര്‍ താരമായ റുമാനിയയുടെ സിമോണ ഹാലെപ്പിനെ അട്ടിമറിച്ചാണ് എലേന കരിയറിലെ കന്നി ഗ്രാന്റ്സ്ലാം ഫൈനലിലേക്കു ടിക്കറ്റെടുത്തത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് കസാക്ക് താരം ഹാലെപ്പിന്റെ കഥ കഴിച്ചത്. സ്കോര്‍: 6-3, 6-3. അതേസമയം, സെമിയില്‍ തത്യാന മരിയയെ വീഴ്ത്തിയാണ് ഒന്‍സിന്റെ ഫൈനല്‍ പ്രവേശനം. 6-2, 3-6, 6-1 എന്ന സ്കോറിനായിരുന്നു ടുണീഷ്യന്‍ താരത്തിന്റെ വിജയം.