ലണ്ടന്‍: തന്റെ ഏഴാം വിംബിള്‍ഡണ്‍ കിരീടം നേടി ലോക ഒന്നാം നമ്പര്‍ താരം സെറീനാ വില്യംസ് സ്റ്റെഫി ഗ്രാഫിന്റെ 22 ഗ്രാന്‍സ്ലാമെന്ന റെക്കോര്‍ഡിനൊപ്പമെത്തി. നാലാം സീഡ് ജര്‍മനിയുടെ ആഞ്ജലീന കെര്‍ബറിനെ നേരിട്ടുള്ള സെറ്റുകളില്‍ സെറീന വിംബിള്‍ഡണിലെ പുല്‍ക്കോര്‍ട്ടില്‍ വീണ്ടും കിരീടമണിഞ്ഞത്. സ്‌കോര്‍ 7-5, 6-3
ജര്‍മന്‍കാരിയായ സ്റ്റെഫി ഗ്രാഫിന്റെ റിക്കാര്‍ഡ് മറ്റൊരു ജര്‍മന്‍താരത്തെ പരാജയപ്പെടുത്തി സെറീന നേടിയതെന്നതും ശ്രദ്ധേയമായി. 24 കിരീടം നേടിയ മാര്‍ഗരറ്റ് കോര്‍ട്ടാണ് ഏറ്റവും കൂടുതല്‍ ഗ്രാന്റ്സ്ലാം നേടിയവരില്‍ ഒന്നാം സ്ഥാനത്ത്. സെമിഫൈനലില്‍ എലേന വെസ്‌നിനയെയാണ് സെറീന തോല്‍പ്പിച്ചത്. സെറീനയുടെ സഹോദരി വീനസ് വില്യംസിനെ തോല്‍പ്പിച്ചാണ് കെര്‍ബര്‍ ഫൈനലിലെത്തിയത്.

ആദ്യ സെറ്റ് ടൈബ്രേക്കറിലേക്ക് നീങ്ങിയത് ഒഴിച്ചാല്‍ ഫൈനലില്‍ സെറീനയ്ക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ കെര്‍ബര്‍ക്ക് കഴിഞ്ഞില്ല. ചില നീളന്‍ റാലികളില്‍ മനോഹരമായ ഫിനിഷിങ്ങിലൂടെ കെര്‍ബര്‍ കൈയ്യടി നേടിയെങ്കിലും ഏഴാം ഗെയിമില്‍ സെറീന ബ്രേക്ക് പോയന്റ് നേടിയതോടെ കളി കൈവിടുകയായിരുന്നു.
ആറുവീതം ഓസ്‌ട്രേലിയന്‍ യുഎസ് ഓപ്പണുകള്‍, മൂന്നു തവണ ഫ്രഞ്ച് ഓപ്പണ്‍, വിംബിള്‍ഡണില്‍ ഏഴുവട്ടം എന്നിങ്ങനെയാണ് സെറീനയുടെ ഗ്രാന്റ്സ്ലാം കിരീടങ്ങള്‍. 2012 ലെ ലണ്ടന്‍ ഒളിംമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവുമാണ് സെറീന.