ദില്ലി: വരാനിരിക്കുന്ന ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍പ്രതീക്ഷകളിലൊരാളായ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടിനു പരിക്കേറ്റു. ഇതേ തുടര്‍ന്നു ലോക ചാംപ്യന്‍ഷിപ്പില്‍ നിന്നും പിന്‍മാറുന്നതായി താരം അറിയിച്ചു. ദേശീയ ക്യാംപില്‍ വച്ചാണ് ഫോഗട്ടിന്റെ കൈമുട്ടിനു പരിക്കുപറ്റിയത്. അടുത്തിടെ നടന്ന ഏഷ്യന്‍ ഗെയിംസ് ഗുസ്തിയില്‍ ഇന്ത്യക്കു സ്വര്‍ണമെഡല്‍ സമ്മാനിച്ച താരമാണ് ഫോഗട്ട്.

ഹംഗറിയില്‍ നടക്കാനിരിക്കുന്ന ലോക ചാംപ്യന്‍ഷിപ്പില്‍ തനിക്കു പങ്കെടുക്കാന്‍ കഴിയില്ലെന്ന് ദുഖത്തോടെയാണ് അറിയിക്കുന്നതെന്നു ഫോഗട്ട് പറഞ്ഞു. രണ്ടു ദിവസങ്ങള്‍ക്കു മുമ്പാണ് പരിശീലനത്തിനിടെ കൈമുട്ടിനു പരിക്കേറ്റത്. നാലു മുതല്‍ ആറാഴ്ച വരെ വിശ്രമം വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും താരം ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ കനത്ത ആഘാതമാണ് ഫോഗട്ടിനേറ്റ പരിക്കെന്നു റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു. എംആര്‍ഐ പരിശോധനയിലാണ് താരത്തിന്റെ കൈമുട്ടിലെ അസ്ഥിക്കു ചെറിയ പൊട്ടലുള്ളതായി കണ്ടെത്തിയത്. അതുകൊണ്ടു തന്നെ ലോക ചാംപ്യന്‍ഷിപ്പില്‍ മല്‍സരിക്കുന്നത് പരിക്ക് കൂടുതല്‍ ഗുരുതരമാക്കുമെന്നും ഫെഡറേഷന്‍ വാര്‍ത്താക്കുറിപ്പിലൂടെ വിശദമാക്കി. ലോക ചാംപ്യന്‍ഷിപ്പില്‍ 50 കിഗ്രാം വിഭാഗത്തിലാണ് താരം മല്‍സരിക്കേണ്ടിയിരുന്നത്. ഈയിനത്തില്‍ മെഡല്‍ ഫേവറിറ്റ് കൂടിയായിരുന്നു ഫോഗട്ട്.