
ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ മാഞ്ചസ്റ്ററില്‍ നടക്കേണ്ടിയിരുന്ന അഞ്ചാാം ക്രിക്കറ്റി ടെസ്റ്റ് ഉപേക്ഷിക്കപ്പെട്ടതിനു പിന്നാലെ പ്രതിക്കൂട്ടിലായിരിക്കുന്നത് രണ്ടു പേരാണ്. ഒന്ന് ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിയാണെങ്കില്‍ മറ്റൊരാള്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ്. ടെസ്റ്റ് ഉപേക്ഷിക്കപ്പെടാനുള്ള പ്രധാനപ്പെട്ട കാരണക്കാര്‍ ഈ രണ്ടു പേരുമാണെന്നാണ് വിമര്‍ശനങ്ങളുയരുന്നത്. ബിസിസിഐയും ഇസിബിയും ഇപ്പോള്‍ ഇരുവര്‍ക്കുമെതിരേ തിരിയുകയും ചെയ്തിട്ടുണ്ട്.
കോച്ച് രവി ശാസ്ത്രിയുടെ പുസ്തക പ്രകാശനച്ചടങ്ങ് ഓവലിലെ നാലാം ടെസ്റ്റിനു മുമ്പ് ലണ്ടനിലെ ഒരു ഹോട്ടലില്‍ വച്ച് സംഘടിപ്പിച്ചിരുന്നു. ഇവിടെ നിന്നാണ് ഇപ്പോള്‍ അഞ്ചാം ടെസ്റ്റ് റദ്ദാക്കുന്ന ഘട്ടത്തിലേക്കു എത്തിച്ച കൊവിഡ് വ്യാപനത്തിന്റെ തുടക്കമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പുസ്തക പ്രകാശനച്ചടങ്ങളില്‍ ശാസ്ത്രിയോടൊപ്പം കോലിയും ഇന്ത്യന്‍ ടീമിലെ താരങ്ങളും പങ്കെടുത്തിരുന്നു. പക്ഷെ ഇങ്ങനെയൊരു ചടങ്ങില്‍ പങ്കെടുക്കുന്നതിനു മുമ്പ് ബിസിസിഐയില്‍ നിന്നും അനുമതി തേടിയിരുന്നില്ലെന്നാണ് വ്യക്തമായിരിക്കുന്നത്.
ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയില്‍ നിന്നോ സെക്രട്ടറി ജയ് ഷായില്‍ നിന്നോ ഇങ്ങനെയൊരു ചടങ്ങ് സംഘടിപ്പിക്കുന്നതിനു മുമ്പ് ആരും അനുമതി വാങ്ങിച്ചിട്ടില്ല. യുകെയില്‍ ആരോഗ്യ സുരക്ഷാ നിയമങ്ങളില്‍ ഇളവ് വരുത്തിയതിനാല്‍ തന്നെ അതിന്റെ ആവശ്യമില്ലെന്നു കരുതിയിട്ടാവാം ഇങ്ങനെയൊരു വീഴ്ച സംഭവിച്ചതെന്നുമാണ് കരുതുന്നതെന്നു ഒരു മുതിര്‍ന്ന ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കി.
ശാസ്ത്രിയുടെ പുസ്തക പ്രകാശനച്ചടങ്ങളില്‍ കോലിയും ഇന്ത്യന്‍ താരങ്ങളും മാത്രമല്ല പുറത്തു നിന്നും ക്ഷണിക്കപ്പെട്ട അതിഥികളും സംബന്ധിച്ചിരുന്നു. യുകെയില്‍ നിയമത്തില്‍ ഇളവുകള്‍ വരുത്തിയതിനാല്‍ ആരും തന്നെ മാസ്‌കും ചടങ്ങില്‍ ധരിച്ചിരുന്നില്ല. അനുമതിയില്ലാതെ നടത്തിയ ഈ ചടങ്ങിന്റെ പേരില്‍ ടീം മാനേജര്‍ ഗിരീഷ് ഡോംഗ്രെയില്‍ നിന്നും വിശദീകരണം തേടുമെന്നാണ് അറിയുന്നത്. ഐസിസിയുടെ ടി20 ലോകകപ്പ് അരികിലെത്തി നില്‍ക്കുന്നതിനാല്‍ ഈ സംഭവ വികാസങ്ങളുടെ പേരില്‍ കോലി, ശാസ്ത്രി എന്നിവരെ ബിസിസിഐ ശിക്ഷിക്കാനുള്ള സാധ്യത കുറവാണ്. മാത്രമല്ല ലോകകപ്പിനു ശേഷം ശാസ്ത്രിയുടെ കാലാവധിയും അവസാനിക്കുകയാണ്. അതിനാല്‍ തന്നെ ടീം മാനേജരോടായിരിക്കും ബിസിസിഐ വിശദീകരണം തേടുകയെന്ന് ഒരു ബിസിസിഐ ഒഫീഷ്യല്‍ വെളിപ്പെടുത്തി.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുമ്പ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനു കൊവിഡ് പിടിപ്പെട്ടിരുന്നു. ഇതിനു പിന്നാലെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ബിസിസിഐ തീരുമാനിക്കുകയും ചെയ്തിരുന്നു. വിംബിള്‍ഡണ്‍, യൂറോ കപ്പ് പോലെ ആളുകള്‍ കൂടുന്ന ചടങ്ങില്‍ പങ്കെടുക്കരുതെന്ന് അദ്ദേഹം താരങ്ങള്‍ക്കു കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. കാരണം ഇന്ത്യന്‍ താരങ്ങളില്‍ പലരും യൂറോ കപ്പ്, വിംബിള്‍ഡണ്‍ എന്നിവ കാണാന്‍ സ്റ്റേഡിയത്തില്‍ പോയിരുന്നു. കോച്ച് ശാസ്ത്രിയും വിംബിള്‍ഡണ്‍ വേദിയില്‍ കളി കാണുന്നതിന്റെ ഫോട്ടോ പങ്കുവച്ചിരുന്നു.
അതേസമയം, ഉപേക്ഷിക്കപ്പെട്ട അഞ്ചാം ടെസ്റ്റ് മറ്റൊരു വിന്‍ഡോയില്‍ നടത്താനുള്ള സാധ്യതയും ബിസിസിഐയും ഇസിബിയും പരിഗണിക്കുന്നുണ്ട്. ബിസിസിഐ തന്നെയാണ് ഇക്കാര്യം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. ശേഷിച്ച ടെസ്റ്റ് സംഘടിപ്പിക്കാന്‍ അനുയോജ്യമായ ഒരു വിന്‍ഡോ കണ്ടെത്താന്‍ ഇരുബോര്‍ഡുകളും ഒത്തൊരുമിച്ച് നീങ്ങുമെന്നായിരുന്നു വാര്‍ത്താക്കുറിപ്പില്‍ സൂചിപ്പിച്ചത്. അതിനിടെ ടെസ്റ്റ് ഉപേക്ഷിക്കപ്പെടുന്നതിനു മുമ്പ് മറ്റൊരു ഓപ്ഷന്‍ ഇസിബി ബിസിസിഐയ്ക്കു മുന്നില്‍ വച്ചിരുന്നു. അഞ്ചാം ടെസ്റ്റ് ഉപേക്ഷിക്കാം പക്ഷെ ഇതില്‍ ഇന്ത്യ തോല്‍വി സമ്മതിക്കണമെന്നതായിരുന്നു ഇത്. എന്നാല്‍ ക്യാപ്റ്റന്‍ കോലിയും രോഹിത് ശര്‍മയുമൊന്നും ഇതിനോടു യോജിച്ചില്ല. അത് അംഗീകരിച്ചു തരില്ലെന്നായിരുന്നു ഇവരുടെ നിലപാട്.
മറുഭാഗത്ത് അഞ്ചാം ടെസ്റ്റ് പൂര്‍ണമായി ഉപേക്ഷിച്ച് പരമ്പര 1-2നു വിട്ടുനല്‍കാന്‍ തങ്ങളും തയ്യാറല്ലെന്നു ഇസിബിയും നിലപാടെടുത്തു. ഇതേ തുടര്‍ന്നാണ് ടെസ്റ്റ് പിന്നീടൊരിക്കല്‍ നടത്താന്‍ രണ്ടു ബോര്‍ഡുകളും ആലോചിക്കുന്നത്. ഇതിലൊരു സമവായം കണ്ടെത്താനായില്ലെങ്കില്‍ ഐസിസി ഇടപെട്ടേക്കും. പരമ്പര 2-1നോ, 2-2നോ അവസാനിപ്പിക്കണമെന്ന കാര്യത്തില്‍ തീരുമാനിക്കാനുള്ള അധികാരം ഐസിസിക്കുണ്ട്.