
ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് രവി ശാസ്ത്രിക്കു കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ പരിശീലകസംഘത്തിലെ രണ്ടു പേരുടെ ഫലം കൂടി പോസിറ്റീവായിരിക്കുകയാണ്. ബൗളിങ് കോച്ച് ഭരത് അരുണ്‍, ഫീല്‍ഡിങ് കോച്ച് ആര്‍ ശ്രീധര്‍ എന്നിവര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ ആര്‍ടി പിസിആര്‍ പരിശോധനാ ഫലം പോസിറ്റീവായതായി ബിസിസിഐ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. 10 ദിവസം മൂന്നു പേരും ലണ്ടനില്‍ ക്വാറന്റീനില്‍ കഴിയും. ഇന്ത്യന്‍ സംഘത്തിലെ മറ്റുള്ളവരെല്ലാം ഈയാഴ്ച തന്നെ അവസാന ടെസ്റ്റില്‍ കളിക്കുന്നതിനായി മാഞ്ചസ്റ്ററിലേക്കു തിരിക്കും. എന്നാല്‍ ശാസ്ത്രിയക്കം കോച്ചിങ് സംഘത്തിലെ മൂന്നു പേരും ടീമിനൊപ്പമുണ്ടാവില്ല.
ആദ്യം റാപ്പിഡ് ആന്റിജന്‍ ടെസ്റ്റായിരുന്നു ബിസിസിഐ മെഡിക്കല്‍ സംഘം നടത്തിയത്. ഇതില്‍ ശാസ്ത്രിയുടെ ഫലം പോസിറ്റീവ് ആവുകയും ചെയ്തു. തുടര്‍ന്നു അദ്ദേഹത്തോടൊപ്പം കോച്ചിങ് സംഘത്തിലെ മുഴുവന്‍ പേരും ഐസൊലേഷനില്‍ പോവുകയായിരുന്നു. അരുണ്‍, ശ്രീധര്‍ എന്നിവരോടൊപ്പം ടീം ഫിസിയോ നിതിന്‍ പട്ടേലും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇവരെ പിന്നീടേ ആര്‍ടി പിസിആര്‍ ടെസ്റ്റിനും വിധേയരാക്കി. ശാസ്ത്രിയുടെ ഫലം പോസിറ്റീവായി തന്നെ തുടര്‍ന്നപ്പോള്‍ അരുണ്‍, ശ്രീധര്‍ എന്നിവര്‍ക്കും പുതുതായി രോഗം സ്ഥിരീകരിക്കുകയായിരുന്നു.
ഇന്ത്യന്‍ ടീമിലെ മുഴുവന്‍ കളിക്കാരും മറ്റു സപ്പോര്‍ട്ട് സ്റ്റാഫുമാരും ശനിയാഴ്ച വൈകീട്ടും ഞായറാഴ്ച രാവിലെയും ആന്റിജന്‍ ടെസ്റ്റിനു വിധേയരായിരുന്നു. എന്നാല്‍ എല്ലാവരുടെയും ഫലം നെഗറ്റീവായിരുന്നു. ഇതോടെയാണ് ഇംഗ്ലണ്ടിനെതിരേ ഓവലില്‍ നടക്കുന്ന നാലാം ടെസ്റ്റിന്റെ നാലാംദിനം കളിക്കാന്‍ ടീമിനു അനുമതി ലഭിച്ചത്. നാലാംദിനത്തിലെ കളി തുടങ്ങുന്നതിനു മിനിറ്റുകള്‍ മാത്രം മുമ്പായിരുന്നു ഇത്. ടീമിലെ മുഴുവന്‍ കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫുമാരും നേരത്തേ തന്നെ പ്രതിരോധ കുത്തിവയ്പ്പ് എടുത്തിരുന്നു. ടീം ഹോട്ടലില്‍ വച്ച് ശാസ്ത്രിയുടെ പുസ്തകത്തിന്റെ ലോഞ്ചിങ് നടന്നിരുന്നു. പുറത്തുനിന്നുള്ള ക്ഷണിക്കപ്പെട്ട അതിഥികളും ചടങ്ങില്‍ സംബന്ധിച്ചിരുന്നു. ഈ ചടങ്ങ് കഴിഞ്ഞതിനു ശേഷമാണ് ശാസ്ത്രിയില്‍ രോഗലക്ഷണങ്ങള്‍ കണ്ടത്.
ചടങ്ങ് നടന്ന ദിവസം രാത്രിയോടെയാണ് ശാസ്ത്രി ചില അസ്വസ്ഥതകള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങിയതെന്നു ബാറ്റിങ് കോച്ച് വിക്രം റാത്തോഡ് പറയുന്നു. തുടര്‍ന്നു ബിസിസിഐയുടെ മെഡിക്കല്‍ സംഘം ആന്റിജന്‍ ടെസ്റ്റ് നടത്തുകയായിരുന്നു. അതില്‍ ഫലം പോസിറ്റീവ് ആവുകയും ചെയ്തു. ശാസ്ത്രിയുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയവരെ തിരിച്ചറിയുകയും ഉടന്‍ തന്നെ ഐസൊലേഷനിലേക്കു മാറ്റുകയും ചെയ്യുകയായിരുന്നുവെന്നും റാത്തോഡ് ഞായറാഴ്ച കളി അവസാനിച്ച ശേഷം വ്യക്തമാക്കിയിരുന്നു.

അതേസമയം, ഓവല്‍ ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ ക്ലൈമാക്‌സിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. 368 റണ്‍സെന്ന വലിയ വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിനു ഇന്ത്യ നല്‍കിയത്. മറുപടി ബാറ്റിങില്‍ ഇംഗ്ലണ്ട് അഞ്ചാംദിനം ആദ്യ സെഷനില്‍ 54 ഓവര്‍ കഴിയുമ്പോള്‍ രണ്ടു വിക്കറ്റിനു 121 റണ്‍സെന്ന നിലയിലാണ്. എട്ടു വിക്കറ്റുകളും 68 ഓവറുകളും ബാക്കിനില്‍ക്കെ 247 റണ്‍സ് കൂടിയാണ് ഇംഗ്ലണ്ടിനു ജയിക്കാന്‍ വേണ്ടത്.
നേരത്തേ ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ 466 റണ്‍സെന്ന വലിയ ടോട്ടല്‍ പടുത്തുയര്‍ത്തുകയായിരുന്നു. ഓപ്പണര്‍ രോഹിത് ശര്‍മയുടം വിദേശത്തെ കന്നി ടെസ്റ്റ് സെഞ്ച്വറിയാണ് ഇന്ത്യക്കു തുണയായത്. അേേദ്ദഹം 127 റണ്‍സാണ് നേടിയത്. 256 ബോളില്‍ 14 ബൗണ്ടറികളും ഒരു സിക്‌സറും ഹിറ്റ്മാന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ചേതേശ്വര്‍ പുജാര (61), ശര്‍ദ്ദുല്‍ ടാക്കൂര്‍ (60), റിഷഭ് പന്ത് (50) എന്നിവരുടെ ഫിഫ്റ്റികളും ഇന്ത്യയെ 450 കടക്കാന്‍ സഹായിച്ചു. തുടര്‍ച്ചയായി രണ്ടാമിന്നിങ്‌സിലാണ് ശര്‍ദ്ദുല്‍ ഫിഫ്റ്റിയടിച്ചതെങ്കില്‍ റിഷഭിന്റെ പരമ്പരയിലെ ആദ്യ ഫിഫ്റ്റി കൂടിയായിരുന്നു കുറിച്ചത്.