Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പിടി ഉഷയെ രാജ്യത്തിനു സമ്മാനിച്ച കോച്ച് ഒഎം നമ്പ്യാര്‍ ഇനി ഓര്‍മ

1

കോഴിക്കോട്: രാജ്യം കണ്ട എക്കാലത്തെയും മികച്ച അത്‌ലറ്റുമാരില്‍ ഒരാളും ഒളിംപ്യനുമായ പിടി ഉഷയുടെ പരിശീലകനായിരുന്ന ഒഎം നമ്പ്യാര്‍ അന്തരിച്ചു. 89 വയസ്സായിരുന്നു. വടകരയിലെ മണിയൂരിലുള്ള വസതിയില്‍ വച്ചായിരുന്നു അന്ത്യം. പദ്മശ്രീയും മികച്ച കോച്ചിനുള്ള ദ്യോണാചാര്യ പുരസ്‌കാരവുമെല്ലാം സ്വന്തമാക്കിയിട്ടുള്ള അദ്ദേഹം ഉഷയുടെ കോച്ചെന്ന നിലയിലാണ് കൂടുതല്‍ ശ്രദ്ധേയനായത്. 1984ലെ ലോസാഞ്ചല്‍സ് ഒളിംപിക്‌സില്‍ ഉഷയുടെ കോച്ചായിരുന്ന നമ്പ്യാര്‍. 32 വര്‍ഷം അദ്ദേഹം പരിശീലകനായി പ്രവര്‍ത്തിക്കുകയും ചെയ്തു. ഉഷയെക്കൂടാതെ മറ്റു പല അത്‌ലറ്റുകളെയും നമ്പ്യാര്‍ പരിശീലിപ്പിച്ചിട്ടുണ്ട്.

1955ല്‍ എയര്‍ഫോഴ്‌സിന്റെ ഭാഗമായിരുന്ന നമ്പ്യാര്‍ അവരെ പ്രതിനിധീകരിച്ച് പല ദേശീയ അത്‌ലറ്റിക് മീറ്റുകളിലും മല്‍സരിച്ചു. പക്ഷെ കോച്ചെന്ന നിലയിലാണ് അദ്ദേഹം രാജ്യം മുഴുവന്‍ പ്രശസ്തി നേടിയത്. 1970ലായിരുന്നു നമ്പ്യാര്‍ കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ കോച്ചായി ചേരുന്നത്. 1976ല്‍ അദ്ദേഹം കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്റെ ചുമതലയേറ്റെടുക്കുകയും ചെയ്തു. ഇവിടെ നിന്നാണ് ഉഷയെന്ന ലോകമറിയുന്ന അത്‌ലറ്റിനെ നമ്പ്യാര്‍ കണ്ടെത്തുകയും വളര്‍ത്തിക്കൊണ്ടു വരികയും ചെയ്തത്. ഉഷയെപ്പോലെ പ്രതിഭയുള്ളൊരു അത്‌ലറ്റിനെ തന്റെ പരിശീലക കരിയറില്‍ കണ്ടിട്ടില്ലെന്നു അദ്ദേഹം പിന്നീട് പറയുകയും ചെയ്തിട്ടുണ്ട്.

2

1990ലെ ബെയ്ജിങ് ഏഷ്യന്‍ ഗെയിംസിനു ശേഷമായിരുന്നു ഉഷ കായിക രംഗത്തോടു വിട പറഞ്ഞത്. അതുവരെ നമ്പ്യാര്‍ തന്നെയായിരുന്നു 'പയ്യോളി എക്‌സ്പ്രസിനെ' പരിശീലിപ്പിച്ചിരുന്നത്. 1985ലായിരുന്നു രാജ്യത്തെ മികച്ച കോച്ചിനുള്ള ദ്യോണാചാര്യ പുരസ്‌കാരം നമ്പ്യാരെ തേടിയെത്തിയത്. ഈ നേട്ടം സ്വന്തമാക്കിയ ആദ്യ മലയാളിയായും അദ്ദേഹം മാറിയിരുന്നു. സ്‌പോര്‍ട്‌സ് കൗണ്‍ലിന്റെ കൂടാതെ സായിയുടെയും കോച്ചായി നമ്പ്യാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2002ലായിരുന്നു അദ്ദേഹം പരിശീലകക്കുപ്പായം അഴിച്ചുവയ്ക്കുന്നത്.

എന്റെ ഗുരുവും കോച്ചും വഴികാട്ടിയുമായിരുന്ന അദ്ദേഹത്തിന്റെ അഭാവം ഒരിക്കലും നികത്താന്‍ കഴിയാത്ത ശൂന്യതയായി അവശേഷിക്കും. എന്റെ ജീവിതത്തില്‍ അദ്ദേഹം നല്‍കിയ സംഭാവനകളെ ഒരിക്കലും വാക്കുകളിലൂടെ പ്രകടിപ്പക്കാന്‍ കഴിയില്ല. ദുഖത്താല്‍ ഞാന്‍ അസ്വസ്ഥയാണ്. ഞങ്ങള്‍ നിങ്ങളെ മിസ്സ് ചെയ്യും ഒഎം നമ്പ്യാര്‍ സാര്‍, കൂപ്പുകൈകളോടെ പ്രണാമം എന്നായിരുന്നു പ്രിയ കോച്ചിന്റെ വിയോഗത്തെക്കുറിച്ച് ഉഷ ട്വിറ്ററില്‍ കുറിച്ചത്.

3

അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും നമ്പ്യാരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഇന്ത്യന്‍ അത്‌ലറ്റിക്‌സിനു നമ്പ്യാര്‍ സാര്‍ നല്‍കിയ സംഭാവനകള്‍ മറക്കാന്‍ കഴിയില്ലെന്നു എഎഫ്‌ഐ പ്രസിഡന്റ് അദില്ലെ ജി സുമാരിവാല കെനിയയിലെ നെയ്‌റോബിയില്‍ വച്ച് പ്രതികരിച്ചു. ഇവിടെ നടക്കുന്ന അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തിനൊപ്പമാണ് അദ്ദേഹമുള്ളത്.

പിടി ഉഷയെ വളര്‍ത്തിക്കൊണ്ടു വന്നത് നമ്പ്യാരായിരുന്നു. 1984ലെ ലോസാഞ്ചല്‍സ് ഒളിംപിക്‌സില്‍ ഉഷ 400 മീറ്റര്‍ ഹര്‍ഡ്‌സില്‍സില്‍ നാലാംസ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോഴും അദ്ദേഹമായിരുന്നു പരിശീലകന്‍. പിന്നീട് ഏഷ്യയില്‍ ഉഷ ആധിപത്യം പുലര്‍ത്തിയപ്പോഴും അദ്ദേഹം ഒപ്പമുണ്ടായിരുന്നു. അത്‌ലറ്റിക്‌സ് സമൂഹത്തെ പ്രതിനിധീകരിച്ച് ഞാന്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് അനുശോചനം അറിയിക്കുകയാണെന്നും സുമാരിവാല കൂട്ടിച്ചേര്‍ത്തു.

Story first published: Friday, August 20, 2021, 8:01 [IST]
Other articles published on Aug 20, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+