ഒരു ജോടി ടീ ഷര്‍ട്ടും ഷൂസും മാത്രം!! അന്ന് അവനെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു... ഇതാണ് യഥാര്‍ഥ ബുംറ
മുംബൈ: നിലവില്‍ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും അപകടകാരിയായ പേസര്‍മാരിലൊരാളും ടീം ഇന്ത്യയുടെ തുറുപ്പുചീട്ടുമാണ് ജസ്പ്രീത് ബുംറ. മൂന്നു ഫോര്‍മാറ്റിലും ഇന്ത്യക്കു വേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ബുംറ ഇപ്പോള്‍ മാച്ച് വിന്നറായി മാറിക്കഴിഞ്ഞു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ കണ്ടെത്തലാണ് ഇപ്പോള്‍ ലോക ക്രിക്കറ്റിലെ തന്നെ വിസ്മയമായി മാറിയത്.
ചുരുങ്ങിയ കാലം കൊണ്ട് വിക്കറ്റ് കൊയ്ത്തില്‍ പല റെക്കോര്‍ഡുകളും ബുംറ തിരുത്തിക്കുറിച്ചു കഴിഞ്ഞു. എന്നാല്‍ കുട്ടിക്കാലത്ത് വലിയ വെല്ലുവിളികളെ മറികടന്നാണ് ബുംറ ഇന്നു കാണുന്ന സൂപ്പര്‍ താര പദവിയിലെത്തിയത്. ദുരിതം നിറഞ്ഞ തന്റെ ബാല്യകാലത്തെക്കുറിച്ച് ബുംറയും തന്റെ മകന്‍ പിന്നിട്ട വഴികളെക്കുറിച്ച് അമ്മ ദല്‍ജിത്തും മനസ്സ് തുറക്കുകയാണ്. മുംബൈ ഇന്ത്യന്‍സാണ് ഇരുവരുമൊന്നിച്ചുളള വീഡിയോ ട്വിറ്ററിലൂടെ പുറത്തു വിട്ടിരിക്കുന്നത്.

ദുരിതം നിറഞ്ഞ കുട്ടിക്കാലം
ജസ്പ്രീതിന് അഞ്ചു വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ തനിക്കു ഭര്‍ത്താവിനെ നഷ്ടപ്പെട്ടതായി ദല്‍ജിത്ത് പറയുന്നു. അതിനു ശേഷം കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമാവുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു.
അക്കാലത്ത് ഒരു ജോടി ടീ ഷര്‍ട്ടും ഷൂസും മാത്രമാണ് തനിക്കുണ്ടായിരുന്നതെന്നു ബുംറ വെളിപ്പെടുത്തി. ദിവസേന ഈ ടീ ഷര്‍ട്ട് താന്‍ തന്നെ അലക്കിയിട്ട് വീണ്ടും വീണ്ടും ഉപയോഗിക്കുകയായിരുന്നുവെന്നും താരം വ്യക്തമാക്കി.

അന്നു പൊട്ടിക്കരഞ്ഞു
ഐപിഎല്ലില്‍ ബുംറ ആദ്യമായി മുംബൈ ഇന്ത്യന്‍സിനു വേണ്ടി പന്തെറിയുന്നത് ടെലിവിഷനില്‍ കണ്ടപ്പോള്‍ സന്തോഷം കൊണ്ട് താന്‍ പൊട്ടിക്കരഞ്ഞതായി ദല്‍ജിത് പറഞ്ഞു. അന്നു കരച്ചില്‍ നിര്‍ത്താന്‍ കഴിഞ്ഞില്ല. സാമ്പത്തികമായും ശാരീരികമായും താന്‍ വളരെയേറെ ബുദ്ധിമുട്ടുന്നത് നേരില്‍ കണ്ടവനാണ് അവനെന്നും ദല്‍ജിത് ഓര്‍മിച്ചെടുത്തു.

കൂടുതല്‍ കരുത്തനാക്കി
കുട്ടിക്കാലത്ത് നേരിട്ട വെല്ലുവിളികളാണ് മാനസികമായി തന്നെ കരുത്തുറ്റ വ്യക്തിയാക്കി മാറ്റിയതെന്നു ബുംറ വ്യക്തമാക്കി. ഇപ്പോള്‍ എത്ര വലിയ വെല്ലുവിളികളെയും മറികടക്കാന്‍ തന്നെ സഹായിക്കുന്നത് നേരത്തേ സമാനമായ സാഹചര്യങ്ങളിലൂടെ കടന്നു പോയുകൊണ്ടാണെന്നും ബുംറ പറയുന്നു.
പുറംഭാഗത്തെ വേദന കാരണം ദക്ഷിണാഫ്രിക്കയ്ക്കതിരേ ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ താരം കളിക്കുന്നില്ല. വിദഗ്ധ ചികില്‍സ്‌ക്കായി ഇപ്പോള്‍ യുകെയിലാണ് ബുംറ.

നൈക്കി വാങ്ങാന്‍ പണമില്ലായിരുന്നു
കരിയറിന്റെ ആദ്യകാലത്ത് നൈക്കിയുടെ ഷൂസ് ധരിച്ചു കളിക്കാന്‍ ബുംറയ്ക്കു അതിയായ ആഗ്രഹമുണ്ടായിരുന്നു. അവന് ഷൂസ് വാങ്ങിക്കൊടുക്കാന്‍ നൈക്കിയുടെ ഷോപ്പില്‍ പോവുകയും ചെയ്തു. പക്ഷെ വലിയ വില കാരണം അന്നു ഷൂസ് വാങ്ങാനാവാതെ തിരിച്ചു പോരുകയായിരുന്നുവെന്ന് ദല്‍ജിത്ത് വിശദമാക്കി.
അന്ന് അവന് ഏറെ വിഷമമുണ്ടായിരുന്നു. പക്ഷെ, പുറത്തു കാണിച്ചില്ല. അതു സാരമില്ലെന്നും ഒരു നാള്‍ താന്‍ നൈക്കിയുടെ ഷൂസ് വാങ്ങുമെന്നും അവന്‍ തന്നോടു പറഞ്ഞു. ഇപ്പോള്‍ അവന് നിരവധി ഷൂസുകളുണ്ടെന്നും ഇടറിയ ശബ്ദത്തോടെ ദല്‍ജിത്ത് പറഞ്ഞു.
വീഡിയോ കാണാം
തന്റെ ബാല്യകാലത്തെക്കുറിച്ച് ബുംറ മനസ്സ് തുറക്കുന്ന വീഡിയോ കാണാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications