ദില്ലി: യൂത്ത് ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയതിന് തനിക്ക് വാഗ്ദാനം ചെയ്ത തുക ലഭിക്കുമോ ഇല്ലയോ എന്ന് ചോദിച്ച ഇന്ത്യന്‍ വനിതാ ഷൂട്ടര്‍ മനു ഭാക്കര്‍ക്ക് മറുപടിയുമായി ഹരിയാണ കായിക മന്ത്രി അനില്‍ വിജ്. മനു ഭാക്കര്‍ ഇത്തരമൊരു കാര്യത്തില്‍ വിമര്‍ശനം ഉന്നയിക്കുന്നതിന് മുന്‍പ് കായിക വകുപ്പുമായി ബന്ധപ്പെടണമായിരുന്നെന്ന് അനില്‍ വിജ് പറഞ്ഞു.

ഭാക്കര്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കുമെന്ന് ഉറപ്പാണ്. കായിക വകുപ്പിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ പണം നല്‍കും. പൊതുസ്ഥലത്ത് അനാവശ്യ വിമര്‍ശനമാണ് താരം നടത്തിയത്. രാജ്യത്ത് കായിക താരങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പണം നല്‍കുന്നത് ഹരിയാണയാണ്. കായിക താരങ്ങള്‍ക്ക് അച്ചടക്കം ആവശ്യമാണെന്നും ഏറെ ദൂരം പോകാനുള്ള മനു ഭാക്കര്‍ തന്റെ കളിയില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞദിവസമാണ് മനു ഭാക്കര്‍ കായിക മന്ത്രിക്കെതിരെ ട്വീറ്റ് ചെയ്തത്. കായിക മന്ത്രിയുടെ രണ്ടുകോടി രൂപ വാഗ്ദാനം സത്യമായിരുന്നോ അതോ കള്ളമായിരുന്നോ എന്ന് അറിഞ്ഞാല്‍ കൊള്ളാമെന്ന് മനു ട്വിറ്ററില്‍ കുറിച്ചു. കായിക താരങ്ങള്‍ക്ക് പണം വാഗ്ദാനം ചെയ്ത് സര്‍ക്കാര്‍ കളിപ്പിക്കുകയാണെന്ന് മനു നേരത്തെ പറഞ്ഞിരുന്നു. ഹരിയാണ സര്‍ക്കാര്‍ കായിക താരങ്ങളുടെ വരുമാനത്തിന്റെ മൂന്നിലൊന്ന് പിടിച്ചെടുക്കാന്‍ ശ്രമിച്ചതിനെക്കുറിച്ചും താരം ട്വീറ്റ് ചെയ്തിട്ടുണ്ട്. ഒക്ടോബറില്‍ അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ നടന്ന യൂത്ത് ഒളിമ്പിക്‌സില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് മനു സ്വര്‍ണനേട്ടത്തിലൂടെ ചരിത്രമെഴുതിയത്. ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും മനു സ്വര്‍ണം നേടിയിരുന്നു.