
ജര്‍മനിയുടെയും ബയേണ്‍ മ്യൂണിക്കിന്റെയും മുന്‍ ഇതിഹാസ താരമായ ജെര്‍ഡ് മുള്ളര്‍ അന്തരിച്ചു. 75 വയസ്സായിരുന്നു. ബയേണ്‍ മ്യൂണിക്കാണ് വാര്‍ത്താറുപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. 2015 മുതല്‍ അല്‍ഷൈമേഴ്‌സ് ബാധിതനായി ചികില്‍സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. ഭാര്യ ഉഷിയും മകളുമുള്‍പ്പെട്ടതാണ് മുള്ളറുടെ കുടുംബം. ഫുട്‌ബോള്‍ ലോകം കണ്ട എക്കാലത്തെയും മികച്ച സ്‌ട്രൈക്കര്‍മാരില്‍ ഒരാളായാണ് മുള്ളര്‍ വിശേഷിക്കപ്പെടുന്നത്.
ജര്‍മന്‍ ഫുട്‌ബോളിലെ പവര്‍ഹൗസുകളായ ബയേണിനു വേണ്ടി അദ്ദേഹം 15 വര്‍ഷം പന്ത് തട്ടിയിട്ടുണ്ട്. ടീമിനെ മൂന്നു തവണ യൂറോപ്യന്‍ ചാംപ്യന്‍മാരാക്കുന്നതിലും മുള്ളര്‍ ചുക്കാന്‍ പിടിച്ചു. കൂടാതെ ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ ബയേണിനൊപ്പം നാലു കിരീട വിജയങ്ങളിലും അദ്ദേഹം പങ്കാളിയായി. 1970കളില്‍ ലോക ഫുട്‌ബോളില്‍ ജര്‍മനിയുടെ കുതിപ്പില്‍ നിര്‍ണായക പങ്കുവഹിച്ച താരം കൂടിയായിരുന്നു മുള്ളര്‍. 1972ലെ യൂറോ കപ്പിലെ ടോപ്‌സ്‌കോറായിരുന്ന അദ്ദേഹം ഫൈനലില്‍ ജര്‍മനി 3-0ന് സോവിയറ്റ് യൂണിയനെ തകര്‍ത്തപ്പോള്‍ ഇരട്ടഗോളുകളുമായി കസറുകയും ചെയ്തു. 1974ലെ ലോകകപ്പില്‍ നെതര്‍ലാന്‍ഡ്‌സിനെ 2-1നു തോല്‍പ്പിച്ച് ജര്‍മനി കിരീടം ചൂടിയപ്പോള്‍ വിജയഗോള്‍ മുള്ളറുടെ വകയായിരുന്നു.

ഇന്നു ബയേണിന്റെ ലോകം നിശ്ചലമായ ദിനമാണ്. ഞായറാഴ്ച രാവിലെ, 75ാം വയസ്സില്‍ ലോകത്തോടു വിടപറഞ്ഞ ജെര്‍മഡ് മുള്ളറുടെ വിയോഗത്തില്‍ ക്ലബ്ബും ആരാധകരും കടുത്ത ദുഖത്തിലാണെന്ന് ബയേണ്‍ തങ്ങളുടെ വെബ്‌സൈറ്റിലൂടെ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ബയേണിനും ജര്‍മന്‍ ദേശീയ ടീമിനോടപ്പവും ചരിത്രം കുറിച്ച താരമായിരുന്നു മുള്ളര്‍. ബയേണിനായി 607 മല്‍സരങ്ങളില്‍ നിന്നും 566 ഗോളുകളാണ് അദ്ദേഹം നേടിയത്. മാത്രമല്ല 365 ഗോളുകളുമായി ബുണ്ടസ് ലിഗയിലെ ഓള്‍ടൈം ഗോള്‍ സ്‌കോററെന്ന റെക്കോര്‍ഡ് ഇപ്പോഴും മുള്ളര്‍ക്കു അവകാശപ്പെട്ടതാണ്. കൂടാതെ ലീഗില്‍ ഏഴു തവണ ടോപ്‌സ്‌കോറര്‍ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ജര്‍മനിക്കു വേണ്ടി 62 മല്‍സരങ്ങളില്‍ നിന്നും 68 ഗോളുകളാണ് മുള്ളറുടെ സമ്പാദ്യം.
മുള്ളറുടെ മരണത്തില്‍ ബയേണ്‍ പ്രസിഡന്റ് ഹെബേര്‍ട്ട് ഹെയ്‌നര്‍ ദുഖം രേഖപ്പെടുത്തി. കുടുംബത്തിനൊപ്പം ചേരുന്നതായും ക്ലബ്ബ് എക്കാലവും അദ്ദേഹത്തെ ഓര്‍മിക്കുമെന്നും പറഞ്ഞു. ഇന്നു ബയേണിനെയും ക്ലബ്ബിന്റെ ആരാധകരെയും സംബന്ധിച്ച് ഏറെ സങ്കടമുണ്ടാക്കുന്ന കറുത്ത ദിനമാണ്. ലോക ഫുട്‌ബോളിലെ എക്കാലത്തെയും മഹാനായ സ്‌ട്രൈക്കര്‍മാരില്‍ ഒരാളായിരുന്നു മുള്ളര്‍, കൂടാതെ നല്ല വ്യക്തിത്വത്തിനും അവകാശിയായിരുന്നു അദ്ദേഹം. ഭാര്യ ഉഷിയുടെയും മകളുടെയും മറ്റു കുടുംബാംഗങ്ങളുടെയും ദുഖത്തില്‍ ഞങ്ങളും പങ്കുചേരുകയാണ്. ജെര്‍ഡ് മുള്ളര്‍ ഇല്ലായിരുന്നുവെങ്കില്‍ ഇന്നു കാണുന്ന, എല്ലാവരും ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്യുന്ന ബയേണ്‍ ഉണ്ടാവില്ലായിരുന്നു. അദ്ദേഹത്തിന്റെയും പേരും ഓര്‍മകളും എക്കാലവും ഞങ്ങള്‍ക്കിടയില്‍ ജീവിക്കുമെന്നും ഹെയ്‌നര്‍ പറഞ്ഞു.
ജര്‍മനിയുടെയും ബയേണിന്റെയും മുന്‍ ഇതിഹാസ ഗോള്‍കീപ്പറും ഇപ്പോള്‍ സിഇഒയുമായ ഒലിവര്‍ കാനും മുള്ളറുടെ വിയോഗത്തില്‍ അനുശോചിച്ചു. ജെര്‍ഡ് മുള്ളറുടെ മരണവാര്‍ത്ത ഞങ്ങളെയെല്ലം ഏറെ വേദനിപ്പിച്ചു. എഫ്‌സി ബയേണിന്റെ ചരിത്രത്തിലെ എക്കാലത്തെയും വലിയ ഇതിഹാസങ്ങളിലൊരാളായിരുന്നു അദ്ദേഹം. മുള്ളറുടെ നേട്ടങ്ങള്‍ ഇന്നും സമാനതകളില്ലാത്തവയായി തുടരുകയാണ്, എഫ്‌സി ബയേണിന്റെയും ജര്‍മന്‍ ഫുട്‌ബോളിന്റെയും ചരിത്രത്തില്‍ അത് എക്കാലവും നിലനില്‍ക്കുയും ചെയ്യുമെന്നും കാന്‍ കൂട്ടിച്ചേര്‍ത്തു. കളിക്കാരനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും ബയേണിന്റെ വളര്‍ച്ചയില്‍ ഒപ്പം നില്‍ക്കുകയും ലോകത്തിലെ ഏറ്റവും വലിയ ക്ലബ്ബാക്കി മാറ്റുകയും ചെയ്യുന്നതില്‍ മുള്ളറെപ്പോലെ പങ്കുവഹിച്ച മറ്റാരുമില്ല. ജെര്‍ഡ് എക്കാലവും തങ്ങളുടെ ഹൃദയത്തിലുണ്ടാവുമെന്നും കാന്‍ പറഞ്ഞു.