
വെള്ളിത്തിരയിലെ ഹീറോയെ കാണാന്‍ കളിക്കളത്തിലെ ഹീറോ നേരിട്ടെത്തി. തമിഴ് സൂപ്പര്‍ താരവും ആരാധകരുടെ സ്വന്തം ദളപതിയുമായ വിജയ്‌യെ കാണാന്‍ സിഎസ്‌കെയുടെ ഇതിഹാസ ക്യാപ്റ്റന്‍ എംഎസ് ധോണിയെത്തുകയായിരുന്നു. ഐപിഎല്ലിന്റെ രണ്ടാംഘട്ട മല്‍സരങ്ങള്‍ക്കായി യുഎഇയിലേക്കു യാത്ര തിരിക്കുന്നതിനു മുമ്പായിരുന്നു ധോണിയുടെ സര്‍പ്രൈസ് വിസിറ്റ്. ചെന്നൈയിലെ ഗോകുലം സ്റ്റുഡിയോയില്‍ ഷൂട്ടിങ് തിരക്കിലായിരുന്നു വിജയ്. തികച്ചും അപ്രതീക്ഷിതമായിട്ടാണ് ധോണി അദ്ദേഹത്തെ കാണാന്‍ ഇവിടെയെത്തിയത്.
ചെന്നൈയിലും തമിഴ്‌നാട്ടിലുമെല്ലാം ഒട്ടേറെ ആരാധകരുള്ള നടനാണ് വിജയ്. സിഎസ്‌കെയുടെ ക്യാപ്റ്റനായതു മുതല്‍ ധോണിയും തമിഴ്‌നാട്ടുകാര്‍ക്കു ഹീറോയാണ്. അതുകൊണ്ടു തന്നെ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച ആരാധകര്‍ക്കു ആഘോഷിക്കാന്‍ വക നല്‍കുന്നതായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ധോണിയും വിജയിയും ഒരുമിച്ചുള്ള ഫോട്ടോസ് വന്നതോടെ ആരാധകര്‍ ഇത് ഏറ്റെടുത്ത് വൈറലാക്കുകയും ചെയ്തു.

ഗോകുലം സ്റ്റുഡിയോയിലെത്തിയ ധോണിയെ വിജയ് തന്റെ മുറിയിലേക്കു ക്ഷണിക്കുകയായിരുന്നു. തുടര്‍ന്നു ഇരുവരും കുറച്ചു സമയം ഇവിടെ ചെലവഴിക്കുകയും ചെയ്തു. ധോണിയുടെയും സിഎസ്‌കെ ടീമിന്റെയും ആരാധകര്‍ കൂടിയാണ് വിജയ്. നേരത്തേ ഐപിഎല്ലില്‍ സിഎസ്‌കെയുടെ മല്‍സരങ്ങള്‍ കാണാന്‍ അദ്ദേഹം ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ എത്തുകയും ചെയ്തിട്ടുണ്ട്. കൂടാതെ 2008ലെ പ്രഥമ ഐപിഎല്‍ സീസണില്‍ സിഎസ്‌കെ ടീമിന്റെ ബ്രാന്‍ഡ് അംബാസഡറും വിജയ് ആയിരുന്നു.

അതേസമയം, അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും കഴിഞ്ഞ വര്‍ഷം വിരമിച്ച ധോണി ഇപ്പോള്‍ ഐപിഎല്ലില്‍ മാത്രമേ കളിക്കുന്നുള്ളൂ. ഈ സീസണിലെ ഐപിഎല്ലിനു ശേഷം ഒരുപക്ഷെ അദ്ദേഹം ക്രിക്കറ്റിനോടു പൂര്‍ണമായി വിട പറയാന്‍ സാധ്യതയുണ്ടെന്നാണ് അഭ്യൂഹങ്ങള്‍. ധോണി ഇതേക്കുറിച്ച് ഒന്നും തുറന്നുപറഞ്ഞിട്ടില്ല. സിഎസ്‌കെ ടീമിനെ നാലാം ഐപിഎല്‍ കിരീടത്തിലേക്കു നയിച്ച് രാജകീയമായി തന്നെ പടിയിറങ്ങാനായിരിക്കും ധോണിയുടെ ആഗ്രഹം. 2020ലെ ഐപിഎല്‍ ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും ധോണിയെ സംബന്ധിച്ച് വലിയ ദുരന്തം തന്നെയായിരുന്നു. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായി സിഎസ്‌കെ പ്ലേഓഫ് പോലും കാണാതെ പുറത്തായിരുന്നു.
എന്നാല്‍ ഈ സീസണിലെ ഐപിഎല്ലില്‍ ധോണിയും സംഘവും ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ഇന്ത്യയില്‍ നടന്ന സീസണിലെ ആദ്യപാദ മല്‍സരങ്ങള്‍ കൊവിഡ് കാരണം നിര്‍ത്തിവയ്ക്കുമ്പോള്‍ സിഎസ്‌കെ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തുണ്ടായിരുന്നു. ഡല്‍ഹി ക്യാപ്പിറ്റല്‍സ്, മുംബൈ ഇന്ത്യന്‍സ് എന്നിവരോടു മാത്രമായിരുന്നു സിഎസ്‌കെ പരാജയമേറ്റുവാങ്ങിയത്. ഏഴു മല്‍സരങ്ങളില്‍ നിന്നും അഞ്ചു ജയവും രണ്ടു തോല്‍വിയുമടക്കം 10 പോയിന്റായിരുന്നു സിഎസ്‌കെയുടെ സമ്പാദ്യം.
പുതുതായി ടീമിലെത്തിയ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മോയിന്‍ അലി, തൊട്ടുമുമ്പത്തെ സീസണില്‍ നിന്നു വിട്ടുനിന്ന ശേഷം മടങ്ങിയെത്തിയ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന എന്നിവരുടെ പ്രകടനമാണ് സിഎസ്‌കെയുടെ മുന്നേറ്റത്തില്‍ നിര്‍ണായകമായത്. അലിയായിരുന്നു സിഎസ്‌കെയുടെ ഏറ്റവും വലിയ നേട്ടം. മൂന്നാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം ടീമിനെ മികച്ച സ്‌കോറിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കായിരുന്നു വഹിച്ചത്.
ഇനി സപ്തംബറിലാണ് ഐപിഎല്ലിന്റെ ശേഷിച്ച മല്‍സരങ്ങള്‍ നടക്കുക. ഇന്ത്യയില്‍ സാഹചര്യങ്ങള്‍ അനുകൂലമല്ലാത്തതിനാല്‍ ബാക്കിയുള്ള മല്‍സരങ്ങളും ഫൈനലുമെല്ലാം യുഎഇയിലേക്കു മാറ്റുകയായിരുന്നു. സപ്തംബര്‍ 19നാണ് ഐപിഎല്ലിന്റെ രണ്ടാംഘട്ട മല്‍സരങ്ങള്‍ക്കു തുടക്കമാവുന്നത്. സിഎസ്‌കെയും നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും തമ്മില്‍ ദുബായിലാണ് ആദ്യ പോരാട്ടം. നേരത്തേ ആദ്യപാദത്തില്‍ മുംബൈയോടേറ്റ പരാജയത്തിനു കണക്കുതീര്‍ക്കാനുള്ള അവസരം കൂടിയായിരിക്കും സിഎസ്‌കെയ്ക്കു ഈ പോരാട്ടം.