ബ്രസീലിയ: ഫ്രാന്‍സിന്റെ അരങ്ങേറ്റം ഗംഭീരമായി. മുന്‍ ചാംപ്യന്മാര്‍ മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ഹോണ്ടുറാസിനെ കീഴടക്കിയത്. റയല്‍ മാഡ്രിഡിന്റെ കരിം ബെന്‍സെമയുടെ കളി മികവിലാണ് ടീം ജയിച്ചു കയറിയത്. ഫിഫ റാങ്കിങില്‍ 33ാം സ്ഥാനത്തുള്ള ഹോണ്ടുറാസിന്റെ പരുക്കന്‍ കളിയെ ബെന്‍സെമ തന്ത്രങ്ങള്‍ കൊണ്ടാണ് മറികടന്നത്. സിനദിന്‍ സിദാനു ശേഷം ആരെന്ന ചോദ്യത്തിന് ഉത്തരം കൂടിയായിരുന്നു ഈ മത്സരം. പ്ലേ മേക്കറുടെ റോളിലേക്കുയര്‍ന്ന ബെന്‍സെമ തന്നെയാണ് കളിയിലെ കേമന്‍.
45ാം മിനിറ്റിലാണ് ആദ്യഗോള്‍ പിറന്നത്. യുവന്റസ് മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബയെ വില്‍സണ്‍ പലാസിയോസ് വീഴ്ത്തിയതിനെ തുടര്‍ന്നായിരുന്നു പെനല്‍റ്റി. കിക്കെടുത്ത ഫ്രാന്‍സ് പത്താം നമ്പര്‍ താരത്തിനു പിഴച്ചില്ല.

നിരന്തരമായ ആക്രമണങ്ങളിലൂടെ ഹോണ്ടുറാസിന്റെ പ്രതിരോധം ദുര്‍ബലമാക്കുകയെന്ന തന്ത്രമാണ് ഫ്രാന്‍സ് സ്വീകരിച്ചത്. അതേ സമയം തടിമിടുക്ക് കൊണ്ട് രക്ഷപ്പെടാനുള്ള ഹോണ്ടുറാസിന്റെ ശ്രമങ്ങള്‍ വിജയം കണ്ടതുമില്ല. തുടര്‍ച്ചയായി രണ്ടു മഞ്ഞക്കാര്‍ഡ് കണ്ടതിനെ തുടര്‍ന്ന് മിഡ്ഫീല്‍ഡര്‍ പലാസിയോസിന് കളം വിടേണ്ടിയും വന്നു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഫ്രാന്‍സ് ലീഡ് ഉയര്‍ത്തി. ബെന്‍സമെ തന്നെയായിരുന്നു ഗോളിന് വഴിമരുന്നിട്ടത്. റീബൗണ്ട് ബോള്‍ ഗോളി നോല്‍ വാല്‍ഡറാസിന്റെ കൈയില്‍ തട്ടി വലയിലെത്തുകയായിരുന്നു. സ്‌കോര്‍: 2-0.
മൂന്നാം ഗോള്‍ പിറന്നത് 72ാം മിനിറ്റിലാണ്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം പാട്രിട് എവ്ര നല്‍കിയ പാസ് ബെന്‍സെമ കൃത്യമായി പോസ്റ്റിലെത്തിച്ചു. സ്‌കോര്‍: 3-0.