സ്‌റ്റോക്ക് ഹോം: ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഹാട്രിക്കിന്റെ ചിറകിലേറി പോര്‍ച്ചുഗല്‍ ലോകകപ്പിലേക്ക്. ലോകകപ്പ് പ്ലേ ഓഫ് മത്സരത്തില്‍ സ്വീഡനെ ആണ് പോര്‍ച്ചുഗല്‍ തോല്‍പിച്ചത്. രണ്ടിനെതിരെ മൂന്ന് ഗോളുള്‍ക്കായിരുന്നു വിജയം.
പ്ലേ ഓഫില്‍ സ്വീഡനെതിരെയുള്ള രണ്ടാം വിജയമാണ് പോര്‍ച്ചുഗലിന്റേത്. ആദ്യ മത്സരത്തില്‍ ഹോം ഗ്രൗണ്ടില്‍ പോര്‍ച്ചുഗല്‍ എതിരില്ലാത്ത ഒരു ഗോളിന് സ്വീഡനെ തോല്‍പിച്ചിച്ചിരുന്നു. മത്സരത്തിലെ ഏക ഗോള്‍ പിറന്നത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ബൂട്ടില്‍ നിന്ന് തന്നെ ആയിരുന്നു.

സ്വീഡന്റെ ഹോം ഗ്രൗണ്ട് മത്സരമാണ് നവംബര്‍ 19 ന് നടന്നത്. പക്ഷേ സ്വന്തം കാണികള്‍ക്ക് മുന്നില്‍ വിജയം നേടാന്‍ അവര്‍ക്കായില്ല. എങ്കിലും അവസാനം വരെ പൊരുതിത്തന്നെയാണ് സ്വീഡന്‍ അടിയറവ് പറഞ്ഞത്. ആദ്യ മത്സരം തോറ്റതോടെ പോര്‍ച്ചുഗലിനെ രണ്ട് ഗോള്‍ മാര്‍ജിനില്‍ തോല്‍പിച്ചാലെ സ്വീഡന് ലോകക്പ്പ് യോഗ്യത നേടുവാന്‍ ആകുമായിരുന്നുള്ളൂ.
ഈ ലക്ഷ്യം മുന്നില്‍ കണ്ട് തന്നെയാണ് സ്വീഡന്‍ ഗ്രൗണ്ടില്‍ ഇറങ്ങിയതും. കളിയുടെ തുടക്കത്തില്‍ സ്വീഡന് തന്നെയായിരുന്നു മുന്‍തൂക്കം. ഒറ്റ ഗോളും വീഴാത്ത ആദ്യ പകുതിക്ക് ശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ സ്വീഡന്റെ ഗോള്‍ വല ചലിപ്പിച്ചു.
പോര്‍ച്ചഗലിന്റെ കുന്തമുന ക്രിസ്റ്റിയാനോ ആയിരുന്നെങ്കില്‍ സ്വീഡന്റേത് സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച് ആയിരുന്നു. ക്രിസ്റ്റിയാനോക്ക് മറുപടിയായി ഉടന്‍ തന്നെ പിറന്നു ഇബ്രയുടെ ഗോള്‍. മിനിട്ടുകളുടെം ഇടവേളയില്‍ ലഭിച്ച ഫ്രീ കിക്ക് കൂടി ഇബ്ര ഗോളാക്കി മാറ്റിയപ്പോള്‍ സ്വീഡിഷ് ആരാധകരില്‍ പ്രതീക്ഷ വിരിഞ്ഞു. പക്ഷേ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന പ്രതിഭാശാലിയുടെ മുന്നില്‍ ഇബ്രയുടെ പ്രകടനം മങ്ങിപ്പോയി. തുടര്‍ച്ചയായി രണ്ട് ഗോളുകള്‍ കൂടി നേടി ക്രിസ്റ്റിയാനോ പോര്‍ച്ചുഗലിനെ ലോകകപ്പ് എന്ന മാമാങ്കത്തിലേക്ക് എത്തിച്ചു.
ബ്രസീലില്‍ അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പ് മത്സരത്തില്‍ അങ്ങനെ പോര്‍ച്ചുഗല്‍ സ്ഥാനം നേടി. തുടര്‍ച്ചയായി നാലാം തവണയാണ് പോര്‍ച്ചുഗല്‍ ലോകകപ്പിന് യോഗ്യത നേടുന്നത്. പ്ലേ ഓഫില്‍ നടന്ന മത്സരങ്ങളില്‍ പോര്‍ച്ചുഗല്‍ നേടിയ നാല് ഗോളും പിറന്നത് തന്റെ ബൂട്ടില്‍ നിന്നാണ് എന്ന കൃതാര്‍ത്ഥതയോടെ ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് ഇനി ലോകകപ്പിനെ കാത്തിരിക്കാം.