റാഞ്ചി: രൂപീകരിച്ചിട്ട് അധിക കാലമൊന്നും ആയിട്ടില്ലെങ്കിലും ഝാര്‍ഖണ്ഡ് ഇപ്പോഴും നമ്മുടെ കണ്ണില്‍ ഒരു അവികസിത സംസ്ഥാനമാണ്. എന്നാല്‍ അവിടത്തെ ഗോത്രമേഖലയില്‍ നിന്ന് കേള്‍ക്കുന്നത് ഇന്ത്യന്‍ വനിത ഫുട്‌ബോളിന്റെ ഭാവിയുടെ ആരവങ്ങളാണ്.
റാഞ്ചിക്കടുത്ത് ഓര്‍മഞ്ചിയില്‍ 18 ഗോത്ര വര്‍ഗ്ഗ പെണ്‍കുട്ടികളാണ് ഇപ്പോള്‍ ഫുട്‌ബോള്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നത്. രണ്ട് അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ മത്സരിച്ച അനുഭവ പരിചയമുള്ളവരാണ് ഈ പെണ്‍കുട്ടികള്‍.

അമേരിക്കന്‍ പൗരനായ ഫ്രാന്‍സ് ഗസ്റ്റ്‌ലെര്‍ സ്ഥാപിച്ച യുവ എന്ന എന്‍ജിഒ ആണ് ഈ കുട്ടികളിലേക്ക് ഫുട്‌ബോളിന്റെ ആവേശം ചൊരിഞ്ഞിട്ടത്. 2009 ല്‍ ആയിരുന്നു ഇതിന്റെ തുടക്കം. ആരോഗ്യത്തിന്റേയും വിദ്യാഭ്യാസത്തിന്റേയും പ്രചാരണത്തിനായി ഫുട്‌ബോളിനെ ഉപയോഗിക്കാനായിരുന്നു പദ്ധതി. എന്നാല്‍ അത് ഒടുവില്‍ എത്തിയത് അണ്ടര്‍ 14 വിഭാഗത്തില്‍ കരുത്തുറ്റ ഒരു പെണ്‍ഫുട്‌ബോള്‍ ടീമിന്റെ ഉയിര്‍പ്പിലായിരുന്നു.
രണ്ട് അന്താരാഷ്ട്ര ടൂര്‍ണമെന്റുകള്‍ കളിച്ചതിന്റെ ആത്മവിശ്വാസവും അനുഭവ പരിചയും ഇപ്പോള്‍ ഈ പെണ്‍കുട്ടികള്‍ക്ക് കൈമുതലായിട്ടുണ്ട്. ഫ്രാന്‍സില്‍ വച്ച് 2013 ജൂലായില്‍ ആയിരുന്നു മത്സരങ്ങള്‍ നടന്നത്. ബാസ്‌കിലെ ഡോണോസ്റ്റിക് കപ്പും, വിക്ടോറിയ ഗാസ്റ്റീസിലെ ഗാസ്റ്റീസ് കപ്പും. പത്ത് ടീമുകള്‍ പങ്കെടുത്ത് ഗാസ്റ്റീസ് കപ്പ് ടൂര്‍ണമെന്റില്‍ യുവയുടെ പെണ്‍കുട്ടികള്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയാണ് മടങ്ങിയത്.
ഝാര്‍ഖണ്ഡ് സംസ്ഥാന ഫുട്ബള്‍ അസ്സോസ്സിയേഷന്റെ ഒരു സഹായവും ഇല്ലാതെയായിരുന്നു ഈ കുട്ടികള്‍ പരിശീലനം നടത്തിയതും മത്സരത്തിന് പോയതും. സംസ്ഥാനം രൂപീകരിച്ച് 13 വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാരിന് ചെയ്യാന്‍ കഴിയാതെ പോയതാണ് 'യുവ' ചെയ്തത്. രണ്ട് വര്‍ഷം മുമ്പ് യുവ ടീമിലെ മൂന്ന് പെണ്‍കുട്ടികള്‍ ശ്രീലങ്കയില്‍ നടന്ന ടൂര്‍ണമെന്റില്‍ രാജ്യത്തെ പ്രതിനിധീകരിച്ചിരുന്നു.