റിയോ ഡി ജനിറോ: ബ്രസീലില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. ഒട്ടേറെ പേരാണ് ഇതിനോടകം തന്നെ ടിക്കറ്റിനായി അപേക്ഷിച്ചത്.. അപേക്ഷ സ്വീകരിച്ച് തുടങ്ങി ഏഴ് മണിയ്ക്കൂറിനുള്ളില്‍ തന്നെ പത്ത് ലക്ഷത്തിലധികം അപേക്ഷകളാണ് ലഭിച്ചത്. ആദ്യമണിയ്ക്കൂറില് 14,000 ടിക്കറ്റുകളാണ് വിറ്റത്. ആദ്യഘട്ട വില്‍പ്പനയ്ക്ക് സാങ്കേതിക തടസ്സങ്ങളൊന്നും ഇല്ലെന്ന് ഫിഫ വ്യക്തമാക്കി. 2014 ജൂണ്‍ 12 നാണ് ബ്രസിലീല്‍ ഫുട്ബോള്‍ മത്സരങ്ങള്‍ നടക്കുന്നത്.2013 ആഗസ്റ്റ് 20 മുതലാണ് ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത് .
ടിക്കറ്റിനായുള്ള ഏറ്റവും അധികം അപേക്ഷകള്‍ കിട്ടുന്നത് ബ്രസീലില്‍ നിന്നു തന്നെയാണ്. അര്‍ജന്റീന, യുഎസ്, ഓസ്ട്രേലിയ, ബ്രിട്ടന് എന്നിവിടങ്ങളില്‍ നിന്നും ഒട്ടേറെപ്പേര്‍ ടിക്കറ്റിനായി അപേക്ഷിയ്ക്കുന്നുണ്ട്. ആദ്യഘട്ട ടിക്കറ്റ് വില്‍പ്പന ഒക്ടോബര്‍ പത്തോട് കൂടി അവസാനിയ്ക്കും.
ഫൈനല്‍ മത്സരങ്ങളുടെ ടിക്കറ്റിനാണ് ഏറ്റവും അധികം വില. ഫൈനല്‍ മത്സരങ്ങളുടെ ടിക്കറ്റുകള്‍ക്ക് 30,000 മുതല്‍ 60,000 രൂപ വരെയാണ് വില, ബ്രസീലിലെ മുതിര്‍ന്ന പൗരന്മാര്, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കൊക്കെ 5,000 രൂപയ്ക്ക് ടിക്കറ്റ് ലഭിയ്ക്കും. ആദ്യ മത്സരങ്ങള്‍ നടക്കുന്നത് സാവോ പോളോയിലാണ്. 14,000 രൂപ മുതല്‍ 34,000 രൂപ വരെയാണ് ഓപ്പണിംഗ് മത്സരങ്ങളുടെ ടിക്കറ്റ് നിരക്ക്. എന്നാല്‍ ബ്രസീലുകാര്‍ക്ക് 2,500 രൂപയ്ക്കും 5,000 രൂപയ്ക്കും ടിക്കറ്റുകള്‍ ലഭിയ്ക്കും. 44 മത്സരങ്ങളാണ് നടക്കുന്നത്.