സാവോപോളോ: ഗ്രൂപ്പ് ബി വീണ്ടും മാരക പോരാട്ടങ്ങള്‍ക്ക് ഒരുങ്ങുന്നു. ആദ്യമത്സരത്തിലെ ഞെട്ടല്‍ മറക്കാനായി ലോകചാമ്പ്യന്മാരായ സ്‌പെയിന്‍ ചിലിക്കെതിരെ ഇറങ്ങുമ്പോള്‍ ഹോളണ്ടിന് ഓസ്‌ട്രേലിയയാണ് എതിരാളികള്‍. ചിലിക്കെതിരെ തോറ്റാല്‍ സ്‌പെയിന്‍ ലോകകപ്പില്‍ നിന്നും പുറത്താകും. രണ്ടാം ജയത്തോടെ ചിലി പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷ സജീവമാക്കും.
ചിലിക്കെതിരെ ആദ്യ കളിയില്‍ തോറ്റ ഓസ്‌ട്രേലിയയാണ് തകര്‍പ്പന്‍ ഫോമിലുള്ള ഹോളണ്ടിന് എതിരാളികള്‍. ആദ്യ ജയത്തിന്റെ ഉശിര് കൈവിടാതിരിക്കാനാരും ഓറഞ്ച് പടയുടെ ശ്രമം. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ആദ്യകളിയില്‍ ഹോളണ്ട് സ്‌പെയിനിനെ നിശബ്ദരാക്കിയത്. അമ്മാതിരി ഒരു കളി കൂടി ഹോളണ്ട് പുറത്തെടുത്താല്‍ കംഗാരുക്കള്‍ പരുങ്ങും.

അപ്രതീക്ഷിതമായ മാറ്റങ്ങള്‍ ടീമിലുണ്ടാകില്ലെന്നാണ് സ്പാനിഷ് കോച്ച് വിന്‍സെന്റ് ഡെല്‍ബോക്‌സ് നല്‍കുന്ന സൂചന. മാറ്റുകയാണെങ്കില്‍ ആദ്യം മാറ്റേണ്ടത് ക്യാപ്റ്റനും ഗോള്‍ കീപ്പറുമായ ഐകര്‍ കാസിയസിനെയാണ്. ആദ്യ കളിയില്‍ പതറിയ ജെറാഡിനും ഡീഗോ കോസ്റ്റയ്ക്കും ചിലപ്പോള്‍ പുറത്തിരിക്കേണ്ടി വന്നേക്കും. ആക്രമണത്തിന് ഫാബ്രിഗ്രാസിനെ കൂടി കൊണ്ടുവന്നാല്‍ സ്‌പെയിന്‍ നിര ഒന്നുണരും.
സ്‌പെയിന്‍ വലിയ ടീമാണെങ്കിലും ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ നേടിയ വിജയം ചിലിയെ ആത്മവിശ്വാസത്തിലാക്കിയിട്ടുണ്ട്. ഹോളണ്ടിനെതിരെ സ്‌പെയിന്‍ പതറിയും ലാറ്റിനമേരിക്കന്‍ ടീമിന് പ്രതീക്ഷ നല്‍കുന്നു. മൂന്ന് പോയിന്റുകളോടെ ഹോളണ്ടും ചിലിയുമാണ് ഗ്രൂപ്പ് ബിയില്‍ മുന്നില്‍. ഇന്ത്യന്‍ സമയം രാത്രി 9.30 നാണ് ഹോളണ്ട് ഓസ്‌ട്രേലിയ മത്സരം. രാത്രി 12.30 ന് സ്‌പെയിന്‍ - ചിലി കളി.