റിയോ ഡി ജെനീറോ: ലോകകപ്പ് ഫുട്‌ബോളില്‍ തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ട് മുന്‍ ചാമ്പ്യന്മാരായ അര്‍ജന്റീന ഇറങ്ങുന്നു. ഗ്രൂപ്പ് എഫില്‍ അവസാന കളിയില്‍ അര്‍ജന്റീനയ്ക്ക് ആഫ്രിക്കന്‍ കരുത്തരായ നൈജീരിയയാണ് എതിരാളികള്‍. രണ്ട് കളികളിലും ഓരോ ഗോളടിച്ച് ക്യാപ്റ്റന്‍ ലയണല്‍ മെസിയാണ് അര്‍ജന്റീനയെ മുന്നില്‍ നിന്നും നയിക്കുന്നത്. മെസി തന്നെയാണ് ടീമിന്റെ ടോപ് സ്‌കോററും.
അര്‍ജന്റീനയ്ക്ക് പിന്നില്‍ നാല് പോയിന്റോടെ നൈജീരിയയാണ് ഗ്രൂപ്പില്‍ രണ്ടാമത്. ആറ് പോയിന്റോടെ അര്‍ജന്റീന പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചുകഴിഞ്ഞു. അര്‍ജന്റീനയ്‌ക്കെതിരെ ജയിച്ചാല്‍ നൈജീരിയയ്ക്ക് പ്രീ ക്വാര്‍ട്ടറിലെത്താം. ഏഷ്യന്‍ പ്രതീക്ഷകളുമായി ഇറാനും ഇന്നിറങ്ങുന്നുണ്ട്. ബോസ്‌നിയയ്്‌ക്കെതിരെ മികച്ച ഗോള്‍ ശരാശരിയില്‍ ജിയക്കുകയും നൈജീരിയ അര്‍ജന്റീനയോട് തോല്‍ക്കുകയും ചെയ്താല്‍ ഇറാന് പ്രതീക്ഷയ്ക്ക് വകയുണ്ട്.

ഇ ഗ്രൂപ്പില്‍ അര്‍ജന്റീനയുടെ അതേ അവസ്ഥയില്‍ ഫ്രാന്‍സാണ്. രണ്ട് കളികളില്‍ നിന്നും ആറ് പോയിന്റുണ്ട് ഫ്രാന്‍സിന്. ഇക്വഡോറിനോടാണ് ഫ്രാന്‍സിന്റെ കളി. ഇക്വഡോറിനെ തോല്‍പിച്ചാല്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഫ്രാന്‍സിന് പ്രീ ക്വാര്‍ട്ടറില്‍ കടക്കാം. ഇക്വഡോറിനും സ്വിറ്റ്‌സര്‍ലന്‍ഡിനും ഗ്രൂപ്പില്‍ മൂന്ന് പോയിന്റുകള്‍ വീതമുണ്ട്. ഇക്വഡോറും സ്വിസും വന്‍ മാര്‍ജിനില്‍ ജയിക്കുകയാണെങ്കില്‍ ചിലപ്പോള്‍ ഫ്രഞ്ച് ടീം പുറത്തുപോയി എന്നും വരും.
ഗ്രൂപ്പ് ഇയിലെ ഇത്തിരിക്കുഞ്ഞന്മാരായ ഹോണ്ടുറാസ് ലോകകപ്പില്‍ നിന്നും പുറത്തായിക്കഴിഞ്ഞു. സ്വിറ്റ്‌സര്‍ലന്‍ഡ് ഹോണ്ടുറാസിനെ തോല്‍പിച്ച് പ്രീ ക്വാര്‍ട്ടറിലെത്താനാണ് സാധ്യത. ഇന്ത്യന്‍ സമയം 9.30 നാണ് അര്‍ജന്റീന - നൈജീരിയ കളി. ഇറാന്‍ - ബോസ്‌നിയ കളിയും അതേസമയം നടക്കും. ഗ്രൂപ്പ് ഇയിലെ കളികള്‍ ഇന്ത്യന്‍ സമയം രാത്രി 1.30നാണ്.