Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്‌പെയിനിനെതിരേ ഹോളണ്ടിന് തകര്‍പ്പന്‍ ജയം

സാല്‍വദോര്‍: ഹോളണ്ടിനെതിരേ ഇനിസ്റ്റ നേടിയ ഒരൊറ്റ ഗോളിന്റെ മികവില്‍ കിരീടവുമായി സ്‌പെയിന്‍ മടങ്ങിയ ദക്ഷിണാഫ്രിക്കന്‍ കഥ ഇനി നമുക്ക് മറക്കാം. ബ്രസീല്‍ ലോകകപ്പിലെ ഗ്രൂപ്പ് ബിയില്‍ നടന്ന 'ഫൈനല്‍ തനിയാവര്‍ത്തന'ത്തില്‍ ഒന്നിനെതിരേ അഞ്ചു ഗോളുകളാണ് ഓറഞ്ച് പട എതിര്‍ ഗോള്‍മുഖത്ത് അടിച്ചു കയറ്റിയത്. രണ്ടു ഗോളുകള്‍ വീതം നേടിയ ആര്യന്‍ റോബനും റോബിന്‍ വാന്‍ പേഴ്‌സിയ്ക്കും ഇത് മധുരപ്രതികാരത്തിന്റെ മത്സരം കൂടിയായിരുന്നു.

ആദ്യ ഗോള്‍ സ്‌പെയിനിന്റെ വകയായിരുന്നു. തുരുപ്പ് ശീട്ടാകുമെന്ന് കരുതിയിരുന്ന അത്‌ലറ്റികോ മാഡ്രിഡിന്റെ സൂപ്പര്‍താരം ഡീഗോ കോസ്റ്റയുടെ തണുപ്പന്‍ നീക്കങ്ങള്‍ തുടക്കത്തില്‍ തന്നെ കല്ലുകടിയുണ്ടാക്കി. ബോള്‍ കണക്ട് ചെയ്യുന്നതിലും റിലീസ് ചെയ്യുന്നതിലും മുന്നേറ്റ നിര കാണിച്ച അമാന്തം ചാംപ്യന്മാര്‍ക്ക് തിരിച്ചടിയായി. പെനല്‍റ്റി ബോക്‌സിനുള്ളില്‍ വെച്ച് ഫെയ്‌നൂര്‍ഡ് താരം സ്റ്റീഫന്‍ ഡി വിര്‍ജ്‌ കോസ്റ്റയെ വീഴ്ത്തിയതിനെ തുടര്‍ന്ന് 28ാം മിനിറ്റില്‍ സ്‌പെയിനിന് അനുകൂലമായ പെനല്‍റ്റി. കിക്കെടുത്ത റയല്‍ മാഡ്രിഡ് താരം സാബി അലോന്‍സോയ്ക്ക് പിഴച്ചില്ല. സ്‌കോര്‍: 1-0.

Holland Team

എന്നാല്‍ ഒന്നാം പകുതി അവസാനിക്കാന്‍ ഒരു മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ നായകന്‍ റോബിന്‍ വാന്‍ പേഴ്‌സിയില്‍ നിന്നും അതി മനോഹരമായ ആ ഗോള്‍ പിറന്നു. ഒരു പക്ഷേ, ലോകകപ്പിലെ ഏറ്റവും മികച്ച ഹെഡ്ഡറുകളിലൊന്ന്. അജാക്‌സ് താരം ഡാലെ ബ്ലൈന്‍ഡ് നല്‍കിയ ലോങ് പാസ് പെനറ്റി ബോക്‌സിനരികിലേക്ക് ഓടിയിറങ്ങിയ വാന്‍പേഴ്‌സിയുടെ ഡൈവിങ് ഹെഡ്ഡര്‍. സൂപ്പര്‍ ഗോളി ഐകര്‍ കാസിലസ്സിന്റെ തലയ്ക്ക് മുകളിലൂടെ പന്ത് വലയ്ക്കുള്ളില്‍. സ്‌കോര്‍: 1-1.

52ാം മിനിറ്റില്‍ ആര്യന്‍ റോബനിലൂടെ ഹോളണ്ട് ലീഡ് നേടി. ആദ്യ ബോളിന് സമാനമായി തന്നെയായിരുന്നു രണ്ടാം ഗോളും. പെനല്‍റ്റി ബോക്‌സിനരികിലേക്ക് ഊര്‍ന്നിറങ്ങിയ പന്ത് സ്വീകരിച്ച റോബന്‍ രണ്ട് പ്രതിരോധഭടന്മാരെയും മറികടന്ന് പന്ത് ഇടംകാലുകോണ്ട് പോസ്റ്റിലേക്ക് അടിച്ചു കയറ്റുമ്പോള്‍ റയല്‍ മാഡ്രിഡിന്റെ ഗോള്‍വല കാക്കുന്ന കാസിലസ് പൊസിഷനില്‍ പോലും എത്തിയിരുന്നില്ലെന്നതാണ് സത്യം.

65ാം മിനിറ്റില്‍ പത്താം നമ്പര്‍ താരം വെസ്‌ലി സ്‌നെഡ്ജറാണ് മൂന്നാം ഗോളിന് വഴി മരുന്നിട്ടത്. തുര്‍ക്കി ടീമായ ഗളതസരയുടെ മിഡ്ഫീല്‍ഡര്‍ ഇടതു ഭാഗത്തും പോസ്റ്റിന്റെ വലതുമൂലയിലേക്ക് പായിച്ച ലോങ് ഷോട്ട് പോസ്റ്റിനുള്ളിലെത്തിക്കാന്‍ ഡി വ്രിജിന് അധികം ആയാസപ്പെടേണ്ടി വന്നില്ല. സ്‌കോര്‍: 3-1.

72ാം മിനിറ്റില്‍ അവിശ്വസനീയമായ മറ്റൊരു ഗോള്‍. കാസിലസ് എന്ന സൂപ്പര്‍ ഗോളിയ്ക്ക് പറ്റിയ പിഴവ്. പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ വരുത്തി പിഴവ് മുതലാക്കി പന്ത് തട്ടിയെടുത്ത വാന്‍ പേഴ്‌സിക്ക് പിഴച്ചില്ല. സ്‌കോര്‍: 4-1.

അടുത്ത ഊഴം ആര്യന്‍ റോബന്റെതായിരുന്നു. ലോങ് പാസില്‍ നിന്നു ലഭിച്ച പന്തുമായി അതിവേഗം മുന്നേറിയ ബയേണ്‍ മ്യൂണിക് താരം കാസിലസ്സിനെയും മറികടന്ന് പോസ്റ്റിലേക്ക് കുതിച്ചു. ഗോള്‍ മുഖത്ത് പ്രതിരോധം തീര്‍ത്ത രണ്ട് സ്പാനിഷ് താരങ്ങളെ നിഷ്പ്രഭരാക്കി ഇടംകാലു കൊണ്ട് പോസ്റ്റിന്റെ വലതുമൂലയിലേക്ക് റോബന്റെ വെടിയുണ്ട കണക്കുള്ള ഷോട്ട് ഇടിച്ചു കയറി. സ്‌കോര്‍: 5-1.

വെള്ളിയാഴ്ച ആദ്യമത്സരത്തില്‍ മെക്‌സിക്കോ ഏകപക്ഷീയമായ ഒരു ഗോളിന് കാമറൂണിനെ തോല്‍പ്പിച്ചു. ഗ്രൂപ്പ് എയിലെ രണ്ടാം മത്സരമായിരുന്നു ഇത്. ആദ്യ മത്സരത്തില്‍ ബ്രസീല്‍ 3-1ന് ക്രൊയേഷ്യയെ തോല്‍പ്പിച്ചിരുന്നു. 61ാം മിനിറ്റില്‍ പരെല്‍റ്റയാണ് മെക്‌സിക്കോയ്ക്ക് വേണ്ടി ഗോള്‍ നേടിയത്. ഗ്രൂപ്പ് ബിയിലെ രണ്ടാമത്തെ മത്സരം ചിലിയും ആസ്‌ത്രേലിയയും തമ്മിലാണ്.

Story first published: Saturday, June 14, 2014, 4:29 [IST]
Other articles published on Jun 14, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+