സിലിഗുഡി: സന്തോഷ് ട്രോഫിയുടെ ചരിത്രത്തില്‍ ആദ്യമായി മിസോറാം എന്ന കൊച്ചു സംസ്ഥാനം ഒന്നാം സ്ഥാനത്തിന്റെ പടവുകള്‍ ചവിട്ടിക്കയറി. അതികായന്‍മാരെ അട്ടിമറിച്ച് മിസോറാമിന്റെ കുറിയ മനുഷ്യര്‍ സന്തോഷ് ട്രോഫി കിരീടം വാനിലുയര്‍ത്തി.
മലയാളി കരുത്തുമായി ഇറങ്ങിയ റെയില്‍വേസിനെയാണ് മൂന്ന് ഗോളുകള്‍ക്ക് തറപറ്റിച്ച് മിസോറാം കിരീടം സ്വന്തമാക്കിയത്. മിസോറാം ആദ്യമായിട്ടായിരുന്നു സന്തോഷ് ട്രോഫിയുടെ ഫൈനലില്‍ എത്തിത്.

പരിചയ സമ്പന്നരായ റെയില്‍വേയുടെ പ്രകടനത്തെ അക്ഷരാര്‍ത്ഥത്തില്‍ നിഷ്പ്രഭമാക്കുന്നതായിരുന്നു മിസോറാമിന്റെ കളി. തുടക്കം മുതലേ ആക്രമണത്തിലൂന്നിയാണ് റെയില്‍വേസ് കളിച്ചതെങ്കിലും മിസോറാം കളിയിലെ മികവ് അവസാനം വരെ നിലനിര്‍ത്തി.
മിസോയുടെ താരമായ സീക്കോ സോറംസംഗയാണ് നിര്‍ണായകമായ രണ്ട് ഗോളുകള്‍ നേടിയത്. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും സോറംസംഗ ഗോള്‍ നേടി. ലാല്‍ റിന്‍പുയയാണ് മറ്റൊരു ഗോള്‍ നേടിയത്. ടൂര്‍ണമെന്റില്‍ മൊത്തം അഞ്ച് ഗോളുകള്‍ നേടിയ സോറംസംഗയാണ് ടോപ് സ്‌കോറര്‍. തമിഴ്‌നാടിന്റെ റീഗനും അഞ്ച് ഗോള്‍ നേടിയിട്ടുണ്ട്.
മലയാളികളായ റിജുവും രാജേഷും ആയിരുന്നു റെയില്‍വേയുടെ ആക്രമണ മുന. തുടക്കത്തില്‍ മിസോറാമിന്റെ പെനാള്‍ട്ടി പോസ്റ്റില്‍ റെയിവേയുടെ ആക്രമണമായിരുന്നു. പക്ഷേ ഒരു തവണപോലും ഗോള്‍ വഴങ്ങാന്‍ മിസോറാം തയ്യാറായില്ല.