കോഴിക്കോട്: സംസ്ഥാന സ്കൂള്‍ മീറ്റില്‍ എറണാകുളത്തിന് കിരീടം. സ്കൂള്‍ വിഭാഗത്തില്‍ കോതമംഗലം മാര്‍ ബേസില്‍ സ്കൂള്‍ കിരീടം തിരിച്ച് പിടിച്ചു. രണ്ടാമതുള്ള പാലക്കാട് പറളി സ്കൂളിനെ ഫോട്ടോഫിനിഷില്‍ പിന്തള്ളിയാണ് മാര്‍ ബേസിലിന്റെ കിരീട നേട്ടം.
10 സ്വര്‍ണവും 12 വെള്ളിയും 7 വെങ്കലവും ഉള്‍പ്പെടെ 91 പോയിന്റ് നേടിയാണ് മാര്‍ ബേസില്‍ കിരീടം ചൂടിയത്. രണ്ടാം സ്ഥാനത്തുള്ള പറളി സ്കൂളിന് 13 സ്വര്‍ണവും 8 വെള്ളിയും 8 വെങ്കലവും ഉള്‍പ്പെടെ 86 പോയിന്റാണ് ലഭിച്ചത്.
ജൂനിയര്‍ പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ അനുമോള്‍ തമ്പി വെള്ളി നേടിയതോടെയാണ് മാര്‍ ബേസില്‍ ചാമ്പ്യന്മാരായത്. കഴിഞ്ഞ തവണ ഒരു പോയിന്റിന് നഷ്ടമായ കിരീടമാണ് അഞ്ച് പോയിന്റ് വ്യത്യാസത്തില്‍ ഇത്തവണ മാര്‍ ബേസില്‍ തിരിച്ച് പിടിച്ചത്.
സംസ്ഥാന സ്കൂള്‍ കായിക മേളയുടെ അവസാന ദിവസമായ ചൊവ്വാഴ്ച ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. 241 പോയിന്റുമായി എറണാകുളം ജില്ല ഓവറോള്‍ ചാമ്പ്യന്മാര് ആയപ്പോള്‍, 229 പോയിന്റുമായി പാലക്കാട് തൊട്ടുപുറകില്‍ ഫിനിഷ് ചെയ്തു.
25 സ്വര്‍ണം 28 വെള്ളി 18 വെങ്കലം ഉള്‍പ്പെടെ 241 പോയിന്റോടെയാണ് എറണാകുളം ചാമ്പ്യന്‍ പട്ടം നിലനിര്‍ത്തിയത്. 24 സ്വര്‍ണം 24 വെള്ളി 20 വെങ്കലം എന്നിങ്ങനെ 229 പോയിന്റാണ് പാലക്കാടിനുള്ളത്. 12 പോയിന്റിന്റെ വ്യത്യാസത്തിലാണ് എറണാകുളം ചാമ്പ്യന്മാരായത് എന്നത് ഓരോ മത്സരത്തിലേയും ആവേശ പോരാട്ടത്തെ എടുത്തു കാണിക്കുന്നുണ്ട്.