ഇഞ്ചിയോണ്‍ : ഏഷ്യന്‍ ഗെയിംസിന്റെ പത്താംദിനമായ തിങ്കളാഴ്ച മലയാളിക്കരുത്തില്‍ ഇന്ത്യ വെങ്കലം നേടി. 1500 മീറ്റര്‍ ഓട്ടത്തില്‍ മലയാളി താരം ഒ.പി. ജെയ്ഷയാണ് നേട്ടം കരസ്ഥമാക്കിയത്.
4:13:46 സെക്കന്റിലാണ് ജെയ്ഷ മൂന്നാമതായി ഫിനിഷ് ചെയ്തത്. ആദ്യ 800 മീറ്റര്‍ വരെ ജെയ്ഷയാണ് മുന്നിട്ടുനിന്നത്. എന്നാല്‍ പിന്നീട് ബഹ്‌റൈന്റെ ബെലെറ്റെ മിമി ലീഡ് ചെയ്യുകയായിരുന്നു. ഏഷ്യന്‍ ഗെയിംസില്‍ ജെയ്ഷ നേടുന്ന രണ്ടാമത്തെ വെങ്കലമാണിത്. 2006ല്‍ ദോഹ ഗെയിംസില്‍ 5000 മീറ്ററില്‍ ജെയ്ഷ വെങ്കലം നേടിയിരുന്നു. 4:17:12 സെക്കന്റില്‍ ഓടിയെത്തിയ മലയാളി താരം സിനി മാര്‍ക്കോസ് അഞ്ചാമതായി.

ടെന്നീസ് കോര്‍ട്ടില്‍ സ്വര്‍ണ്ണം നേടാനുളള മോഹം ഇന്ത്യയ്ക്ക് പൂവണിയിക്കാനായില്ല. ടെന്നീസില്‍ പുരുഷന്മാരുടെ ഡബിള്‍സില്‍ നേടിയ വെളളിയാണ് തിങ്കളാഴ്ച ഇന്ത്യയ്ക്ക് ആശ്വാസത്തിന് വക നല്‍കിയത്. സനം സിങ്- സാകേത് സായി സഖ്യമാണ് വെളളി നേടിക്കൊടുത്തത്. ദക്ഷിണ കൊറിയയുടെ ഹ്യോണ്‍ ചുങ് -യോങ്ക്യു ലിങ് സഖ്യത്തിനാണ് സ്വര്‍ണ്ണം. ഇഞ്ചോണില്‍ ടെന്നീസില്‍ ഇന്ത്യ നേടുന്ന നാലാമത്തെ മെഡലാണിത്. 7-5,7-6,7-2 സെറ്റുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെട്ടത്. കഴിഞ്ഞ തവണ ഗ്വാങ്ഷുവില്‍ നടന്ന മത്സരത്തില്‍ ഈയിനത്തില്‍ ഇന്ത്യയ്ക്കായിരുന്നു സ്വര്‍ണ്ണം. സനംസിങ്ങും സോംദേവ് ദേവ് വര്‍മ്മനും ചേര്‍ന്നാണ് അന്ന് സ്വര്‍ണ്ണം നേടിയത്.
പുരുഷന്മാരുടെ 61 കിലോഗ്രാം ഗുസ്തിയില്‍ ബജ്‌രംഗ് നേടിക്കൊടുത്ത വെളളിയാണ് ഇന്ത്യയുടെ മറ്റൊരു നേട്ടം. ഇറാന്റെ മസൗദ് എസ്മയിലിനോട് നേരിയ വ്യത്യാസത്തിലാണ് ബജ് രംഗ് പരാജയപ്പെട്ടത്. സ്‌കോര്‍ 1-3. നര്‍സിങ് യാദവിനാണ് വെങ്കലം.
നാല് സ്വര്‍ണ്ണവും ഏഴ് വെളളിയും 28 വെങ്കലവുമടക്കം 39 മെഡലുകള്‍ നേടിയിട്ടുളള ഇന്ത്യയിപ്പോള്‍ മത്സരത്തില്‍ പതിനൊന്നാം സ്ഥാനത്താണുളളത്.