ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടക്കുന്ന പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ നാലു വെങ്കലം കൂടി സ്വന്തമാക്കി. വുഷുവില്‍ ഇന്ത്യയുടെ നാല് താരങ്ങളും സെമിയില്‍ തോറ്റതോടെയാണ് വെങ്കലം ലഭിച്ചത്. പുരുഷന്മാരുടെ 65 കിലോഗ്രാം വിഭാഗത്തില്‍ നരേന്ദ്രര്‍ ഗ്രെവാള്‍, 60 കിലോഗ്രാം വിഭാഗത്തില്‍ സുര്യ സിങ്, 56 കിലോഗ്രാം വിഭാഗത്തില്‍ സന്തോഷ് കുമാര്‍, 60 കിലോഗ്രാം വനിതാ വിഭാഗത്തില്‍ നയോരം ദേവി എന്നിവരാണ് വെങ്കല മെഡല്‍ നേടിയത്.

ഗെയിംസിന്റെ നാലാം ദിനം ഇന്ത്യ ഒരു സ്വര്‍ണ മെഡല്‍കൂടി നേടിയിരുന്നു. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ഇനത്തില്‍ രാഹി ജീവന്‍ സര്‍ണോബത് ആണ് മെഡല്‍ നേടിയത്. തായ്ലന്‍ഡിന്റെ നഫാസ്വാന്‍ യങ്പായ്ബൂണ്‍ ഈ ഇനത്തില്‍ വെള്ളി നേടി. കൊറിയയുടെ മിന്‍ജുങ്ങിനാണ് വെങ്കലം. അതേസമയം, സ്വര്‍ണ പ്രതീക്ഷയായിരുന്ന മനു ഭാക്കര്‍ ഇതേ ഇനത്തില്‍ അഞ്ചാം സ്ഥാനത്തായി.
ഇതോടെ നാലു സ്വര്‍ണവും മൂന്ന് വെള്ളിയും 8 വെങ്കലവും ഉള്‍പ്പെടെ ഇന്ത്യയ്ക്ക് 15 മെഡലുകളായി. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ലീഡ് നേടിയിരുന്ന രാഹി അവസാനമാകുമ്പോഴേക്കും പിന്നിലായെങ്കിലും തുടര്‍ച്ചയായ രണ്ടു ടൈബ്രേക്കറില്‍ അന്തിമ വിജയം നേടുകയായിരുന്നു. നേരത്തെ, ഗെയിംസിന്റെ മൂന്നാംദിനം പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ പതിനാറുകാരന്‍ സൗരഭ് ചൗധരി ഏഷ്യന്‍ ഗെയിംസിലെ അരങ്ങേറ്റത്തില്‍ തന്നെ സ്വര്‍ണം നേടിയിരുന്നു.
ഗെയിംസില്‍ ഇന്ത്യ ആകെ നേടിയ നാലു സ്വര്‍ണത്തില്‍ രണ്ടെണ്ണവും ഗുസ്തിയിലൂടെയായിരുന്നു. വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ വിനേഷ് ഫോഗട്ട്, 65 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ വിഭാഗത്തില്‍ ബജ്രംഗ് പൂണിയ എന്നിവരാണ് സ്വര്‍ണം നേടിയ മറ്റുള്ളവര്‍. പുരുഷ വിഭാഗം ട്രാപ്പ് ഷൂട്ടിങില്‍ ലക്ഷയ് ഷെറോണ്‍, 10 മീറ്റര്‍ റൈഫിള്‍ ഇനത്തില്‍ ദീപക് കുമാര്‍ എന്നിവര്‍ വെള്ളിയും നേടി.