ആദ്യകളി ഇറ്റലിയും കോസ്റ്റാറിക്കയും തമ്മില്‍. രണ്ടാമത്തെ കളി ഫ്രാന്‍സും സ്വിറ്റ്‌സര്‍ലാന്‍ഡും തമ്മില്‍. പ്രമുഖ ടീമുകള്‍ പുറത്തായിക്കൊണ്ടിരിക്കുന്ന ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറെങ്കിലും ഉറപ്പിക്കാനാകും ഇന്ന് മുന്‍ ചാമ്പ്യന്മാരായ ഇറ്റിയുടെയും ഫ്രാന്‍സിന്റെയും ശ്രമം. ആദ്യ കളികളില്‍ ജയിച്ച ഇറ്റലിക്കും ഫ്രാന്‍സിനും ഇന്ന് ജയിച്ചാല്‍ പ്രീ ക്വാര്‍ട്ടറിലെത്താം.
മരണഗ്രൂപ്പായ ഡിയിലെ ഒന്നും രണ്ടും സ്ഥാനക്കാരാണ് കോസ്റ്റാറിക്കയും ഇറ്റലിയും. ആദ്യ കളിയില്‍ കോസ്റ്റാറിക്ക ഉറുഗ്വായെ തോല്‍പിച്ചപ്പോള്‍ ഇറ്റലിയുടെ ജയം ഇംഗ്ലണ്ടിനെതിരെയായിരുന്നു. മൂന്നും നാലും സ്ഥാനങ്ങളിലുള്ള ഉറുഗ്വേയ്ക്കും ഇംഗ്ലണ്ടിനും ഇന്നത്തെ കളിയില്‍ ഒരു കണ്ണുണ്ട്. ഇന്ന് ഇറ്റലി തോറ്റാല്‍ ഇംഗ്ലണ്ടിന്റെ വഴി ഇതോടെ അടയും. മറിച്ച് ഇറ്റലി കോസ്റ്റാറിക്കയെയും ഉറുഗ്വേയെയും തോല്‍പിച്ചാല്‍ ഇംഗ്ലണ്ടിന് നേരിയ പ്രതീക്ഷയുണ്ട്.

ഗ്രൂപ്പ് ഇയില്‍ ഫ്രാന്‍സ് ഒരു ജയത്തോടെ ഗ്രൂപ്പ് ജേതാക്കളാണ്. ഹോണ്ടുറാസിനെതിരെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് മുന്‍ ചാമ്പ്യന്മാര്‍ ഹോണ്ടുറാസിനെ തകര്‍ത്തത്. ഇക്വഡോറിനെ തോല്‍പിച്ച സ്വിറ്റ്‌സര്‍ലന്‍ഡിനും മൂന്ന് പോയിന്റുണ്ട്. ഫ്രാങ്ക് റിബറിയില്ലെങ്കിലും പകരക്കാരന്‍ ഗ്രീസ്മാന്‍ ഫോമിലെത്തിയത് ഫ്രഞ്ച് കോച്ച് ദിദിയില്‍ ദഷാംപ്‌സിന് ആശ്വാസമാകുന്നു.
ഈ ഗ്രൂപ്പിലെ കുഞ്ഞന്മാരായ ഇക്വഡോറും ഹോണ്ടുറാസുമാണ് ഇന്ന് കളത്തിലിറങ്ങുന്ന മറ്റ് രണ്ട് ടീമുകള്‍. ആദ്യകളിയില്‍ ഫ്രാന്‍സിനോട് തോററ ഹോണ്ടുറാസിനും സ്വിറ്റ്‌സര്‍ലന്‍ഡിനോട് തോറ്റ ഇക്വഡോറിനും മുന്നോട്ട് പോകാന്‍ ഇന്ന ജയിച്ചേ തീരൂ. ഇന്ത്യന്‍ സമയം രാത്രി ഒമ്പതരയ്ക്കാണ് ഇറ്റലി - കോസ്റ്റാറിക്ക കളി. ഫ്രാന്‍സ് - സ്വിസ് മത്സരം രാത്രി 12.30 നും ഇക്വഡോര്‍ - ഹോണ്ടുറാസ് കളി 3.30നുമാണ്.