
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കു വേണ്ടി ബോക്‌സിങില്‍ ഒരു മെഡല്‍ ഉറപ്പിച്ചിരിക്കുകയാണ് അമിത് പംഗല്‍. പുരുഷന്‍മാരുടെ 51 കിഗ്രാം വിഭാഗത്തില്‍ സെമി ഫൈനലില്‍ കടന്നതോടെയാണ് അദ്ദേഹം മെഡലുറപ്പാക്കിയിരിക്കുന്നത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്‌കോട്ട്‌ലാന്‍ഡ് താം ലെനന്‍ മ്യുള്ളിഗനെ തകര്‍ത്താണ് പംഗല്‍ സെമിയിലേക്കു മുന്നേറിയത്. 2018ല്‍ ഗോള്‍ഡ്‌കോസ്റ്റില്‍ നടന്ന കഴിഞ്ഞ ഗെയിംസിലെ വെള്ളി മെഡല്‍ ജേതാവ് കൂടിയാണ് അദ്ദേഹം.
കാര്യമായ വെല്ലുവിളിയില്ലാതെയാണ് മ്യുള്ളിഗനെതിരേ പംഗല്‍ ജയിച്ചുകയറിയത്. 5-0നായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം. പ്രതീക്ഷിച്ചതു പോലെ ഒരു വീറുറ്റ പോരാട്ടമായിരുന്നില്ല ഇത്. 26 കാരനായ പംഗല്‍ തന്നേക്കാള്‍ പ്രായം കുറഞ്ഞ എതിരാളിയെ ശക്തമായ പ്രതിരോധത്തിലൂടെയാണ് വീഴ്ത്തിയത്. ഡിഫന്‍സീവ് ഗെയിം കളിച്ച പംഗല്‍ ചില അതിവേഗ കൗണ്ടര്‍ അറ്റാക്കുകളിലൂടെയാണ് പോയിന്റുകള്‍ നേടിയെടുത്തത്. ചില ഇംകൈയന്‍ ഇടികളിലൂടെയും 20 കാരനായ സ്‌കോട്ടിഷ് താരത്തിന്റെ താളം തെറ്റിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു.
ഈ ഗെയിംസില്‍ ബോക്‌സിങില്‍ മെഡലുറപ്പാക്കിയ ഇന്ത്യയുടെ നാലാമത്തെ താരം കൂടിയാണ് പംഗല്‍. നേരത്തേ 50 കിഗ്രാമില്‍ വനിതാ താരം നിഖാത് സറീന്‍, 48 കിഗ്രാമില്‍ നീതു ഗംഖാസ്, പുരുഷ വിഭാഗം 57 കിഗ്രാമില്‍ മുഹമ്മദ് ഹുസ്സാമുദ്ദീന്‍ എന്നിവരും സെമി ഫൈനലിലെത്തി മെഡലുറപ്പാക്കിയിട്ടുണ്ട്.

പംഗലിനു പിറകെ വനിതകളില്‍ ഇന്ത്യയുടെ ജയ്‌സ്മിന്‍ ലംബോറിയയും സെമി ഫൈനലിലേക്കു മുന്നേറി മറ്റൊരു മെഡല്‍ കൂടി ഉറപ്പാക്കിയിരിക്കുകയാണ്. വനിതകളുടെ 60 കിഗ്രാം ലൈറ്റ് വെയ്റ്റ് വിഭാഗത്തില്‍ ന്യൂസിലാന്‍ഡിന്റെ ട്രോയ് ടാര്‍ട്ടനെയാണ് ജയ്‌സ്മിന്‍ 4-1നു തോല്‍പ്പിച്ചത്. പുരുഷന്‍മാരുടെ 92 പ്ലസ് കിഗ്രാം വിഭാഗത്തില്‍ സാഗര്‍ അഹ്ലാവത്താണ് സെമി ഫൈനലില്‍ ഇടം നേടി ഇന്നു മെഡലുറപ്പാക്കിയ മൂന്നാമത്തെ ഇന്ത്യന്‍ ബോക്‌സര്‍. സീഷെല്‍സിന്റെ കെഡ്ഡി ഇവാന്‍സിനെയാണ് സാഗര്‍ പരാജയപ്പെടുത്തിയത്. 22 കാരനായ ഹരിയാന താരം 5-0നു ഇവാന്‍സിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു.