റിയോ ഡി ജെനീറോ: ലോകചാമ്പ്യന്മാരായ സ്‌പെയിന്‍ ലോകകപ്പിന്റെ ആദ്യറൗണ്ടില്‍ പുറത്ത്. ഹോളണ്ടിന് പിന്നാലെ ചിലിയോടും ദയനീയമായി തോറ്റാണ് നിലവിലെ ചാമ്പ്യന്മാരായ സ്‌പെയിന്‍ ലോകകപ്പിനോട് വിട പറയുന്നത്. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ചിലി ചാമ്പ്യന്മാരെ കീഴടക്കിയത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ ഒരു കളി കൂടി സ്‌പെയിന് ബാക്കിയുണ്ട്. ഗ്രൂപ്പ് ബിയില്‍ ഹോളണ്ടും ചിലിയും പ്രീ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി.
കരുത്തരായ ഹോളണ്ടിനെ വേണമെങ്കില്‍ പിടിച്ചുനിര്‍ത്താം എന്ന് കാണിച്ചുകൊടുത്ത ശേഷമാണ് ടിം കാഹിലും കൂട്ടരും കീഴടങ്ങിയത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഹോളണ്ട് ഓസ്‌ട്രേലിയന്‍ വെല്ലുവിളി മറികടന്നത്. ഇരുപതാം മിനുട്ടില്‍ റോബനിലൂടെ ഹോളണ്ട് മുന്നിലെത്തിയെങ്കിലും തൊട്ടടുത്ത മിനുട്ടില്‍ കാഹിലിലൂടെ ഓസീസ് സമനില പിടിച്ചു. രണ്ടാം പകുതിയില്‍ ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് കംഗാരുക്കള്‍ തോല്‍വി വഴങ്ങിയത്.

സ്റ്റാര്‍ താരങ്ങളായ വാന്‍ പേഴ്‌സി, ആര്യന്‍ റോബന്‍ എന്നിവര്‍ ഹോളണ്ടിന് വേണ്ടി വീണ്ടും ഗോള്‍ നേടി. ഇരുവരുടെയും ഈ ലോകകപ്പിലെ മൂന്നാമത്തെ ഗോളുകളാണ് ഇത്. നേരത്തെ സ്‌പെയിനിനെതിരെ റോബനും വാന്‍ പേഴ്‌സിയും രണ്ട് ഗോളുകള്‍ വീതം നേടിയിരുന്നു. ചിലിക്കെതിരെയാണ് ഹോളണ്ടിന്റെ അടുത്ത കളി. ഗ്രൂപ്പ് ബിയിലെ ചാമ്പ്യന്മാരെ ഈ കളിയില്‍ അറിയാം.
ഗ്രൂപ്പ് ബിയിലെ മത്സരത്തില്‍ ആഫ്രിക്കന്‍ കരുത്തരായ കാമറൂണിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തോല്‍പിച്ച് ക്രൊയേഷ്യ വമ്പ് കാട്ടി. ആദ്യകളിയില്‍ ബ്രസീലിനെ വിറപ്പിച്ച് വിട്ട ക്രൊയേഷ്യയുടെ സര്‍വാധിപത്യമായിരുന്നു കാമറൂണിനെതിരെ. ഇരട്ടഗോള്‍ നേടിയ മാന്‍സുകിച്ചാണ് ക്രൊയേഷ്യയുടെ താരമായത്. തുടര്‍ച്ചയായി രണ്ടാം തോല്‍വി വഴങ്ങിയ കാമറൂണ്‍ ലോകകപ്പില്‍ നിന്നും പുറത്തായി.