ഏഷ്യന്‍ ഗെയിംസില്‍ ടെന്നീസില്‍ ഇന്ത്യ സുവര്‍ണ നേട്ടത്തിനരികെ. പുരുഷ വിഭാഗം ഡബിള്‍സിലാണ് ഇന്ത്യന്‍ സഖ്യം ഫൈനലിലേക്കു മുന്നേറിയിരിക്കുന്നത്. രാംകുമാര്‍ രാമനാഥന്‍- സാകേത് മൈനേനി ജോടിയാണ് ഡബിള്‍സില്‍ ഫൈനലില്‍ കടന്നിരിക്കുന്നത്. സെമി ഫൈനലില്‍ ഇന്ത്യന്‍ സഖ്യം ദക്ഷിണ കൊറിയയുടെ സിയോങ്ചാന്‍ ഹോങ്- സൂന്‍വൂ ക്വോന്‍ ജോടിയെ പരാജയപ്പെടുത്തുകയായിരുന്നു.
ആവേശകരമായ സെമി ഫൈനലില്‍ ആദ്യ സെറ്റ് കൈവിട്ട ശേഷമാണ് ശക്തമായ തിരിച്ചുവരവ് നടത്തി ഇന്ത്യന്‍ സഖ്യം ഫൈനലിലേക്കു ടിക്കറ്റെടുത്തത്. കൊറിയന്‍ ജോടി ആദ്യസെറ്റ് വളരെ അനായാസം 1-6നു കൈക്കലാക്കിയിരുന്നു. എന്നാല്‍ രാംകുമാര്‍- സാകേത് ജോടി വിട്ടുകൊടുത്തില്ല. അടുത്ത രണ്ടു സെറ്റുകളും ജയിച്ച് ഇന്ത്യന്‍ സഖ്യം ഫൈനലില്‍ കടക്കുകയായിരുന്നു. ചൈനീസ് തായ്‌പേയ് സഖ്യമാണ് ഫൈനലില്‍ ഇന്ത്യന്‍ ജോടിയുടെ എതിരാളികള്‍.

ടെന്നീസില്‍ മിക്‌സഡ് ഡബിള്‍സിലും ഇന്ത്യ മെഡല്‍ ഉറപ്പാക്കിയിട്ടുണ്ട്. ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ- റുതുജ ഭോന്‍സലെ സഖ്യമാണ് സെമി ഫൈനലില്‍ കടന്നിരിക്കുന്നത്. കസാക്കിസ്താന്റെ സിബെക്ക് ഖുലാംബയേവ- ഗ്രിഗറി ലൊമാകിന്‍ സഖ്യത്തെ 7-5, 6-3നു ഇന്ത്യന്‍ ജോടി പരാജയപ്പെടുത്തുകയായിരുന്നു.
ടേബിള്‍ ടെന്നീസില്‍ സിംഗിള്‍സ് വിഭാഗത്തില്‍ ഇന്ത്യയുടെ മൂന്നു താരങ്ങള്‍ വിജയത്തോടെ പ്രീക്വാര്‍ട്ടര്‍ ഫൈനലിലേക്കു ടിക്കറ്റെടുത്തു. പുരുഷ വിഭാഗത്തില്‍ ശരത് കമല്‍, ജി സത്യന്‍, വനിതകളില്‍ മനിക ബത്ര എന്നിവരാണ് അവസാന 16ല്‍ സ്ഥാനമുറപ്പിച്ചത്. 2018ലെ കഴിഞ്ഞ ഗെയിംസിലെ വെങ്കല മെഡല്‍ ജേതാവായ ശരത് കമല്‍ മാലദ്വീപിന്റെ മുഹമ്മദ് ഷിഫാന്‍ ഇസ്മായിലിനെയാണ് 11-9, 11-2, 11-7, 11-7നു തകര്‍ത്തുവിട്ടത്.
കഴിഞ്ഞ ഏഷ്യാഡില്‍ ടീമിനത്തില്‍ വെങ്കലം നേടിയ സത്യന്‍ സൗദി അറേബ്യന്‍ താരമായ തര്‍ക്കി ലാഫി അല്‍മുതയിരിയെയാണ് പരാജയപ്പെടുത്തിയത്. 11-5, 11-6, 11-9, 11-2 എന്ന സ്‌കോറിനായിരുന്നു സത്യന്റെ വിജയം.
വനിതകളില്‍ നേപ്പാളിന്റെ നബീത ശ്രേഷ്ടയായിരുന്നു മനിക ബത്രയുടെ എതിരാളി. വെറും 20 മിനിറ്റ് കൊണ്ട് 11-5, 11-4, 11-3, 11-2 എന്ന സ്‌കോറിനു എതിരാളിയെ ഇന്ത്യന്‍ സൂപ്പര്‍ താരം കെട്ടുകെട്ടിക്കുകയും ചെയ്തു. എന്നാല്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ മറ്റൊരു താരമായ ശ്രീജ അകൂല തോറ്റു പുറത്തായി. ഉത്തര കൊറിയയുടെ സോങ്യോങ് പ്യോനാണ് 6-11, 4-11, 13-15, 9-11നു ഇന്ത്യന്‍ താരത്തെ തകര്‍ത്തുവിട്ടത്.
പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ മാനവ് വികാസ് തക്കര്‍- മനുഷ് ഉല്‍പല്‍ഭായ് ഷായും ജി സത്യന്‍-ശരത് കമല്‍ സഖ്യവും പ്രീക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്. വനിതകളുടെ ഡബിള്‍സില്‍ ശ്രീജ - ദിവ്യ ചൈതാലെ സഖ്യവും സുതീര്‍ഥ മുഖര്‍ജി- അയ്ഹിക മുഖര്‍ജി സഖ്യവും പ്രീക്വാര്‍ട്ടറില്‍ ഇടം നേടി.
അതേസമയം, പുരുഷ വിഭാഗം ഫുട്‌ബോളില്‍ ഇന്ത്യയുടെ പോരാട്ടം പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ അവസാനിച്ചു. 13 വര്‍ഷങ്ങള്‍ക്കു നോക്കൗട്ട് റൗണ്ടിലേക്കു യോഗ്യത നേടിയ ഇന്ത്യയെ കരുത്തരായ സൗദി അറേബ്യയയാണ് പരാജയപ്പെടുത്തിത്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു സൗദിയുടെ വിജയം. ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയിലായിരുന്നു രണ്ടു ഗോളുകളും പിറന്നത്.