ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍വേട്ടയ്ക്കു തുടക്കമിട്ട് ഇന്ത്യ. രണ്ടു വെളളി മെഡലുകളാണ് ഇന്ത്യ തങ്ങളുടെ അക്കൗണ്ടിലേക്കു കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. വനിതകളുടെ ഷൂട്ടിങിലും പുരുഷ വിഭാഗം തുഴച്ചിലിലുമാണ് ഇന്ത്യയുടെ മെഡല്‍ നേട്ടം. 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ മെഹൂലി ഘോഷ്, റമിത ജിന്‍ഡാല്‍, ആഷി ചൗക്‌സെ എന്നിവരുള്‍പ്പെട്ട ടീമിനാണ് വെള്ളി.
തുഴച്ചിലില്‍ പുരുഷന്‍മാരുടെ കോക്‌സ്ലെസ് പെയര്‍ വിഭാഗത്തില്‍ ഇന്ത്യന്‍ ടീമിനു വെങ്കലം ലഭിച്ചിട്ടുണ്ട്. ബാബുല്‍ ലാല്‍ യാദവ്, ലേഖ് റാം എന്നിവരുള്‍പ്പെട്ട ടീമാണ് മൂന്നാംസ്ഥാനത്തു ഫിനിഷ് ചെയ്ത് രാജ്യത്തിനു മൂന്നാം മെഡല്‍ സമ്മാനിച്ചത്. കൂടാതെ വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ വ്യക്തിഗത വിഭാഗത്തില്‍ ഇന്ത്യയുടെ റമിത ജിന്‍ഡാല്‍ വെങ്കലവും സ്വന്തമാക്കി.

ഫൈനലില്‍ 1886.0 പോയിന്റ് നേടി ഇന്ത്യന്‍ ടീം രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്യുകയായിരുന്നു. ഈയിനത്തില്‍ ആതിഥേയരായ ചൈനയ്ക്കാണ് സ്വര്‍ണം. 189.6 പോയിന്റുമായി ഏഷ്യന്‍ റെക്കോര്‍ഡ് സ്ഥാപിച്ചാണ് അവര്‍ ഒന്നാമതെത്തിയത്.
തുഴച്ചിലില്‍ പുരുഷന്‍മാരുടെ ലൈറ്റ്‌വെയ്റ്റ് ഡബിള്‍ സ്‌കള്‍സ് വിഭാഗത്തിലാണ് ഇന്ത്യക്കു വെള്ളി ലഭിച്ചിരിക്കുന്നത്. അര്‍ജുന്‍ ലാല്‍ ജട്ട്- അരവിന്ദ് സിങ് എന്നിവരുള്‍പ്പെട്ട സഖ്യമാണ് വെള്ളിയിലേക്കു തുഴഞ്ഞു കയറിയത്. 6.28.18 എന്ന സമയം കൊണ്ടാണ് ഇന്ത്യന്‍ ടീം മല്‍സരം ഫിനിഷ് ചെയ്തത്.
കഴിഞ്ഞ മാസം നടന്ന ലോക ചാംപ്യന്‍ഷിപ്പില്‍ റമിത, മെഹൂലി, ആഷി എന്നിവരുള്‍പ്പെട്ട ഇതേ ടീം സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയിരുന്നു. അന്നു ചൈനയ്ക്കായിരുന്നു വെള്ളി. ലോക ചാംപ്യന്‍ഷിപ്പിലെ തകര്‍പ്പന്‍ പ്രകടനം മെഹൂലിക്കു ഒളിംപിക് യോഗ്യതയും നേടിക്കൊടുത്തിരുന്നു. വ്യക്തിഗത വിഭാതത്തില്‍ മൂന്നാംസ്ഥാനത്തു ഫിനിഷ് ചെയ്തതോടെയായിരുന്നു അന്നു ഇന്ത്യന്‍ താരം പാരീസ് ഒളിംപിക്‌സിനു ടിക്കറ്റെടുത്തത്.

അതേസമയം, പുരുഷ വിഭാഗം വോളി ബോളില്‍ ഇന്ത്യയുടെ സ്വപ്‌നതുല്യമായ കുതിപ്പിനു അവസാനമായിരിക്കുകയാണ്. ജപ്പാനോടാണ് ഇന്ത്യ 3-0ന്റെ പരാജയമേറ്റു വാങ്ങിയത്. 25-16, 25-18, 25-17 എന്ന സ്‌കോറുകള്‍ക്കായിരുന്നു ജപ്പാന്റെ വിജയം. നേരത്തേ നിലവിലെ വെള്ളി മെഡല്‍ ജേതാക്കളായ ദക്ഷിണ കൊറിയ (3-2), വെങ്കല മെഡല്‍ വിജയികളായ ചൈനീസ് തായ്‌പേയ് (3-0) എന്നിവര്‍ക്കു ഷോക്ക് നല്‍കിയ ഇന്ത്യക്കു പക്ഷെ ജപ്പാനെതിരേ പ്രകടനമാവര്‍ത്തക്കാനായില്ല.