ജക്കാര്‍ത്ത: ഇന്ത്യയുടെ ഷൂട്ടിങ് താരങ്ങളെല്ലാം ലോക നിലവാരത്തിലേക്ക് ഉയരുകയാണ്. ചെറു പ്രായത്തില്‍തന്നെ സീനിയര്‍ മത്സരങ്ങളില്‍ വിജയം നേടുന്നത് ശീലമാക്കിയ ഇന്ത്യയുടെ പുതിയ താരോദയമാണ് സൗരഭ് ചൗധരി. പതിനാറുവയസ് മാത്രമുള്ള താരം തന്റെ ആദ്യ സീനിയര്‍ ഗെയിംസില്‍ തന്നെ സ്വര്‍ണം നേടി അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.
മീററ്റിലെ കലിന ഗ്രാമത്തിലെ ഒരു കര്‍ഷക കുടുംബാംഗമാണ് സൗരഭിന്റേത്. അടുത്തിടെ ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ റെക്കോര്‍ഡിട്ട സൗരഭ് ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ അത് സ്വര്‍ണം തന്നെയായപ്പോള്‍ ഇന്ത്യയ്ക്ക് അഭിമാനിക്കാനുള്ള നിമിഷങ്ങളായി. മുന്‍ ലോക ചാമ്പ്യനെ അട്ടിമറിച്ചാണ് സൗരഭിന്റെ നേട്ടമെന്നതും പ്രത്യേകതയാണ്.
പതിനൊന്നാം ക്ലാസുകാരനായ സൗരഭ് ഭാഗപതിലെ അമിത് ഷിയോറന്റെ അക്കാദമിയിലാണ് പരിശീലനം തേടുന്നത്. പരിശീലനത്തിന് ശേഷം കുടുംബത്തെ സഹായിക്കുകയാണിഷ്ടമെന്ന് സൗരഭ് പറയുന്നു. നീണ്ട പരിശീലനത്തിനുശേഷം അധികം സമയമുണ്ടാകില്ലെങ്കിലും ഫാമിങ് ഏറെ ഇഷ്ടപ്പെടുന്നു. ഗ്രാമത്തില്‍ കുടുംബത്തെ സഹായിക്കുക ഏറെ താത്പര്യമുള്ള കാര്യമാണെന്നും താരം പറഞ്ഞു.
മത്സരത്തില്‍ യാതൊരു സമ്മര്‍ദ്ദവും ഉണ്ടായിരുന്നില്ല. തന്റെ തനതുരീതിയില്‍ ഉന്നംപിടിക്കുക മാത്രമാണ് ചെയ്തത്. സ്വര്‍ണം നേടാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും സൗരഭ് പറഞ്ഞു. ഏഷ്യന്‍ ഗെയിംസിന് പിന്നാലെ അടുത്തമാസം ലോക ചാമ്പ്യന്‍ഷിപ്പിലും താരം പങ്കെടുക്കുന്നുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ പതിനഞ്ചുകാരന് അനീഷ് ഭന്വാലയ്ക്കും, പതിനാറുകാരി മനു ഭാക്കര്‍ക്കൊപ്പം ഇന്ത്യയുടെ ഒളിമ്പിക്സ് പ്രതീക്ഷയായി സൗരഭും മാറിക്കഴിഞ്ഞു.