ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ ഇന്ത്യയ്ക്ക് മെഡല്‍. പ്രജ്നേഷ് ഗുണേശ്വരന് ഇന്ത്യയ്ക്കായി വെങ്കലം നേടി. സെമിയില്‍ ഉസ്ബക്കിസ്ഥാന് താരം ഇസ്റ്റോമിന് ഡെനിസിനോട് 2-6, 2-6 എന്ന നിലയില്‍ പ്രജ്നേഷ് തോറ്റതോടെയാണ് വെങ്കലമെഡലില്‍ ഒതുങ്ങിയത്. ടെന്നീസില്‍ ഇന്ത്യയുടെ മൂന്നാം മെഡലാണിത്.
നേരത്തെ പുരുഷ ഡബിള്‍സില്‍ ഇന്ത്യ സ്വര്‍ണം നേടിയിരുന്നു. ഇന്ത്യന്‍ താരങ്ങളായ രോഹന് ബോപണ്ണയും ദിവിജ് ശരണും ചേര്‍ന്ന സഖ്യം കസാഖിസ്ഥാന്റെ ഡെന്നിസ് യെവിസിയേവ് അലക്സാണ്ടര്‍ ബബ്ലിക് സഖ്യത്തെ 6-3, 6-4 എന്ന സ്കോറിന് തോല്‍പ്പിച്ചാണ് സ്വര്‍ണനേട്ടം സ്വന്തമാക്കിയത്. ഇന്ത്യയുടെ അങ്കിത റെയ്ന വനിതാ സിംഗിള്‍സില്‍ വെങ്കലവും നേടി.
ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ സമ്പാദ്യം 25 ആയി. ആറു സ്വര്‍ണവും അഞ്ച് വെള്ളിയും 14 വെങ്കലവും ഇന്ത്യ നേടിയിട്ടുണ്ട്. പുരുഷന്മാരുടെ തുഴച്ചിലില്‍ ക്വാഡ്രുപ്ലി സ്കള്‍സ് ടീം ഇനത്തില്‍ സവാരണ്‍ സിങ്, ദത്തു ഭൊക്കാനല്‍, ഓം പ്രകാശ്, സുഖ്മീത് സിങ് എന്നിവരടങ്ങിയ സംഘം സ്വര്‍ണം നേടിയിരുന്നു. പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ പതിനാറുകാരന് സൗരഭ് ചൗധരി, വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ഇനത്തില്‍ രാഹി ജീവന് സര്‍ണോബത് എന്നിവരും സ്വര്‍ണം നേടി. ഗെയിംസില്‍ ഇന്ത്യ നേടിയ സ്വര്‍ണത്തില്‍ രണ്ടെണ്ണം ഗുസ്തിയിലൂടെയായിരുന്നു. വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിനേഷ് ഫോഗട്ട്, 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിഭാഗത്തില്‍ ബജ്രംഗ് പൂണിയ എന്നിവരാണ് സ്വര്‍ണം നേടിയ മറ്റുള്ളവര്‍.