ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ രണ്ടു വെങ്കല മെഡല്‍ നേടി ഇന്ത്യയുടെ ബ്രിഡ്ജ് ടീം ചരിത്രമെഴുതി. ഇന്ത്യയുടെ പുരുഷ ടീമും മികസ്ഡ് ടീമുമാണ് വെങ്കലം സ്വന്തമാക്കിയത്. ഇതാദ്യമായാണ് ഏഷ്യന്‍ ഗെയിംസില്‍ ബ്രിഡ്ജ് ഉള്‍പ്പെടുത്തുന്നത്. ഇതോടെ, ഏഴു സ്വര്‍ണവും പത്ത് വെള്ളിയും 19 വെങ്കലവും ഉള്‍പ്പെടെ ഇന്ത്യയ്ക്ക് 36 മെഡലുകളായി.
പുരുഷന്മാരുടെ ടീം സെമിയില്‍ സിംഗപ്പൂരിനോടാണ് തോറ്റത്. മിക്സഡ് ടീം തായ്ലന്‍ഡിനോടും തോറ്റു. അതേസമയം, സൂപ്പര്‍ മികസ്ഡ് ടീം സെമിയില്‍ കടന്നില്ല. ജഗ്ഗി ശിവദാസിനി, രാജേശ്വര് തിവാരി, അജര്‍ ഖാരെ, രാജു തൊലാനി, ദെബാത്ര മജുംദാര്‍, സുമിത് മുഖര്‍ജി എന്നിവരുള്‍പ്പെട്ടതാണ് പുരുഷ ടീം. കിരണ്‍ നാദര്‍, ഹേമ ദിയോറ, ഹിമാനി ഖണ്ടേവാള്, മച്ചിരാജു സത്യനാരായണ, ഗോപിനാഥ് മന്ന, രാജീവ് ഖണ്ടേവാള് എന്നിവര്‍ മിക്സഡ് ടീമിലും ഉള്‍പ്പെടുന്നു. പുരുഷ ടീമിന്റെ ശരാശരി പ്രായം 52 ആണെങ്കില്‍ മിക്സഡ് ടീമിന്റേത് 57 ആണ്.
തജിന്ദര്‍പാല്‍ പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ കഴിഞ്ഞിദിവസം ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയിരുന്നു. ടെന്നീസ് പുരുഷ ഡബിള്‍സിലും ഇന്ത്യ സ്വര്‍ണം സ്വന്തമാക്കി. ഇന്ത്യന്‍ താരങ്ങളായ രോഹന് ബോപണ്ണയും ദിവിജ് ശരണും ചേര്‍ന്ന സഖ്യമാണ് സ്വര്‍ണനേട്ടം സ്വന്തമാക്കിയത്. പുരുഷന്മാരുടെ തുഴച്ചിലില്‍ ക്വാഡ്രുപ്ലി സ്കള്‍സ് ടീം ഇനത്തില്‍ സവാരണ്‍ സിങ്, ദത്തു ഭൊക്കാനല്‍, ഓം പ്രകാശ്, സുഖ്മീത് സിങ് എന്നിവരടങ്ങിയ സംഘവും സ്വര്‍ണം നേടി.
പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ പതിനാറുകാരന് സൗരഭ് ചൗധരി, വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ഇനത്തില്‍ രാഹി ജീവന് സര്‍ണോബത് എന്നിവരും സ്വര്‍ണം നേടി. ഗെയിംസില്‍ ഇന്ത്യ നേടിയ സ്വര്‍ണത്തില്‍ രണ്ടെണ്ണം ഗുസ്തിയിലൂടെയായിരുന്നു. വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിനേഷ് ഫോഗട്ട്, 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിഭാഗത്തില്‍ ബജ്രംഗ് പൂണിയ എന്നിവരാണ് സ്വര്‍ണം നേടിയ മറ്റുള്ളവര്‍.