ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് പത്താം ദിവസം ഇന്ത്യന്‍ കായിക താരങ്ങള്‍ മെഡല്‍ക്കൊയ്ത്ത് തുടരുന്നു. കുറാഷില്‍ വനിതകളുടെ 52 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യന്‍ താരം പിങ്കി ബല്‍ഹാര വെള്ളി മെഡല്‍ നേടി. ഇതേ ഇനത്തില്‍ മറ്റൊരു ഇന്ത്യന്‍താരം മാലാപ്രഭ യാദവ് വെങ്കലവും സ്വന്തമാക്കി. ഇതോടെ, ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 49 ആയി ഉയര്‍ന്നു. 9 സ്വര്‍ണവും 18 വെള്ളിയും 22 വെങ്കലവും ഇന്ത്യ നേടിയിട്ടുണ്ട്.
ഗെയിംസിന്റെ പത്താം ദിവസം പുരുഷന്മാരുടെ 800 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയുടെ മന്‍ജീത് സിങ്ങിന് സ്വര്‍ണം നേടിയിരുന്നു. ഇതേ ഇനത്തില്‍ മലയാളി കൂടിയായ ജിന്‍സണ്‍ ജോണ്‍സണ്‍ വെള്ളി നേടി. മൂന്നു വെള്ളി മെഡല്‍കൂടി ഇന്ത്യ പത്താംദിവസം സ്വന്തമാക്കിയിരുന്നു. അമ്പെയ്ത്ത് കോമ്പൗണ്ട് വിഭാഗത്തില്‍ ഇന്ത്യയുടെ പുരുഷ വനിതാ ടീമുകളും, ബാഡ്മിന്റണില്‍ പി വി സിന്ധുവുമാണ് വെള്ളി നേടിയത്. ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ ടേബിള്‍ ടെന്നീസ് ടീം ഗെയിംസില്‍ ഒരു മെഡല്‍ നേടുകയും ചെയ്തു. ഇന്ത്യയുടെ പുരുഷ ടീമാണ് വെങ്കലത്തിലൂടെ ഈ നേട്ടം കൈവരിച്ചത്.

ഇന്ത്യയുടെ സ്വര്‍ണ ജേതാക്കള്‍ ഇവരാണ്, ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്ര, പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ തേജീന്ദര്‍പാല്‍ സിങ്, ടെന്നീസ് പുരുഷ ഡബിള്‍സില്‍ രോഹന്‍ ബോപണ്ണ, ദിവിജ് ശരണും ചേര്‍ന്ന സഖ്യം, പുരുഷന്മാരുടെ തുഴച്ചിലില്‍ ക്വാഡ്രുപ്ലി സ്‌കള്‍സ് ടീം ഇനത്തില്‍ സവാരണ്‍ സിങ്, ദത്തു ഭൊക്കാനല്‍, ഓം പ്രകാശ്, സുഖ്മീത് സിങ് എന്നിവരടങ്ങിയ സംഘവും ഇന്ത്യയ്ക്കായി സ്വര്‍ണം നേടി.
കൂടാതെ, പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ പതിനാറുകാരന്‍ സൗരഭ് ചൗധരി, വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ഇനത്തില്‍ രാഹി ജീവന്‍ സര്‍ണോബത് എന്നിവരും വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിനേഷ് ഫോഗട്ട്, 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിഭാഗത്തില്‍ ബജ്‌രംഗ് പൂണിയ എന്നിവരും ഇന്ത്യയ്ക്കുവേണ്ടി സ്വര്‍ണം നേടി.